മുംബൈയിലെ ഒരു ഹൈ റൈസ് സൊസൈറ്റിയിൽ 90,000 രൂപ പ്രതിമാസം വാടക നൽകി താമസിക്കുന്നയാൾക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി. ഉയർന്ന വാടക നൽകിയിട്ടും നഗരങ്ങളിൽ താമസിക്കുന്നവർ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചു.
ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വീട്ടു വാടക ഏറെ ഉയരത്തിലാണ്. ഒരു ചെറിയ മുറിക്ക് പോലും 25,000 രൂപയോളമാണ് പല നഗരങ്ങളിലെയും വാടക. എന്നാൽ ഇത്രയും ഉയർന്ന വാടക നൽകിയിട്ടും യാതൊരു സൗകര്യങ്ങളുമില്ലെന്ന് പരാതിപ്പെടുന്നവരും കുറവല്ല. അതിനിടെയാണ് ഒരു മുംബൈ സ്വദേശി താന്‍ താമസിക്കുന്ന വീടിന് 90,000 രൂപയാണ് വാടകയെന്നും എന്നാൽ, അവിടെ കുടിക്കാൻ പോലും വെള്ളമില്ലെന്നും പരാതിപ്പെട്ട് രംഗത്തെത്തിയത്. ഇതോടെ ഈടാക്കുന്ന മൂല്യത്തിനുള്ളതല്ല പല വീടുകളുമെന്ന് പരാതിപ്പെട്ട് കൊണ്ട് നിരവധി പേർ രംഗത്തെത്തി.
ഉയർന്ന വാടക പക്ഷേ, വെള്ളം തുള്ളികുടിക്കാൻ ഇല്ല
ഉയർന്ന പ്രതിമാസ വാടക നൽകിയിട്ടും ജലക്ഷാമമുണ്ടെന്ന മുംബൈ സ്വദേശിയുടെ പരാതി സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ചെലവേറിയ അപ്പാർട്ട്മെന്‍റുകളിൽ താമസിക്കുന്ന ആളുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിരവധി പേരാണ് പ്രതികരിച്ചത്. മുംബൈയിലെ ഒരു ഹൈ റൈസ് സൊസൈറ്റിയിൽ താമസിക്കുന്ന നിഖിൽ, തന്‍റെ പാർപ്പിട സമുച്ചയത്തിലെ ജലവിതരണ പ്രശ്നങ്ങൾ വിവരിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് പങ്കുവച്ചത്. സൊസൈറ്റിയിൽ വാടക വളരെ ഉയർന്നതാണെങ്കിലും, ജലവിതരണത്തിലെ തടസം കാരണം താമസക്കാർ വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. താൻ താമസിക്കുന്ന സൊസൈറ്റിയിൽ പ്രതിമാസം 70,000 രൂപ മുതൽ വാടകയുണ്ടെന്നും താൻ താമസിക്കുന്ന ഫ്ലാറ്റിന് പ്രതിമാസം 90,000 രൂപയാണ് വാടകയെന്നും നിഖിൽ പറഞ്ഞു.
ഇത്രയും ഉയർന്ന വാടക നൽകിയിട്ടും താമസക്കാർക്ക് കൃത്യമായ രീതിയിൽ ജലവിതരണം നടത്താൻ സൊസൈറ്റിക്ക് കഴിയുന്നില്ല. പലപ്പോഴും അപ്രതീക്ഷിതമായി ജലവിതരണം തടസ്സപ്പെടുന്നത് ജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നെന്നും അദ്ദേഹം പറയുന്നു. താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൊസൈറ്റി വാട്ടർ ടാങ്കറുകൾ ക്രമീകരിച്ചുവരുന്നുണ്ടെന്നും നിഖിൽ കൂട്ടിച്ചേർത്തു. എന്നാൽ, 37 നിലകളുള്ള രണ്ട് ടവറുകളുള്ള സൊസൈറ്റിയിൽ നൂറുകണക്കിനാളുകൾ താമസിക്കുന്ന സമുച്ചയത്തിൽ ആവശ്യത്തിനുള്ള ജലം ഉറപ്പാക്കുന്നതിൽ പലപ്പോഴും പരായപ്പെടുന്നു. ഇത്രയേറെ മനുഷ്യർ താമസിക്കുന്നതിനാൽ ടാങ്കർ ഡെലിവറികളെ ആശ്രയിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പരാതിപ്പെടുന്നു. സ്ഥിതിഗതികൾ തികച്ചും പരിഹാസ്യമാണെന്നും ഇത് ദൈനംദിന ജീവിതം ദുഷ്കരമാക്കിയെന്നും നിഖിൽ പരിതപിക്കുന്നു. അർദ്ധരാത്രിയോടെയാണ് പ്രധാനമായും വെള്ളം മുടങ്ങുന്നത്, ഇത് രാവിലെ ജോലിക്ക് പോകേണ്ട കുടുംബങ്ങളെയും സ്കൂളിലേക്ക് പോകേണ്ട കുട്ടികളെയും ഏറെ പ്രശ്നത്തിലാക്കുന്നുവെന്നും നിഖിൽ കൂട്ടിച്ചേർക്കുന്നു.
പ്രശ്നങ്ങളാണ് എല്ലായിടത്തും
നിഖിലിന്‍റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സമാന പ്രശ്നങ്ങളുമായെത്തിയത്. ഉത്തരേന്ത്യയിലെ കടുത്ത ചൂട് രൂക്ഷമായ ജലക്ഷാമമാണ് ഉയർത്തിയത്. പലയിടങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. സർക്കാർ സംവിധാനങ്ങൾക്ക് ഇക്കാര്യത്തിൽ കാര്യമായതൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നും നിരവധി പേർ പരാതിപ്പെടുന്നു. ഉയർന്ന വാടകയും ഉയർന്ന ജീവിത ചെലവും നേരിടുന്നവർക്ക് ശുദ്ധജലം എത്തിച്ച് കൊടുക്കുന്നതിൽ ഭരണ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്ന് നിരവധി പേരെഴുതി. 'എല്ലായിടത്തെയും അവസ്ഥ ഒരുപോലെയാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ഇതിനിടെ മൺസൂൺ വൈകിയാൽ മുംബൈയിലെ ജലവിതരണം പൂർണമായും മുടങ്ങി.


