തടാകങ്ങളുടെ  നഗരമാണ് വെനീസ്. എന്നാൽ, നഗരത്തിന്റെ മുക്കാൽ പങ്കും വേലിയേറ്റത്തിൽ വെള്ളത്തിനടിയിൽ ആയതാണ് പൊടുന്നനെ ആ ഇറ്റാലിയൻ നഗരത്തെ വാർത്തകളിൽ നിറച്ചത്. കനാലുകളുടെ നഗരം എന്ന് കൂടി അറിയപ്പെടുന്ന ആ നഗരം കഴിഞ്ഞ അമ്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് നവംബറിൽ നേരിട്ടത്. നഗര ചത്വരമായ സെൻറ് ആൻഡ്രൂസും പ്രസിദ്ധമായ ബസലിക്ക പള്ളിയുമെല്ലാം വെള്ളത്തിനടിയിലായി. യുനെസ്കോയുടെ പൈതൃക നഗരങ്ങളിൽ ഒന്നായ വെനീസിലെ പല അമൂല്യ നിർമ്മിതികളും വേലിയേറ്റ വെള്ളത്തിൽ മുങ്ങിപ്പോയി. വെനിസിലെ വ്യാപാരി എന്ന ഷേക്സ്പിയർ നോവലിലൂടെ പ്രസിദ്ധി നേടിയ വെനീസിലെ വാണിജ്യ വ്യാപാര സ്ഥാപങ്ങൾക്ക് കനത്ത നഷ്ടമാണ് ഒന്നര മീറ്ററോളും ഉയർന്ന വെള്ളം വരുത്തിവച്ചത്. നവംബർ 12 ,15 തിയ്യതികളിൽ ഉണ്ടായ നഗരത്തെ മുക്കിയ വെള്ളത്തിൽ  നൂറുകോടി യൂറോയുടെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. 1966 -ലാണ് ഇതിനു സമാനമായ വെള്ളപൊക്കം വെനീസിൽ രേഖപ്പെടുത്തുന്നത്.

യഥാർത്ഥത്തിൽ നൂറിലധികം ദ്വീപുകളുടെ ഒരു സമുച്ചയമാണ് വെനീസ് നഗരം. രണ്ടുലക്ഷത്തി അറുപതിനായിരം വരുന്ന വെനീസ് നഗരവാസികളുടെ പ്രധാന വരുമാന മാർഗം വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. അഡ്രിയാറ്റിക് കടലിനു ചുറ്റുമായി കിടക്കുന്ന വെനീസ് നഗരത്തിലേക്ക് അവിടെനിന്നുള്ള ഉയർന്ന വേലിയേറ്റം അടിച്ചുകയറുകയായിരുന്നു. ഈ കടലിനു കുറുകെ വടക്കുകിഴക്കു ദിശയിൽ ശക്തമായ കാറ്റടിക്കുന്നതു മൂലമാണ് വേലിയേറ്റമുണ്ടാവുന്നതും ആറടിയോളം ഉയരത്തിൽ വെനീസിലേക്കു വെള്ളം കയറുന്നതിനു കാരണം. UNFCCC തുടങ്ങിയ ചില സംഘടനകൾ പറയുന്നത് കാലാവസ്‌ഥാ വ്യതിയാനം ആണ് ഇത്തരത്തിലുള്ള വേലിയേറ്റത്തിന് കാരണം എന്ന്. അക്വാ ആൾട്ട എന്ന പ്രതിഭാസം ആണ് ഈ വേലിയേറ്റത്തിന് കാരണം. വടക്കൻ അഡ്രിയാറ്റിക് കടലിൽ നിന്ന് ഇടക്കിടെ ഉണ്ടാകുന്ന വേലിയേറ്റം അഥവാ അക്ക്വ ആൾട്ട പ്രതിരോധിക്കാൻ 2003 -ൽ മോസ് എന്ന പേരിൽ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി വെനീസിൽ തുടങ്ങിയെങ്കിലും അത് എങ്ങും എത്തിയില്ല.

ഇറ്റലിയുടെ വടക്കു കിഴക്കൻ തീരത്ത് ഒരു തടാകത്തിൽ സ്ഥിതി ചെയ്യുന്ന നൂറോളം ചെറുദ്വീപുകൾ ചേർന്ന  വെനീസ് നഗരം കിഴക്കോട്ടു ചരിഞ്ഞു മാറുന്നതായും കാലാവസ്ഥാ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല ഒന്ന് മുതൽ നാലുവരെ മീറ്റർ വെനീസ് നഗരം താഴുന്നു എന്നതും ഞെട്ടൽ ഉളവാക്കുന്നതാണ്. വെനീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പത്തു വെള്ളപൊക്കമെടുത്താൽ അതിൽ അഞ്ചും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിലാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം സഞ്ചാരികളാണ് വെനീസിനെ തേടി എത്തിയത്. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ മുപ്പത്തി രണ്ടായിരം ആഡംബര കപ്പൽ വിനോദ സഞ്ചാരികളും വെനീസിന്റെ അഭൗമ ഭംഗി നുകരാൻ എത്തി. നമ്മുടെ കൊച്ചു കേരളത്തിനും ഏറെ പഠിക്കാനുണ്ട് വെനിസിൽനിന്ന്.

നമ്മുടെ ആലപ്പുഴ അറിയപ്പെടുന്നത് തന്നെ 'കിഴക്കിന്റെ വെനീസ്' എന്നാണ്. തടാകങ്ങളും പാലങ്ങളും കനാലുകളും അതിരിടുന്ന ആലപ്പുഴയും എന്തിന് നമ്മുടെ കേരളം തന്നെ വെനീസിന്റെ വിജയകഥ പഠിക്കേണ്ടതുണ്ട്. അതോടൊപ്പം വെള്ളപ്പൊക്കത്തെ വെനിസുകാർ അതിജീവിക്കുന്ന കഥകൾ നമുക്കും പാഠമാകേണ്ടതാണ്. വിനോദ വ്യവസായത്തിന്റെ അതിപ്രസരവും പ്രായമേറി വരുന്ന ജനസംഖ്യയും  ഒക്കെ വെനീസിനെ ഇപ്പോൾ അലട്ടുന്നു. നാളെ ഇതുകൂടി മുന്നിൽ കണ്ടുള്ള വികസനമാണ് നമുക്കും വേണ്ടത്.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റി സെന്‍റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)