റോഡിലൂടെ കുതിരപ്പുറത്ത് സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

സൈക്കിളിലും നടന്നും സ്കൂൾ വാഹനങ്ങളിലും ഒക്കെയാണ് നമ്മുടെ നാട്ടിൽ കുട്ടികൾ സ്കൂളിൽ പോകാറ്. എന്നാൽ, അസം - മേഘാലയ അതിർത്തിയിലെ ദക്ഷിണ കംറൂപ്പ് ജില്ലയിലെ ബോർബക്ര ഗ്രാമത്തിൽ നിന്നുള്ള എട്ടു വയസുകാരന്‍ യുവരാജ് റാഭ സ്കൂളിൽ പോകുന്നത് അല്പം വ്യത്യസ്തമായാണ്. സ്കൂളിലേക്കുള്ള യുവരാജിന്‍റെ വ്യത്യസ്ത യാത്ര അവനെ സമൂഹ മാധ്യമങ്ങളിലെ താരമാക്കി മാറ്റിയിരിക്കുകയാണ്. ഒരു കുതിര പുറത്താണ് യുവരാജ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും. ഈ കുതിര സവാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ദക്ഷിണ പന്തൻ ട്രൈബൽ മിഡിൽ ഇംഗ്ലീഷ് സ്കൂളിലാണ് യുവരാജ് പഠിക്കുന്നത്. എന്നാൽ, സ്വന്തം ഗ്രാമത്തിൽ റോഡും ഗതാഗത സൗകര്യങ്ങളും ഇല്ലാത്തതിനാൽ, സ്കൂളിലെത്താൻ ഏകമാർഗം കുതിര സവാരിയാണ്. പർവ്വതങ്ങളും ചെളിപ്പാതകളും നിറഞ്ഞ പ്രദേശത്ത്, മുടക്കമില്ലാതെ സ്കൂളിൽ പോകാൻ യുവരാജിന്‍റെ കുടുംബം കണ്ടെത്തിയ ഏക മാർഗമാണ ഈ കുതിര യാത്ര. പഠനത്തിൽ മിടുക്കനായ യുവരാജ് സ്കൂൾ പഠനം മുടങ്ങാതിരിക്കാൻ കണ്ടെത്തിയ ഈ മാർഗം അധ്യാപകരെയും ഏറെ സന്തോഷിപ്പിച്ചു. മറ്റു ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഗ്രാമത്തിൽ നിന്നും ഇത്രമാത്രം പ്രയാസപ്പെട്ട് സ്കൂളിൽ എത്താൻ യുവരാജ് കാണിക്കുന്ന താല്പര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് അധ്യാപകർ അഭിപ്രായപ്പെടുന്നു.

Scroll to load tweet…

View post on Instagram

അതേസമയം വിദ്യാഭ്യാസത്തിന് വേണ്ടി കുട്ടി കാണിക്കുന്ന പരിശ്രമം നമ്മെല്ലാവർക്കും മാതൃകയാണെങ്കിലും ഇന്നും രാജ്യത്തിലെ നിരവധി ഗ്രാമങ്ങളിൽ റോഡുകൾ പോലും ഇല്ലാത്തത് വലിയൊരു ദൗർഭാഗ്യകരമായ അവസ്ഥയാണെന്നാണ് വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് യുവരാജിന്‍റെ ഈ കുതിര യാത്രയുടെ വീഡിയോ ഇതിനകം കണ്ടത്. കാലം ഇത്ര പുരോഗതി പ്രാപിച്ചിട്ടും ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ തടസ്സങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കാൻ കഴിയാത്തത് സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു.