സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ഒരു യുവാവ് കാലിൽ മാലപ്പടക്കം കെട്ടിവച്ച് കത്തിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. റീലുകൾക്ക് വേണ്ടി ജീവൻ പണയം വെക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ലോകത്ത് മറ്റൊരിടത്തും കാണാത്ത ചില ആഘോഷങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലൊരു ആഘോഷമാണ ദീപാവലി ആഘോഷം. ഇന്ത്യയില്‍ തന്നെ പല സംസ്ഥാനത്തും പല സങ്കല്പത്തിലാണ് ദീപാവലി ആഘോഷിക്കുന്നതെങ്കിലും 'ഇരുട്ടി'നെ ഭേദിച്ച് 'വെളിച്ചം' നേടുന്ന വിജയമാണ് എല്ലാ ദീപാവലി ആഘോഷങ്ങളുടെ സങ്കല്‍പങ്ങളുടെയും പിന്നിലുള്ളത്. എന്നാല്‍ ഇന്ന് ദീപാവലി ആഘോഷമെന്നത് പടക്കം പൊട്ടിക്കലായി മാറിയിരിക്കുന്നു. പലതരത്തിലാണ് ഇന്ന് ഇന്ത്യയിലെ ദീപാവലി ആഘോഷം ദില്ലിയിലെ ഹോസ്റ്റലുകളിലെ ദീപാവലി ആഘോഷ വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു ദീപാവലി ആഘോഷ വീഡിയയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുള്ളത്.
ഭയപ്പെടുത്തുന്ന വീഡിയോ
വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്നാല്‍, ജീവിതത്തേക്കാൾ പ്രധാനമാണോ റീലുകൾ എന്ന് ചോദ്യത്തോടെയാണ് ന്യൂസ് ഡിഗ്ഗി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിഡിയോയില്‍ ഷർട്ടിടാതെ ജീന്‍സ് പാന്‍റ് ധരിച്ച ഒരു യുവാവിന്‍റെ തന്‍റെ ഇരുകൈകളും തലയ്ക്ക് മുകളിലായി ഇരുവശത്തുമുള്ള രണ്ട് മരത്തൂണുകളില്‍ കെട്ടിയിട്ടിരിക്കുന്നു. അയാൾ ധരിച്ച ജീന്‍സ് പാന്‍റിന്ന് മുകളിലായി അരയ്ക്ക് താഴോട്ട് പാദം വരെ മാലപ്പടക്കം കെട്ടിവച്ചിരിക്കുന്നതും കാണാം. ഇതിനിടെ ഒരാൾ വന്ന് കാല്‍പാദത്തിന് അടുത്തായി തീ കൊളുത്തുന്നു. പിന്നാലെ കുറച്ച് നേരത്തേയ്ക്ക് അവിടെ സ്പീക്കറില്‍ വച്ച പാട്ടിനും മേലെയായി പടക്കം പൊട്ടുന്നതിന്‍റെ ശബ്ദം മാത്രമേ കേക്കാന്‍ കഴിയൂ. പടക്കം മൊത്തം പൊട്ടിക്കഴിഞ്ഞ ശേഷം ഒരാൾ വന്ന് കാലിലെ തീ കെടുത്തിക്കളയുന്നതും വീഡിയോയില്‍ കാണാം.
രൂക്ഷമായി പ്രതികരിച്ച് നെറ്റിസെന്‍സ്
ഇന്ത്യക്കാർക്കിടയിൽ റീലുകൾ നിർമ്മിക്കാനുള്ള ഭ്രമം വളരെയധികം വളർന്നിരിക്കുന്നു, ആ ഒരു പെർഫെക്റ്റ് റീലിനായി അവർ ഇപ്പോൾ ഏത് അങ്ങേയറ്റത്തെയും, ചലിക്കുന്ന ട്രെയിനുകൾ, ഉയരമുള്ള കെട്ടിടങ്ങൾ, അതിവേഗ കാറുകൾ എന്നിവയിലേക്ക് പോകാൻ തയ്യാറാണ്. പ്രശസ്തിക്കായുള്ള ഓട്ടം ജീവിതത്തേക്കാൾ പ്രധാനമായി മാറിയിട്ടുണ്ടോയെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ചെറിയ പാളിച്ചപ്പോലും വലിയ പ്രത്യാഘാതമുണ്ടാക്കിയേനെ എന്നായിരുന്നു നിരവധി പേരെഴുതിയത്. സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടി ഇത്തരം അപകടകരമായ വീഡിയോകൾ ചെയ്തതിന് നിരവധി പേരാണ് യുവാവിനെ വിമർശിച്ച് രംഗത്തെത്തിയത്. അയാൾ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. ഒരിക്കലും ഇതുപോലുള്ള ഒരു ധൈര്യശാലിയാകാൻ ശ്രമിക്കരുതെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ഉപദേശിച്ചു. അവൻ ഇത് ചെയ്തത് ഒരു റൊട്ടിക്ക് വേണ്ടിയാണ്, അല്ലാതെ ഒരു റീലിനായിട്ടല്ലെന്നായിരുന്നു മറ്റൊരാൾ എഴുതിയത്.
ഇതിനിടെ മധ്യപ്രദേശിൽ ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തിനിടെ 14 ഓളം പേര്‍ക്ക് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതില്‍ മിക്കയാളുകളും നിരോധനമുണ്ടായിരുന്ന കാർബൈഡ് തോക്ക് എന്ന പടക്കം ഉപയോഗിച്ചതാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 7 നും 35 നും ഇടയിൽ പ്രായമുള്ള കുട്ടികളും യുവാക്കളുമാണ് കാർബൈഡ് തോക്ക് ഉപയോഗിച്ച് കാഴ്ച നഷ്ടപ്പെട്ടവരെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


