ബംഗ്ലാദേശിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് വിൽക്കാൻ വെച്ച 'ഡൊണാൾഡ് ട്രംപ്' എന്ന് പേരുള്ള ഒരു പോത്താണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.പോത്തിനെ കാണാന്‍ ശരിക്കും യുഎസ് പ്രസിഡന്‍റിനെ പോലെയുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ബംഗ്ലാദേശിൽ ബലി പെരുന്നാളിന് മുന്നോടിയായി വിൽക്കാൻ വച്ചിരിക്കുന്ന രണ്ട് പോത്തുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിന് കാരണം മറ്റൊന്നുമല്ല അവയുടെ പേരുകളാണ്. അതിലെ വളരെ ഫേമസായ പോത്താണ് 'ഡൊണാൾഡ് ട്രംപ്'. 'ദി ബിസിനസ് സ്റ്റാൻഡേർഡ്' റിപ്പോർട്ട് അനുസരിച്ച്, നാരായൺഗഞ്ചിലെ പൈക്പാറ പ്രദേശത്തുള്ള, ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ആൽബിനോ പോത്താണ് ഇത്. തലയിൽ സ്വർണ്ണനിറത്തിലുള്ള രോമങ്ങളുള്ള ഈ പോത്തിന് യുഎസ് പ്രസിഡന്റുമായി നല്ല സാമ്യമുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ നിരീക്ഷണം.

Add Asianetnews as a Preferred SourcegooglePreferred

10 മാസം മുമ്പ് രാജ്ഷാഹിയിലെ ഒരു കന്നുകാലി ചന്തയിൽ നിന്നാണ് ഇതിനെ വാങ്ങിയതെന്ന് ഫാം ഉടമ സിയാവുദ്ദീൻ മൃദ വെളിപ്പെടുത്തുന്നു. 'തലയിലെ രോമങ്ങൾ കണ്ടപ്പോൾ എന്റെ അനിയൻ തമാശയ്ക്കാണ് ഇതിന് ഡൊണാൾഡ് ട്രംപ് എന്ന് പേരിട്ടത്' എന്നും അദ്ദേഹം പറയുന്നു. 'ഇത് വളരെ ശാന്തസ്വഭാവമുള്ളതാണ്. ആൽബിനോ പോത്തുകൾ പൊതുവെ സമാധാനപ്രിയരാണ്, ഉപദ്രവിക്കാത്തപക്ഷം അവ അക്രമകാരികളാകാറില്ല' എന്നും ഈ പോത്തിനെ ഇതിനകം തന്നെ വിറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll to load tweet…

ഫേസ്ബുക്കിൽ ചിത്രങ്ങൾ കണ്ടാണ് താൻ അതിനെ കാണാൻ വന്നതെന്ന് ഒരു സ്ത്രീ ബംഗ്ലാദേശ് പത്രമായ 'പ്രഥം ആലോ'യോട് പറഞ്ഞു. എന്നാൽ, ഈ പോത്ത് വളരെ ശാന്തനും മാന്യനുമാണ് എന്നും അവർ പറയുന്നു. വീഡിയോയും വാർത്തയും കണ്ട് പോത്തിനെ കാണാനെങ്ങനെയുണ്ട് എന്ന് സ്ഥിരീകരിക്കാനായി എത്തിയവരും ഒരുപാടുണ്ട്. മൃദയുടെ അഭിപ്രായത്തിൽ, ദക്ഷിണേഷ്യയിൽ ആൽബിനോ പോത്തുകൾ വളരെ അപൂർവ്വമാണ്. ചോളം, സോയാബീൻ, തവിട് എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് ഇതിന്റെ വലിപ്പത്തിനും ആരോഗ്യകരമായ രൂപത്തിനും കാരണം.

Scroll to load tweet…

ഏതായാലും ട്രംപ് കൊണ്ട് തീർന്നില്ല, ഇതോടൊപ്പം തന്നെ 750 കിലോഗ്രാമിലധികം ഭാരമുള്ള രണ്ടാമതൊരു പോത്തും ശ്രദ്ധ നേടുന്നുണ്ട്. 'ബെഞ്ചമിൻ നെതന്യാഹു' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ പോത്ത് വളരെ ആക്ടീവാണെന്നും കുസൃതിക്കാരനുമാണെന്നാണ് ഫാം തൊഴിലാളികൾ പറയുന്നു. എന്നാല്‍, അതേസമയം തന്നെ പോത്തുകള്‍ക്ക് ഇങ്ങനെ പേര് നല്‍കുന്നതിലെയും താരതമ്യപ്പെടുത്തുന്നതിലെയും പ്രശ്നങ്ങളും അവഗണിക്കാനാവുന്നതല്ല. അത് ചൂണ്ടിക്കാട്ടിയും ആളുകള്‍ രംഗത്തെത്തി.