വീഡിയോയിൽ കുട്ടി അധ്യാപികയ്ക്ക് അടുത്ത് എത്തുന്നതായി കാണാം. ശേഷം അവളുടെ കയ്യിലുള്ള സമ്മാനം അവർക്ക് കൈമാറുകയാണ്.

കുഞ്ഞുങ്ങളുടേത് നിഷ്കളങ്കമായ സ്നേഹമാണ് എന്ന് പറയാറുണ്ട്. അവർക്ക് ഒന്നിലും വലിപ്പച്ചെറുപ്പങ്ങളില്ല എന്നും. കുട്ടികളും അധ്യാപകരും തമ്മിലുള്ള സ്നേഹവും അതുപോലെ തന്നെ മനോഹരമായി നിലനിർത്തേണ്ടുന്ന ഒന്നാണ് എന്നും പറയാറുണ്ട്. കുഞ്ഞുങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റുന്ന ഒരു അധ്യാപകനോ അല്ലെങ്കിൽ അധ്യാപികയോ എങ്കിലും ഓരോ സ്കൂളിലും കാണും. എങ്ങനെയൊക്കെയാണ് അവരോട് കുഞ്ഞുങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല. ഒരു അധ്യാപികയും വിദ്യാർത്ഥിനിയും തമ്മിലുള്ള സ്നേഹം നിറഞ്ഞ മനോഹരനിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സപ്തംബർ അഞ്ചിന് അധ്യാപകദിനത്തിന്റെ അന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്, ദിവ്യ ഡിജെ എന്ന യൂസറാണ്. ഒരു ചെറിയ സ്കൂൾ കുട്ടി അധ്യാപികയ്ക്ക് ഒരു ചെറിയ സമ്മാനം നൽകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. അവളുടെ മനസ് കൊണ്ട് വലിയ സമ്മാനം എന്ന് തന്നെ വിളിക്കാവുന്ന ഒരു സമ്മാനം.

വീഡിയോയിൽ കുട്ടി അധ്യാപികയ്ക്ക് അടുത്ത് എത്തുന്നതായി കാണാം. ശേഷം അവളുടെ കയ്യിലുള്ള സമ്മാനം അവർക്ക് കൈമാറുകയാണ്. അത് പൊതിഞ്ഞിരിക്കുന്നത് അവൾ തന്നെ തയ്യാറാക്കിയിരിക്കുന്ന അധ്യാപകദിനാശംസകൾ കുറിച്ച ഒരു സമ്മാനപ്പൊതിയിലാണ്. അതിന്റെ അകത്തുള്ളത് ഒരു പേനയും ഒരു ചെറിയ പാക്കറ്റ് ഹാജ്‍മോലയും ആണ്. അവൾ അത് അധ്യാപികയ്ക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം.

അനേകഹൃദയങ്ങളെയാണ് ഈ വീഡിയോ സ്പർശിച്ചത്. കണ്ണ് നനയിക്കുന്ന ഈ നിഷ്കളങ്കസ്നേഹത്തെ പുകഴ്ത്തി ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ലോകത്തിലെ ഏറ്റവും വലിയ സമ്മാനമായിട്ട് വേണം ഈ സമ്മാനത്തെ കാണാൻ എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്.