യാത്രയ്ക്കിടെ മലമുകളില്‍ നിന്നും പടുകൂറ്റനൊരു പാറ ഉരുണ്ട് വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍റെ വാഹനത്തിന് മുകളില്‍.
ഉത്തരാഖണ്ഡിലെ ഹൽദ്വാനി പർവത മേഖലയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍റെ വാഹനത്തിന് മുകളില്‍ വീണത് ഭീമന്‍ പാറക്കല്ല്. കല്ല് വാഹനത്തിന്‍റെ മുന്‍ഭാഗം തകർത്തെങ്കിലും യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. റോഡിന് നടുവില്‍ പാറക്കല്ല് വീണ് മുന്‍ഭാഗം തകർന്ന വാഹനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും സാരമായ പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പര്‍വ്വതത്തിന്‍റെ മുകളിൽ നിന്നും ഉരുണ്ടിറങ്ങിയ പാറക്കല്ല് മുന്നോട്ട് നീങ്ങുകയായിരുന്ന വാഹനത്തിന്‍റെ മുന്‍ഭാഗത്ത് വന്ന് വീഴുകയായിരുന്നു. ഇന്നലെ (സെപ്റ്റംബർ 2 ) രാവിലെ 8:30 ഓടെ ഭുജിയാഗട്ടിലാണ് സംഭവം.
നൈനിറ്റാൾ ഹൈക്കോടതിയിൽ ആരോഗ്യ പരിശോധനാ കൗണ്ടർ സ്ഥാപിക്കാൻ പോകുകയായിരുന്ന ഹെൽത്ത് ഓഫീസറാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രാവിലെ ഭുജിയഘട്ട് പർവതനിരയിലൂടെ വാാഹനം കടന്നുപോകുമ്പോൾ, ഒരു വലിയ പാറക്കല്ല് ഭൂപ്രദേശത്ത് നിന്ന് തെന്നിമാറി വാഹനത്തിൽ പതിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുഭാഗത്ത് വീണതിനാല്‍ വലിയ പരിക്കില്ലാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഈ സമയം പ്രദേശത്ത് മഴ പെയ്തിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വഴി പിന്നാലെയെത്തിയ മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ഉത്തരാഖണ്ഡ് ഉൾപ്പെടുന്ന ഉത്തരേന്ത്യയിലെമ്പാടും കനത്ത മഴയും പ്രളയവും രൂക്ഷമായിരിക്കുകയാണ്. വന്യജീവികൾ അടക്കം പ്രളയത്തില്‍ മുങ്ങി മരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പഞ്ചാബില്‍ ഹെക്ടർ കണക്കിന് പാടങ്ങളാണ് വെള്ളത്തിലായത്. ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ അതിശക്തമായ മഴോടൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലുമുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും മുന്നറിയിപ്പില്‍ പറയുന്നു.


