റെയില്‍വേ ഉദ്യോഗസ്ഥ അനൗൺസ്മെന്‍റിനിടെ മൈക്ക് ഓഫ് ചെയ്യാന്‍ മറന്നു. പിന്നെ പറഞ്ഞത് കേട്ട് അന്തംവിട്ട യാത്രക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ.

ഓരോ കാലത്തും ചില ശബ്ദങ്ങൾ തലമുറകളെ ഏറെ സ്വാധീനിക്കാറുണ്ട്. '90 -കളിലെ തലമുറയ ഏറെ കേട്ട അത്തരമൊരു ശബ്ദം ദൂരദര്‍ശന്‍റെ വാര്‍ത്താ വായനയ്ക്ക് മുന്നേയുള്ള സംഗീതമാണ്. ആ ശബ്ദത്തിന് പിന്നാലെ റെയില്‍വേയുടെ അനൗണ്‍സ്മെന്‍റുകൾ നമ്മുടെ മനസിലേക്ക് കയറി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് തുടങ്ങുന്ന അനൗണ്‍സ്മെന്‍റ് എവിടെ കേട്ടാലും നമ്മളൊന്ന് കാതുകൂര്‍പ്പിക്കും. എന്നാല്‍ അത്തരമൊരു അനൗണ്‍സ്മെന്‍റിന് കാത് കൂര്‍പ്പിച്ച ലഖ്നൗ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ പിന്നെ കേട്ടതില്‍ അന്തിച്ച് പോയി. റെയില്‍വെ അനൗണ്‍സ്മെന്‍റ് ചെയ്യുന്ന ഉദ്യോഗസ്ഥ തന്‍റെ മൈക്ക് ഓഫ് ചെയ്യാന്‍ മറന്ന് പോയതായിരുന്നു കാര്യങ്ങൾ വഷളാക്കിയത്.

ലഖ്നൗ ചാർബാഗ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസം ദൈനിക് ഭാസ്കറിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്ലാറ്റ് ഫോമിലേക്ക് തങ്ങളുടെ ട്രെയിന്‍ വരുന്നതും കാത്ത് നൂറുകണക്ക് ആളുകൾ നില്‍ക്കുന്നതിനിടെയാണ് ആ പതിവ് ശബ്ദം ഉയര്‍ന്നത് പിന്നാലെ അറിയിപ്പ് ആരംഭിച്ചു. 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ' പതിവ് പോലെ ആരംഭിച്ച ആ അനൗസ്മെന്‍റിനായി ആളുകൾ ചെവി കൂര്‍പ്പിച്ച. പക്ഷേ, യാത്രക്കാര്‍ പിന്നീട് കേട്ടത് ട്രെയിന്‍ ഏത് പ്ലാറ്റ് ഫോമില്‍ വരുമെന്നല്ല. മറിച്ച് 'ഒരു നാണവും ഇല്ലാത്ത മനുഷ്യൻ. അയാൾ ഒരു സ്ത്രീയെ തുറിച്ച് നോക്കുന്നത് കണ്ടില്ല' എന്നായിരുന്നു. അല്പ സമയത്തിന് ശേഷം 'അങ്ങനെ എന്‍റെ കുടുംബം ഈ ജോലിക്ക് പോകാന്‍ പറഞ്ഞു.' എന്നും യാത്രക്കാര്‍ കേട്ടു. ഒരു നിമിഷം അന്തിച്ച് പോയ യാത്രക്കാര്‍ പിന്നാലെ ചിരിച്ച് മറിഞ്ഞെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ.

Scroll to load tweet…

സച്ചിന്‍ ഗുപ്ത എന്ന എക്സ് ഹാന്‍റില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. ഒന്നര ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ഇത് ഒരു സ്ത്രീയുടെ മാത്രം അസ്വസ്ഥതയല്ല. മറിച്ച് ഒരു സമൂഹത്തിന്‍റെ അസ്വസ്ഥത പ്രകടമാക്കപ്പെട്ടതാണ്. ചിലര്‍ തമാശ കുറിപ്പുകളെഴുതിയപ്പോൾ ഒരു കേൾവിക്കാരന്‍ അല്പം സീരിയസായി എഴുതി. ഇനിയൊരിക്കലും അവര്‍ അനൗണ്‍സ്മെന്‍റിന് മുമ്പ് മൈക്ക് പരിശോധിക്കാതെ ഇനിയൊരിക്കലും അവര്‍ അനൗണ്‍സ്മെന്‍റ് ചെയ്യില്ലെന്ന് മറ്റൊരാൾ എഴുതി.