ഒറ്റപ്പാര്‍ട്ടിയുടെ ഏകാധിപത്യങ്ങളോട് സന്ധിയില്ലാത്ത സമരമുയര്‍ത്തിയ ആ പോരാട്ട ജീവിതത്തിന് ഒടുവില്‍ സ്വന്തം ജന്മരാജ്യം ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹം ഫ്രാന്‍സില്‍ അഭയം തേടിയത് പോലും ഏകാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചാണെന്ന് വി ഡി സതീശന്‍ എഴുതുന്നു. 

യിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ കമ്മ്യൂണിസ്റ്റ് റഷ്യയുടെ ഏകാധിപത്യ സ്വഭാവത്തെ വെല്ലുവിളിച്ച് ചെക്കോസ്ലോവാക്യന്‍ തെരുവുകളില്‍ പ്രാഗ് വസന്തത്തിന് തുടക്കം കുറിച്ച ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേരയ്ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോകത്തെ മാറ്റിമറിക്കാന്‍ മനുഷ്യന് കഴിയില്ലെന്നും അതിനെ പ്രതിരോധിക്കാന്‍ ലോകത്തെ ഗൗരവമായി കാണാതിരിക്കുകയെന്നും പറഞ്ഞ മിലന്‍ കുന്ദേരയുടെ തന്നെ വാക്കുകള്‍ കടമെടുത്താണ് വി ഡി സതീശന്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കുന്നത്. മറവിക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്‍റെ ചെറുത്തുനില്‍പ്പെന്ന കുന്ദേരയുടെ വിഖ്യാതമായ കുറിപ്പിനോടൊപ്പം അദ്ദേഹത്തിന്‍റെ പടം ചേര്‍ത്താണ് വിഡി സതീശന്‍, കുന്ദേരയ്ക്ക് ഓര്‍മ്മക്കുറിപ്പെഴുതിയത്. 

'ഇന്നലെകളുടെ അർഥശൂന്യതകളുടെയും നാളെയുടെ ഒഴിഞ്ഞ വഴികളുടെയും ഇടയിലെ ഇന്നിൽ അദ്ദേഹം നിന്നു, ലോകത്തെ നോക്കി നശ്വരതകളെക്കുറിച്ചെഴുതി. പ്രാഗ് വസന്തം തകർന്നതും കമ്യൂണിസ്റ്റ് ഭരണകൂടം സ്വാതന്ത്ര്യങ്ങളുടെ ഇടങ്ങളെ, മനസുകളുടെ ആകാശങ്ങളെ, സർഗശക്തികളെ തച്ചുടച്ചതും കുന്ദേരയെ അഗാധമായി സ്വാധീനിച്ചു,' വി ഡി സതീശന്‍ എഴുതുന്നു. ഒറ്റപ്പാര്‍ട്ടിയുടെ ഏകാധിപത്യങ്ങളോട് സന്ധിയില്ലാത്ത സമരമുയര്‍ത്തിയ ആ പോരാട്ട ജീവിതത്തിന് ഒടുവില്‍ സ്വന്തം ജന്മരാജ്യം ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹം ഫ്രാന്‍സില്‍ അഭയം തേടിയത് പോലും ഏകാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചാണെന്ന് വി ഡി സതീശന്‍ എഴുതുന്നു. 

വിമര്‍ശിച്ചും ഓര്‍മ്മപ്പെടുത്തിയും അദ്ദേഹം സ്വാതന്ത്ര്യത്തിന്‍റെ വിലയെ കറിച്ച് മനുഷ്യനെ നിരന്തരം ഓര്‍മ്മപ്പെടുത്തി. ഇന്ന് സ്വത്വത്തിന്‍റെ ഭാരമില്ലായ്മ അദ്ദേഹം അനുഭവിക്കുകയാകാം. അപ്പോഴും നമ്മള്‍ മിലന്‍ കുന്ദേരയുടെ ചിരിയില്ലാത്ത ലോകത്തിന്‍റെ ഭാരവും ചുമന്ന് ജീവിക്കുന്നുവെന്നും അദ്ദേഹം എഴുതുന്നു. തുടര്‍ന്ന് വി ഡി സതീശന്‍, കുന്ദേരയ്ക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നു. 


മിലന്‍ കുന്ദേരയ്ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം: 

കുന്ദേരയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ, അദ്ദേഹത്തിന്‍റെ ജീവിതം രചന രാഷ്ട്രീയം ഇവയൊക്കെ ചർച്ച ചെയ്ത ഒരു ദിനം കടന്നു പോയി. 

"ഈ ലോകത്തെ മാറ്റിമറിക്കാനൊന്നും ആവില്ലെന്ന് ഏറെക്കാലമായി നമുക്കറിയാം. രൂപം മാറ്റാനുമാവില്ല. പാഞ്ഞു പോകുന്ന അപകടകരമായ യാത്രയുടെ ഗതി മാറ്റാനുമാവില്ല. പ്രതിരോധിക്കാൻ ഒറ്റ വഴിയേ സാധ്യമായുള്ളൂ; ലോകത്തെ അത്രയൊന്നും ഗൗരവമായി എടുക്കാതിരിക്കുക."

മഹാനായ എഴുത്തുകാരന്‍റെ ദർശനമാകെ ഈ വാക്കുകളിലുണ്ടെന്ന് തോന്നാറുണ്ട്. നശ്വരതകൾ, നിസാരതകൾ, ഓർമ്മ നഷ്ടങ്ങൾ എല്ലാം അദ്ദേഹം നിരന്തരം ചെറു ചിരിയുടെ മേമ്പൊടിയിൽ കലർത്തി വാക്കുകൾക്ക് മേൽ തൂവി.
രാഷ്ട്രീയ നിലപാടുകളുടെ ഉറച്ച തറ, പ്രതിഷേധത്തിന്‍റെ ശക്തി, ആഴമുള്ള വിശകലന ബുദ്ധി എല്ലാം കുന്ദേരയുടെ വ്യക്തിത്വത്തിന്‍റെ ഭാഗമായിരുന്നു. എന്നാൽ ഇന്നലെകളുടെ അർഥശൂന്യതകളുടെയും നാളെയുടെ ഒഴിഞ്ഞ വഴികളുടെയും ഇടയിലെ ഇന്നിൽ അദ്ദേഹം നിന്നു, ലോകത്തെ നോക്കി നശ്വരതകളെക്കുറിച്ചെഴുതി. പ്രാഗ് വസന്തം തകർന്നതും കമ്യൂണിസ്റ്റ് ഭരണകൂടം സ്വാതന്ത്ര്യങ്ങളുടെ ഇടങ്ങളെ, മനസുകളുടെ ആകാശങ്ങളെ, സർഗശക്തികളെ തച്ചുടച്ചതും കുന്ദേരയെ അഗാധമായി സ്വാധീനിച്ചു, അദ്ദേഹത്തിന്‍റെ ജീവിതഗതിയെയാകെ മാറ്റിമറിച്ചു. കിഴക്കൻ യൂറോപ്പിന്‍റെ രാഷ്ട്രീയ അവസ്ഥ, ഒറ്റപ്പാർട്ടി ഏകാധിപത്യങ്ങളോട് സന്ധിയില്ലാ സമരമാക്കി, പോരാട്ടമാക്കി ജീവിതം. സ്വന്തം നാട് വിട്ട് ഫ്രാൻസിൽ അഭയം തേടിയതു പോലും ഏകാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു. 

ഓർമ്മപ്പെടുത്തലുകൾ, നിശിത വിമർശനങ്ങൾ, കലാപ സമാനമായ വാക്കുകൾ എന്നിവയിലൂടെ അദ്ദേഹം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന്‍റെ വില ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. യുദ്ധാനന്തര യൂറോപ്പ്, സ്റ്റാലിന്‍റെ റഷ്യ, സോവിയറ്റ് കമ്യൂണിസത്തിന്‍റെ മനുഷ്യത്വമില്ലായ്മയും യുക്തിരാഹിത്യവും എല്ലാം ലോകത്തോട് പറഞ്ഞു കൊണ്ടേയിരുന്ന എഴുത്തുകാരനാണ് വിട പറഞ്ഞത്. 

അങ്ങിപ്പോൾ സ്വത്വത്തിന്‍റെ ഭാരരാഹിത്യം അറിയുകയാവും. ഞങ്ങളോ അങ്ങയുടെ ചിരിയില്ലാത്ത ലോകത്തിന്‍റെ ഭാരവും ചുമക്കുന്നു. 

സ്വാതന്ത്ര്യത്തിന്‍റെ, മനുഷ്യന്‍റെ അന്തസിന്‍റെ, നിസഹായതയുടെ, നർമ്മത്തിന്‍റെ, സ്നേഹത്തിന്‍റെ, തീവ്രനഷ്ടങ്ങളുടെ കഥാകാരന് പ്രണാമം. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക