മധ്യപ്രദേശിൽ റോഡിൽ മാലിന്യം തള്ളിയ ബിജെപി നേതാവിനെതിരെ ചീഫ് മുനിസിപ്പൽ ഓഫീസർ എടുത്ത നടപടി ശ്രദ്ധേയമായി. നേതാവ് വലിച്ചെറിഞ്ഞ മാലിന്യം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെ തിരികെയിടാൻ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായി.  

ബിജെപി നേതാവ് റോഡിൽ തള്ളിയ മാലിന്യം തിരികെ വീട്ടില്‍ കൊണ്ട് ഇടാന്‍ ഉത്തരവിട്ട് ചീഫ് മുനിസിപ്പല്‍ ഓഫീസ‍ർ. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. മധ്യപ്രദേശിലെ ഛത്തർപൂർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ബിജെപി നേതാവ് മഹേഷ് റായി, തന്‍റെ വീടിന് പുറത്ത് തള്ളിയ മാലിന്യം അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് തന്നെ തള്ളാൻ ശുചീകരണ ജീവനക്കാരോട് ചീഫ് മുനിസിപ്പല്‍ ഓഫീസ‍ർ ശൈലേന്ദ്ര സിംഗ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ

ദീപാവലി ആഘോഷത്തിന് ശേഷമുള്ള മാലിന്യമായിരുന്നു മഹേഷ് റായി ഛത്തർപൂരിലെ തന്‍റെ പറമ്പിന് പുറത്തെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഒഴിഞ്ഞ മധുരപലഹാരപ്പെട്ടികൾ, വാഷിംഗ് ഡിറ്റർജന്‍റ് പാക്കറ്റുകൾ, പേപ്പറുകൾ എന്നിവയായിരുന്നു മാലിന്യത്തില്‍ ഉണ്ടായിരുന്നത്. പതിവ് പരിശോധനയ്ക്കിടെയാണ് ഇത് ചീഫ് മുനിസിപ്പല്‍ ഓഫീസ‍റുടെ ശ്രദ്ധയില്‍ മാലിന്യം പെട്ടത്. പിന്നാലെ ശുചീകരണ തൊഴിലാളിയെ വിളിച്ച്, 'അവന്‍റെ വീട്ടിലെ മാലിന്യം മുഴുവൻ അവന്‍ വീട്ടിൽ തന്നെ തള്ളൂ' എന്ന് അദ്ദേഹം ആവശ്യപ്പെട്ടുന്നത് വീഡിയോയില്‍ കേൾക്കാം. സംഭവം കണ്ടുനിന്നവരില്‍ ആരോ പകര്‍ത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Scroll to load tweet…

നേതാവിന്‍റെ ഭീഷണി

കൃത്യമായ മാലിന്യ സംസ്കരണം ചെയ്യുന്നതിന് പകരം തന്‍റെ വീട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചാല്‍ പോലീസിൽ പരാതിപ്പെടുമെന്ന് ഒരാൾ ചീഫ് മുനിസിപ്പല്‍ ഓഫീസ‍റെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കേൾക്കാം, അതേസമയം ഇയാളെ വീഡിയോയിൽ കാണിക്കുന്നില്ല. നിലവധി ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു ചീഫ് മുനിസിപ്പല്‍ ഓഫീസ‍ർ പരിശോധനയ്ക്കെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ചീഫ് മുനിസിപ്പല്‍ ഓഫീസ‍റെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'രാഷ്ട്രീയക്കാരും നിയമങ്ങൾ പാലിക്കണം' എന്ന് നിരവധി പേരെഴുതി. അതുപോലെതന്നെ നിയമം നടപ്പാക്കാന്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഇതുപോലുള്ള ഉദ്യോഗസ്ഥരെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നും മറ്റ് ചിലരും കുറിച്ചു. ഒരു രാഷ്ട്രീയക്കാരനായത് കൊണ്ട് മാത്രം അയാൾ റോഡിൽ മാലിന്യം തള്ളാൻ തുടങ്ങുമോയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. അതേസമയം തന്‍റെ വീട്ടില്‍ മാലിന്യം തള്ളിയെന്ന് ആരോപിച്ച് ചീഫ് മുനിസിപ്പല്‍ ഓഫീസ‍ർക്കെതിരെ ശൈലേന്ദ്ര സിംഗ് പോലീസില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ നേത‍ൃത്വത്തില് ബിജെപിയാണ് നിലവില്‍ മധ്യപ്രദേശ് ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികൾ കൊണ്ട് വന്നെങ്കിലും രാജ്യത്തെ മാലിന്യ നിർമ്മാർജ്ജനം ഇന്നും പേരിന് പോലും നടക്കുന്നില്ലെന്ന പരാതികളും ശക്തമാണ്.