കാര്‍ മോഷണം പോയെന്ന പരാതിയെത്തിയപ്പോൾ പോലീസിന് തിരക്കോട് തിരക്ക്. എപ്പോൾ കേസെടുത്ത് അന്വേഷിക്കാന്‍ കഴിയുമെന്ന് പോലും പറയാന്‍ പറ്റാത്ത അവസ്ഥ. പിന്നെന്ത് ചെയ്യും? മറ്റൊന്നും ആലോചിക്കാതെ കാര്‍ തിരിച്ച് മോഷ്ടിക്കാന്‍ ദമ്പതികൾ തീരുമാനിച്ചു.

 

സാധാരണയായി നമ്മുടെ എന്തെങ്കിലും വസ്തുക്കൾ മോഷണം പോയാൽ അത് തിരികെ കണ്ടുപിടിക്കാൻ പോലീസിനെയാണ് നാം സമീപിക്കാറ്. എന്നാല്‍ അങ്ങനെ സമീപിക്കുമ്പോൾ പോലീസ് തങ്ങൾക്ക് തിരക്കാണ് എന്ന് മറുപടി പറഞ്ഞാൽ എന്തു ചെയ്യും? എന്ത് ചെയ്യാൻ, സ്വയം അന്വേഷിച്ചിറങ്ങും അല്ലേ? അത്തരത്തിൽ കള്ളന്മാർ മോഷ്ടിച്ച് കൊണ്ടുപോയ തങ്ങളുടെ കാർ സ്വന്തമായി കണ്ടെത്തി, മോഷ്ടാക്കൾക്കിടയില്‍ നിന്നും തിരികെ മോഷ്ടിച്ച് എടുത്തിരിക്കുകയാണ് യുകെയിലെ ദമ്പതികൾ. കാർ മോഷണം പോയ ഉടൻതന്നെ ഇവർ പോലീസിനെ ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് തിരക്കാണെന്നും ഇപ്പോൾ അന്വേഷിക്കാൻ കഴിയില്ല എന്നുമായിരുന്നു പോലീസിന്‍റെ മറുപടി. ഇതോടെയാണ് ദമ്പതികൾ കാര്‍ കണ്ടെത്താനായി സ്വയം ഇറങ്ങിപ്പുറപ്പെട്ടത്.

ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മിയ ഫോർബ്സ് പിരി, മാർക്ക് സിംപ്‌സൺ ഇന്ന് ദമ്പതികളുടെ ജാഗ്വാർ ഇ-പേസ് ഈ മാസം ആദ്യമാണ് മോഷണം പോയത്. ബ്രിട്ടനില്‍ 37 ലക്ഷം മുതല്‍ 43 ലക്ഷം വരെ വിലയുള്ളതാണ് ജാഗ്വാർ ഇ-പേസ്. പടിഞ്ഞാറൻ ലണ്ടനിലെ ബ്രൂക്ക് ഗ്രീനിലുള്ള ഇവരുടെ വീട്ടിൽ നിന്നുമാണ് കാർ മോഷ്ടിക്കപ്പെട്ടത്. കാർ മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ദമ്പതികൾ പോലീസിനെ വിവരം അറിയിച്ചു. അപ്പോൾ പോലീസ് നൽകിയ മറുപടി ഇപ്പോൾ തിരക്കിലാണെന്നുമായിരുന്നു. എപ്പോൾ അന്വേഷിക്കാൻ കഴിയുമെന്ന് പറയാൻ സാധിക്കില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മറ്റു വഴികളില്ലാതെ ഈ ദമ്പതികൾ തങ്ങളുടെ കാർ മോഷ്ടാക്കളിൽ നിന്നും തിരികെ പിടിക്കാൻ ശ്രമം ആരംഭിച്ചത്.

ഏതെങ്കിലും സാഹചര്യത്തിൽ കാർ മോഷ്ടിക്കപ്പെട്ടാൽ കള്ളന്മാരെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി കാറിനുള്ളിൽ ഇവർ ഒരു ഗോസ്റ്റ് ഇമ്മൊബിലൈസർ ഘടിപ്പിച്ചിരുന്നു. കള്ളന്മാർ കാർ സ്റ്റാർട്ട് ചെയ്യുന്നത് തടയാൻ സഹായിക്കുന്ന ഒരു തരം ഇമ്മൊബിലൈസറാണിത്. കൂടാതെ കാറിൽ ഒരു എയർടാഗ് ലൊക്കേറ്ററും ഉണ്ടായിരുന്നു. ലൊക്കേറ്ററിന്‍റെ സഹായത്തോടെ ദമ്പതികൾ തങ്ങളുടെ കാർ ചിസ്വിക്കിൽ ഉണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ അവിടേക്ക് തിരിച്ച ദമ്പതികൾ ഒരു തെരുവിൽ തങ്ങളുടെ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടു.

കാറിന്‍റെ ഉൾവശവും സീറ്റും മോഷ്ടാക്കൾ നശിപ്പിച്ച അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. പിന്നെ വൈകിയില്ല മോഷ്ടാക്കൾ കാണാതെ അവിടെ നിന്നും ദമ്പതികൾ തങ്ങളുടെ കാർ തിരികെ എടുത്തു. തിരികെ മോഷ്ടിച്ചെന്ന് വേണമെങ്കിൽ പറയാം. പോലീസിന്‍റെ അനാസ്ഥ മൂലമാണ് തങ്ങൾക്ക് സ്വന്തം കാർ മോഷ്ടിച്ച് എടുക്കേണ്ടി വന്നത് എന്നാണ് ഇവർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമയമില്ലെന്ന് പറഞ്ഞ് കൊണ്ട് പോലീസ് മോഷണങ്ങൾക്ക് നേരെ മുഖം തിരിച്ചാൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയില്ലേയെന്നും ഈ ദമ്പതികൾ ചോദിച്ചു.