നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണ് എന്ന് ചോദിച്ചപ്പോൾ വിവേക് പറഞ്ഞത്, 'ഒരു കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റണമെങ്കിൽ ഒരു തലമുറ ചിലപ്പോൾ അവരുടെ സന്തോഷമൊക്കെ ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരും' എന്നാണ്.
മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാവാറുണ്ട്. മക്കൾ നന്നായി ജീവിക്കാനായി എത്ര കഷ്പ്പെടാനും തയ്യാറാണ് ചില മാതാപിതാക്കൾ. അത് തെളിയിക്കുന്ന അനേകം വാർത്തകളും വീഡിയോകളും കഥകളുമെല്ലാം നിങ്ങൾ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു കഥയാണ് ഇതും. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്, @theskindoctor13 എന്ന യൂസറാണ്. ഒരു ഓട്ടോ ഡ്രൈവറുമായിട്ടുള്ള സംഭാഷണത്തെ കുറിച്ചാണ് പോസ്റ്റിൽ യുവാവ് കുറിച്ചിരിക്കുന്നത്.
'ഇന്ന് എന്റെ കാർ കേടായി, അതുകൊണ്ട് വീട്ടിലേക്ക് പോകാനായി ഞാനൊരു ഓട്ടോ ബുക്ക് ചെയ്തു. അതൊരു പുത്തൻ ഇലക്ട്രിക് ഓട്ടോയായിരുന്നു. വിവേക് സിംഗ് എന്ന 40-കളിലുള്ളതെന്ന് തോന്നിച്ച ഒരാളായിരുന്നു ഡ്രൈവറെ'ന്ന് പോസ്റ്റിൽ പറയുന്നു. ശാന്തനും ശ്രദ്ധയുള്ളവനും ഒക്കെയായിരുന്നു ഡ്രൈവർ എന്നും പോസ്റ്റിൽ കാണാം. റെഡ് ലൈറ്റിൽ വണ്ടി നിർത്തിയിട്ട സമയത്ത് അതുവഴി പോയ ഒരു ഡെലിവറി ബോയ് തന്റെ വണ്ടി നിർത്തി വിവേക് സിംഗിനോട് ഓട്ടോ ചാർജ്ജ് ചെയ്താൽ എത്ര ഓടും എന്ന് അന്വേഷിച്ചു. ആരെങ്കിലും അത് ചോദിക്കാൻ കാത്തിരുന്നത് പോലെ വിവേക് അതേക്കുറിച്ച് വിശദമായി പറയാൻ തുടങ്ങിയത്രെ.
'ഒരു ദിവസം എത്ര രൂപാ സമ്പാദിക്കും' എന്നായിരുന്നു ഡെലിവറി ബോയ് അടുത്തതായി ചോദിച്ചത്. '3,000-3,500 രൂപാ വരെ കിട്ടും. ഇത് നഷ്ടമുണ്ടാക്കുന്ന ഒരു ഏർപ്പാടല്ല' എന്നായിരുന്നു ഡ്രൈവറുടെ മറുപടി എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഡെലിവറി ബോയ് ചിരിച്ചുകൊണ്ട് വണ്ടിയോടിച്ചു പോയി, പക്ഷേ ഇപ്പോൾ തനിക്കാണ് കൗതുകം തോന്നിയത് എന്ന് യുവാവ് പറയുന്നു. ദിവസം 20-25 റൈഡുകൾ എടുക്കണമെങ്കിൽ എത്ര മണിക്കൂർ വണ്ടിയോടിക്കണം എന്നായിരുന്നു യുവാവിന്റെ സംശയം. രാവിലെ 8 മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി 10-11 -നേ തിരിച്ചെത്തൂ എന്നായിരുന്നു വിവേകിന്റെ ഉത്തരം.
നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണ് എന്ന് ചോദിച്ചപ്പോൾ വിവേക് പറഞ്ഞത്, 'ഒരു കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റണമെങ്കിൽ ഒരു തലമുറ ചിലപ്പോൾ അവരുടെ സന്തോഷമൊക്കെ ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരും' എന്നാണ്. അയാൾക്ക് യാതൊരു നിരാശയും ഇല്ലായിരുന്നു എന്നും വളരെ ആവേശത്തോടെയാണ് ആ ഓട്ടോ ഡ്രൈവർ അത് പറഞ്ഞത് എന്നും യുവാവ് പോസ്റ്റിൽ കുറിക്കുന്നു. അച്ഛന്റെ ത്യാഗത്തെ കുറിച്ച് പറയുന്ന പോസ്റ്റ് അദ്ദേഹത്തിന്റെ മക്കൾ അദ്ദേഹം ഈ ചെയ്യുന്നതിന് പകരം നൽകാൻ തക്കരീതിയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. വളരെ ഹൃദയസ്പർശിയും പ്രചോദനാത്മകവുമാണ് പോസ്റ്റ് എന്ന് പലരും അഭിപ്രായപ്പെട്ടു.


