‘നാം എപ്പോഴും എന്തിനെങ്കിലും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ ബുദ്ധിമാനാകാനും കൂടുതൽ വിജയം നേടാനും നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.’
സദാ സമയവും സ്വയം മെച്ചപ്പെടുത്താനും കൂടുതൽ മികച്ച വ്യക്തിയാകാനും ശ്രമിക്കുന്നതിനിടയിൽ, ഈ സമയത്തെ നമ്മുടെ ജീവിതം ആസ്വദിക്കാൻ ആളുകൾ മറന്നുപോകുന്നുവെന്ന നിരീക്ഷണം പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'എക്സി'ലാണ് സിമ്രാൻ സച്ച്ദേവ എന്ന യുവാവ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഭാവിയിലെ ലക്ഷ്യങ്ങളിലേക്ക് മാത്രം കണ്ണുംനട്ടിരിക്കാതെ, ഇന്നത്തെ നമ്മളിൽത്തന്നെ സന്തോഷം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയാണ് കുറിപ്പിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തി താൻ ആകാൻ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് മാറാൻ ശ്രമിക്കുന്ന തിരക്കിൽ, തനിക്ക് മുന്നിലുള്ള ഇപ്പോഴത്തെ ജീവിതം ശരിക്കും ജീവിച്ചുതീർക്കാൻ മറന്നുപോകുന്നുവെന്ന് സിമ്രാൻ കുറിക്കുന്നു.
'നാം എപ്പോഴും എന്തിനെങ്കിലും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ ബുദ്ധിമാനാകാനും കൂടുതൽ വിജയം നേടാനും നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു നിശ്ചിത ഘട്ടത്തിലെത്തിയാൽ ഒടുവിൽ ആത്മവിശ്വാസത്തോടെ വിശ്രമിക്കാനും ജീവിതം ആസ്വദിക്കാനും കഴിയുമെന്ന് സ്വയം വിശ്വസിപ്പിക്കുന്നു. എന്നാൽ ലക്ഷ്യങ്ങൾ മാറിക്കൊണ്ടേയിരിക്കും. സമ്മർദ്ദങ്ങൾ കൂടിക്കൊണ്ടും' സിമ്രാൻ കൂട്ടിച്ചേർത്തു. ആകാനാഗ്രഹിക്കുന്ന വ്യക്തിത്വത്തിലേക്ക് ഉയരാൻ ശ്രമിക്കുമ്പോൾത്തന്നെ, ഇന്നത്തെ അവസ്ഥയിൽ എങ്ങനെ ആത്മാർത്ഥമായി സന്തോഷിക്കാൻ കഴിയും എന്ന ചോദ്യമാണ് കുറിപ്പ് മുന്നോട്ടുവെക്കുന്നത്.
മറ്റുള്ളവരുടെ മുന്നിൽ അപകർഷതാബോധം തോന്നാതെ ഒരു തുടക്കക്കാരനാകാൻ കഴിയുക, മറ്റുള്ളവരെ മടികൂടാതെ പ്രശംസിക്കാൻ സാധിക്കുക, ഒരു ലക്ഷ്യം നേടിയ ഉടൻതന്നെ അടുത്തതിലേക്ക് നോക്കാതെ കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കാൻ കഴിയുക എന്നിവയാണ് ഇതിന് വേണ്ടതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'ഭാവിയിലേക്ക് വലിയ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടെന്നതിനർത്ഥം നിങ്ങൾ ഇന്നെത്തിനിൽക്കുന്ന അവസ്ഥ മോശമാണെന്നല്ല' എന്ന് ഒരാൾ കമന്റ് ചെയ്തു. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ മാത്രമേ സന്തോഷം ലഭിക്കൂ എന്ന് കരുതി ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം അവസ്ഥയെ 'ദ അറൈവൽ ഫാലസി' എന്നാണ് ശാസ്ത്രീയമായി വിളിക്കുന്നതെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.
