Asianet News MalayalamAsianet News Malayalam

വിവാഹത്തിനിടെ കൂട്ടത്തല്ല്, ഒരേ കുടുംബത്തിലെ ഒമ്പതുപേര്‍ ജയിലില്‍, 18 ലക്ഷം രൂപയുടെ നഷ്ടം

ഒരു ബാര്‍മാന്‍ പറയുന്നത് 11 മണിയോടെ വിവാഹത്തിനെത്തിയ മൂന്നുപേര്‍ തര്‍ക്കിക്കുന്നത് കണ്ടിരുന്നു എന്നാണ്. എന്നാല്‍, അയാള്‍ അവിടെ നിന്നും ഒന്നു മാറി 15 മിനിറ്റ് കഴിഞ്ഞ് വന്നപ്പോഴേക്കും സ്ഥലത്ത് കൂട്ടത്തല്ല് തുടങ്ങിയിരുന്നു.

violence in wedding nine people from same family jailed
Author
First Published Dec 8, 2022, 2:40 PM IST

കല്യാണത്തിന് കൂട്ടത്തല്ലുണ്ടാകുന്നത് വാര്‍ത്തയാവാറുണ്ട്. കേരളത്തില്‍ നിന്നും അതുപോലുള്ള വാര്‍ത്തകള്‍ നാം കണ്ടിട്ടുമുണ്ട്. അതുപോലെ യുകെ -യില്‍ ഒരു വിവാഹത്തിന് അമ്പത് പേരാണ് തല്ലുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഒരേ കുടുംബത്തിലെ ഒമ്പത് പേരെ ജയിലിലടച്ചു. 

കൂട്ടത്തല്ലില്‍ 18 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. ചെഷയറിലെ ഡെയർസ്ബറി പാർക്ക് ഹോട്ടലിലാണ് വിവാഹം നടന്നത്. ഇവിടുത്തെ ചുവരുകൾ രക്തത്തിലും ചില്ലുകളാലും പൊതിഞ്ഞിരിക്കുകയായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഘർഷത്തിനിടെ കസേര വലിച്ചെറിഞ്ഞ 56 -കാരനായ മൈക്കൽ സ്റ്റോക്‌സ് എന്നയാളുടെ തോളിലാണ് പരിക്കേറ്റത്. ഇയാളെ രണ്ട് വര്‍ഷത്തേക്കാണ് തടവിന് വിധിച്ചിരിക്കുന്നത്. നേരത്തെ സംഘര്‍ഷത്തിന്‍റെ ഭാഗമായ ഒരേ കുടുംബത്തിലെ എട്ട് പേരെ ജയിലില്‍ അടച്ചിരുന്നു. വിവാഹത്തിന് വന്ന അതിഥികളാകെയും കൂട്ടത്തല്ല് കണ്ട് ഭയന്നുപോയി. പലരും സുരക്ഷ തേടി പലയിടത്തും പോയി ഒളിക്കുകയായിരുന്നു. 

ഇവിടെ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ കസേര, ടേബിള്‍, ഗ്ലാസുകള്‍ എന്നിവ കൊണ്ടെല്ലാം ആളുകള്‍ പരസ്പരം അക്രമിക്കുന്നത് കാണാം. എന്തിന് അഗ്നിശമന ഉപകരണങ്ങള്‍ വരെ ആളുകള്‍ തല്ലിനിടെ ആയുധമായി ഉപയോഗിച്ചു. 

ഒരു ബാര്‍മാന്‍ പറയുന്നത് 11 മണിയോടെ വിവാഹത്തിനെത്തിയ മൂന്നുപേര്‍ തര്‍ക്കിക്കുന്നത് കണ്ടിരുന്നു എന്നാണ്. എന്നാല്‍, അയാള്‍ അവിടെ നിന്നും ഒന്നു മാറി 15 മിനിറ്റ് കഴിഞ്ഞ് വന്നപ്പോഴേക്കും സ്ഥലത്ത് കൂട്ടത്തല്ല് തുടങ്ങിയിരുന്നു. ഏകദേശം 16 ലക്ഷത്തിന്‍റെ നഷ്ടം ഹോട്ടലിനും രണ്ട് ലക്ഷത്തിന്‍റെ നഷ്ടം വെഡ്ഡിംഗ് പ്ലാനര്‍ക്കുമാണ് ഉണ്ടായത് എന്ന് കണക്കാക്കുന്നു. 

കൂട്ടത്തല്ലിന് പുറമേ ഇതിനിടയില്‍ മുപ്പതിനായിരം രൂപയുടെ മദ്യവും മോഷണം പോയി. അത് വിളമ്പാനുള്ള ഗ്ലാസുകള്‍ തല്ലുകാര്‍ ആയുധങ്ങളുമാക്കി. തന്‍റെ കരിയറില്‍ ഞാന്‍ ഇമ്മാതിരി ഒരു മോശപ്പെട്ട സംഭവം കണ്ടിട്ടില്ല എന്നാണ് ഹോട്ടലിന്‍റെ മാനേജര്‍ സംഭവത്തെ കുറിച്ച് പറയുന്നത്. 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios