വെറും ഇരുപത് മിനിറ്റ് മഴ പെയ്തപ്പോഴേക്കും ദില്ലിയിലെ റോഡുകൾ തോടുകൾക്ക് സമാനമായ രീതിയിൽ  വെള്ളം നിറഞ്ഞു. 

ന്ത്യയുടെ പല ഭാഗത്തും അതിശക്തമായ മഴ തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും സ്ഥിതി മറ്റൊന്നല്ല. കഴിഞ്ഞ ദിവസം 20 മിനിറ്റ് മഴ പെയ്തപ്പോഴേക്കും ദില്ലിയിലെ റോഡുകള്‍ തോടുകൾക്ക് സമാനമായി. വാഹനങ്ങൾ പലതും റോഡിൽ കുടുങ്ങി. ഇതിനിടെയാണ് തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ വ്യക്തമാക്കാന്‍ ഒരു യുവാവ് റോഡിലെ വെള്ളക്കെട്ടില്‍ നീന്തിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി.

ഇന്ത്യന്‍ ജെംസ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 20 മിനിറ്റ് മഴ പെയ്തപ്പോഴേക്കും ദില്ലിയിലെ റോഡുകൾ നദികൾക്ക് സമാനമായി. ഒരു മാധ്യമവും വാര്‍ത്തകൾ നല്‍കുന്നില്ലെന്നും ഇത് ബെംഗളൂരുവല്ലെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഏതാണ്ട് അരയോളം വെള്ളത്തിലാണ് യുവാവ് നീന്തുന്നതെന്ന് കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ തമാശക്കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. അതേസമയം മറ്റ് ചിലര്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് കുറിച്ചു. ചിലര്‍ അത് ദില്ലിയിലെ വെള്ളക്കെട്ടല്ലെന്നും മറിച്ച് ഒളിമ്പിക്കിനുള്ള നീന്തൽ മത്സരങ്ങൾക്കുള്ള പരിശീലനക്കുളമാണെന്നും പരിഹസിച്ചു.

Scroll to load tweet…

രാജ്യതലസ്ഥാനത്തെ അവസ്ഥ ഇതാണെങ്കില്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് മറ്റ് ചിലര്‍ ആശങ്കപ്പെട്ടു. 'ദില്ലി: 20 മിനിറ്റ് മഴ = വെനീസ് മോഡ് ഓണ്‍' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ 'സമവാക്യം'. അതിശക്തമായ മഴയെ തുടർന്ന് ഇന്നലെ മുതല്‍ ദില്ലിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. ബെംഗളൂരുവിലെ അവസ്ഥ ഇതിലും മോശമാണ്. ദില്ലിയില്‍ മഴ പെയ്യുമ്പോൾ മാത്രമാണ് വെള്ളക്കെട്ട്. എന്നാല്‍ ബെംഗളൂരുവില്‍ എല്ലാസമയത്തും വെള്ളക്കെട്ടാണെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ദില്ലിയില്‍ ജൂലൈ മാസത്തില്‍ സാധാരണയായി 209.7 എംഎം മഴയാണ് ലഭിക്കുന്നത്. 2023 ജൂലൈയില്‍ 384.6 എംഎം മഴയാണ് ലഭിച്ചത്. ഇത് റെക്കോർഡാണ്. അതേസമയം ഈ മാസം ഇതുവരെയായി 136.3 എംഎം മഴ ലഭിച്ചെന്നും കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കുകൾ പറയുന്നു.