അപ്പോൾ ചിപ്‍സുണ്ടാക്കുന്നത് ഇങ്ങനെയാണോ? ഫാക്ടറിയിൽ നിന്നുള്ള വീഡിയോ!!!
ഏതായാലും, ചിപ്സ് പ്രിയർക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. പലരും രസകരമായ അനേകം കമന്റുകൾ ഈ വീഡിയോയ്ക്ക് നൽകി.

നിങ്ങൾക്ക് ചിപ്സ് ഇഷ്ടമാണോ? ചിപ്സ് ഇഷ്ടമല്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും അല്ലേ? എന്നാൽ, ഒരു ഫാക്ടറിയിൽ എങ്ങനെയാണ് ചിപ്സ് ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതായാലും സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു വീഡിയോ ഉണ്ട്. അതിൽ കാണിക്കുന്നത് വളരെ വലിയ അളവിൽ ഒരു ഫാക്ടറിയിൽ ചിപ്സ് ഉണ്ടാക്കിയെടുക്കുന്നതാണ്.
ഡിജിറ്റൽ ക്രിയേറ്ററായ Anikait Luthra -യാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം മിക്കവാറും ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
രണ്ട് പേർ ചേർന്ന് ഒരു ചാക്ക് നിറയെ ഉരുളക്കിഴങ്ങ് ചുമന്ന് ഒരു യന്ത്രത്തിനുള്ളിലേക്ക് ഇടുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. പിന്നീട്, ഈ യന്ത്രം തന്നെ ഈ ഉരുളക്കിഴങ്ങുകളെല്ലാം നന്നായി വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നു. പിന്നെ ഉരുളക്കിഴങ്ങ് ചിപ്സിനുള്ള കഷ്ണങ്ങളാക്കി മാറ്റുകയാണ്. ശേഷം വീണ്ടും ഒരുവട്ടം കൂടി കഴുകിയെടുക്കുന്നതും കാണാം. ഇത് നന്നായി ഉണങ്ങിയ ശേഷം ചൂടുള്ള എണ്ണയിലേക്ക് ഇടുകയാണ്.
അവസാനം അവ നന്നായി മസാലയുമായി കലർത്തുകയും ചിപ്സ് പിന്നീട് സൂക്ഷ്മമായി പായ്ക്ക് ചെയ്ത ശേഷം കാർഡ്‍ബോർഡ് ബോക്സിനുള്ളിലേക്ക് വയ്ക്കുന്നതും കാണാം. അത് മറ്റൊരു തൊഴിലാളി നന്നായി ടേപ്പ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അതോടെ കടകളിലേക്ക് പോകാൻ ചിപ്സ് തയ്യാറായി എന്ന് അർത്ഥം.
ഏതായാലും, ചിപ്സ് പ്രിയർക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. പലരും രസകരമായ അനേകം കമന്റുകൾ ഈ വീഡിയോയ്ക്ക് നൽകി. ചിലർ ചോദിച്ചത് എവിടെ കാറ്റ് നിറയ്ക്കുന്നത് കാണിച്ചില്ലല്ലോ എന്നാണ്. മറ്റ് ചിലർ, യന്ത്രം എത്ര വേഗത്തിൽ ഈ ജോലി ചെയ്യുന്നു എന്ന് കമന്റ് നൽകി.