അവളുടെ പിതാവ് ടെറി ആഡംസ് ഫേസ്ബുക്കിൽ മകളുടെയും നായയുടേയും ചിത്രം പങ്കുവച്ചു. അതിനൊപ്പം അവൾ ഒരു ഹീറോ ആണെന്നും അവളും നായയും ഇപ്പോൾ സുരക്ഷിതരാണ് എന്നും അദ്ദേഹം എഴുതി.

ലോകത്തിന്റെ പല ഭാ​ഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. യു എസ്സിലെ കെന്റക്കിയിലും മഴ കനത്ത നാശം വിതച്ചു. അവിടെ നിന്നുമുള്ള ഒരു പതിനേഴുകാരിയുടെ വാർത്തയാണ് ഇപ്പോൾ ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നുമുള്ള മനുഷ്യരുടെ മനസ് നിറയ്ക്കുന്നത്. 

വെള്ളപ്പൊക്കത്താൽ ചുറ്റപ്പെട്ട ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇരിക്കുന്ന ക്ലോ ആഡംസ് എന്ന പെൺകുട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. അവൾ തന്റെ കൈകളിൽ അവരുടെ പ്രിയപ്പെട്ട വളർത്തു മൃ​ഗത്തെയും ചേർത്ത് പിടിച്ചിട്ടുണ്ട്. വൈറ്റ്‌സ്‌ബർഗ് നഗരത്തിലെ തന്റെ വീട്ടിൽ ഉറങ്ങുകയായിരുന്നു വ്യാഴാഴ്ച ക്ലോ. വെള്ളം ക്രമാതീതമായി ഉയരുന്നത് കണ്ടാണ് അവൾ ഉറക്കമുണർന്നത്. അങ്ങനെ 911 -ലേക്ക് വിളിച്ചു. എന്നാൽ, അങ്ങോട്ട് കോൾ പോകുന്നുണ്ടായിരുന്നില്ല. താനും വളർത്തുനായ സാൻഡിയും എങ്ങനെയും അവിടെ നിന്നും രക്ഷപ്പെടണം എന്ന് അവൾ തിരിച്ചറിഞ്ഞു. 

ചുറ്റും കാണുന്നയിടത്തെല്ലാം വെള്ളം മാത്രമായിരുന്നു. തനിക്ക് പാനിക് അറ്റാക്ക് വരുന്നത് പോലെ തോന്നി എന്ന് അവൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അപ്പോഴും അവൾക്ക് തന്റെ പ്രിയപ്പെട്ട വളർത്തുനായയെ ഉപേക്ഷിക്കാനായില്ല. അവൾ അതിനെ ഒരു കണ്ടെയിനറിലാക്കി അതിനെയും കൊണ്ട് നീന്തി അടുത്ത ഒരു വീടിന്റെ റൂഫ്‍ടോപ്പിൽ കയറിയിരുന്നു. അവിടെ മുഴുവനായും മുങ്ങിപ്പോകാത്ത ഒരേയൊരു റൂഫ്‍ടോപ്പ് അത് മാത്രമായിരുന്നു. അവൾ നായയേയും കൊണ്ട് അതിന്റെ മുകളിലിരുന്നു. 

ഒന്നും രണ്ടുമല്ല അഞ്ച് മണിക്കൂറാണ് അവൾ തന്റെ നായയുമായി അവിടെ തന്നെ ഇരുന്നത്. അഞ്ച് മണിക്കൂറിന് ശേഷം കയാക്ക് ഉപയോ​ഗിച്ച് അവളുടെ കസിൻ അവരെ അവിടെ നിന്നും രക്ഷപ്പെടുത്തി. അവളുടെ പിതാവ് ടെറി ആഡംസ് ഫേസ്ബുക്കിൽ മകളുടെയും നായയുടേയും ചിത്രം പങ്കുവച്ചു. അതിനൊപ്പം അവൾ ഒരു ഹീറോ ആണെന്നും അവളും നായയും ഇപ്പോൾ സുരക്ഷിതരാണ് എന്നും അദ്ദേഹം എഴുതി. മകൾ നായയെ കണ്ടെയിനറിലാക്കി പിടിച്ചു എന്നും എന്നിട്ട് അടുത്തുള്ള റൂഫ്‍ടോപ്പിലേക്ക് നീന്തി എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. 'ഇന്ന് എല്ലാം നമുക്ക് നഷ്ടപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ടത് ഒഴികെ എല്ലാം' എന്നും അദ്ദേഹം കുറിച്ചു.