പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മെട്രോ ട്രെയിനില്‍ നിന്നും കുട്ടി പുറത്തിറങ്ങി. ഇതിനിടെ മെട്രോയുടെ വാതിലടഞ്ഞു. 

മെട്രോ ജീവനക്കാരന്‍റെ സമയോചിതമായ ഇടപെടലിൽ രണ്ട് വയസുകാരന് അത്ഭുത രക്ഷപ്പെടൽ. മുംബൈ മെട്രോയുടെ യെല്ലോ ലൈൻ 2A-യിലെ ജീവനക്കാരനായ സങ്കേത് ചോദങ്കറാണ് ഒരു രണ്ട് വയസുകാരന്‍റെ രക്ഷകനായി മാറിയത്. ബംഗൂർ നഗർ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം മെട്രോ ട്രെയിൻ എടുക്കുന്നതിന് തൊട്ട് മുൻപായി രണ്ട് വയസ്സുകാരൻ മെട്രോയില്‍ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു. കുട്ടി പുറത്തിറങ്ങിയതും മെട്രോയുടെ വാതിലുകൾ അടഞ്ഞു. അതോടെ ഭയന്നുപോയ കുട്ടി കരയുകയും തിരികെ കയറാനായി വാതിലിൽ മുട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഈ സമയം അവിടെ ജോലിയിലുണ്ടായിരുന്ന സങ്കേത് ചോദങ്കർ അത് കാണുകയും കുട്ടിക്കരികിലേക്ക് ഓടിയെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. ജൂൺ 29 ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്.

ഞെട്ടിപ്പിക്കുന്ന ഈ സംഭവങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞതോടെ സംഗതി വൈറലായി. നിരവധി പേരാണ് സങ്കേത് ചോദങ്കറിന്‍റെ ജാഗ്രയോടെയുള്ള പ്രവർത്തനത്തെ അഭിനന്ദിച്ചത്. കുട്ടി അബദ്ധത്തിൽ പുറത്തിറങ്ങിയതാണെന്ന് തിരിച്ചറിഞ്ഞതും ഇദ്ദേഹം വളരെ വേഗത്തിൽ ട്രെയിൻ ഓപ്പറേറ്റർക്ക് വിവരം നൽകുകയും ട്രെയിൻ പുറപ്പെടുന്നത് തടയുകയും ചെയ്തു. തുടർന്ന് മെട്രോ കോച്ചിന്‍റെ വാതിലുകൾ തുറന്ന് കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു.

Scroll to load tweet…

ജീവനക്കാരനെ അഭിനന്ദിച്ച് കൊണ്ട് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംഎംഒസിഎൽ) സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് ലോകം മുഴുവൻ ഈ സംഭവം അറിഞ്ഞത്. സങ്കേത് ചോദങ്കറിന്‍റെ പ്രവർത്തി വലിയൊരു അപകടത്തെ ഒഴിവാക്കിയെന്നും പോസ്റ്റിൽ പറയുന്നു. ദഹിസർ ഈസ്റ്റ് മുതൽ ഡിഎൻ നഗർ വരെ 18.6 കിലോമീറ്റർ നീളമുള്ള യെല്ലോ ലൈൻ എന്നറിയപ്പെടുന്ന മെട്രോ ലൈൻ 2എ ഇടനാഴിയിലാണ് ബംഗൂർ നഗർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. എലിവേറ്റഡ് റൂട്ടിൽ 17 സ്റ്റേഷനുകളുണ്ട്. മുംബൈയുടെ വളർന്നുവരുന്ന മെട്രോ ശൃംഖലയുടെ ഭാഗമായ ഈ ലൈൻ ബോറിവാലി, കാന്തിവാലി, മലാഡ്, അന്ധേരി എന്നിവയുൾപ്പെടെ നിരവധി പ്രധാന പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഈ മെട്രോ സേവനം ഉപയോഗിക്കുന്നത്.