ബ്രസീലിലെ റിയോ നീഗ്രോ നദിയിൽ പരിക്കേറ്റ് അവശനായി ഒഴുകിനടന്ന ജാഗ്വറിനെ ബ്രസീലിയൻ സൈനിക പോലീസ് രക്ഷപ്പെടുത്തി. പ്രത്യേക ബാഗ് നൽകി ജീവൻ രക്ഷിച്ച ജാഗ്വറിന് വെടിയേറ്റതടക്കം നിരവധി മുറിവുകളുണ്ടായിരുന്നു.  

ബ്രസീലിലെ റിയോ നീഗ്രോ നദിയിൽ നിന്ന്, അതിജീവനത്തിനായി പാടുപെടുന്ന ഒരു പരിക്കേറ്റ ജാഗ്വറിനെ രക്ഷപ്പെടുത്തിയ ബ്രസീല്‍ സൈനിക പോലീസിന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിനന്ദനം. ആമസോണിലെ ഏറ്റവും പ്രശസ്തമായ മൃഗങ്ങളിലൊന്നായ അപൂർവമായ മാത്രം കണ്ടുവരുന്ന ജാഗ്വറിനെയാണ് രക്ഷപ്പെടുത്തിയത്. അതിശക്തമായ ഒഴുക്കുള്ള വിശാലമായ റിയോ നിഗ്രോ നദിയിൽ നിലയില്ലാതെ അലക്ഷ്യമായി ഒഴുകി നടക്കുകയയായിരുന്നു ജാഗ്വർ. പോരാത്തതിന് അതിന് വലിയ പരിക്കുകളും ഉണ്ടായിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കാനായി ജാഗ്വറിന് പ്രത്യേക ബാഗ് ഇട്ട് നല്‍കിയാണ് രക്ഷപ്പെടുത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ രക്ഷാപ്രവർത്തകർ നദിയുടെ ഒഴുക്കിൽപ്പെട്ട് തലയുയർത്താന്‍ പാടു പെടുന്ന ജാഗ്വറിനെ കണ്ടെത്തി. ഈ സമയം അത് നീന്താന്‍ പോലും അശക്തനായിരുന്നു. തുടർന്ന് സൈനിക പോലീസ് തങ്ങളുടെ സുരക്ഷാ ഉപകരണം ജാഗ്വറിന് ഇട്ട് കൊടുക്കുന്നതും അത് ബോട്ടുമായി ബന്ധിപ്പിക്കുന്നതും കാണാം. പിന്നാലെ ബോട്ടിന് അടുത്തെത്തിയ ജാഗ്വറിന്‍റെ തലയില്‍ ഒരു ഉദ്യോഗസ്ഥന്‍ തടവുന്നതും. ബാഗില്‍ ആള്ളിപ്പിടിച്ച് രക്ഷപ്പെടാനുള്ള ജാഗ്വറിന്‍റെ ശ്രമവും വീഡിയോയില്‍ കാണാം. പുലിയുടെ മുഖത്തെ മുറിവും വീഡിയോയില്‍ ദൃശ്യമാണ്. ഈ മുറിവിൽ നിന്നും രക്തം വാർന്നൊലിക്കുന്നതും വീഡിയോയില്‍ കാണാം. അതിന്‍റെ കഴുത്തിനും വായ്ക്കുമായി ഏതാണ്ട് 30 ഓളം മുറിവുകളാണ് മെഡിക്കൽ സംഘം കണ്ടെത്തിയത്.

View post on Instagram

പ്രതികരണം

ജാഗ്വറിന് വെടിയേറ്റതാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വെടിയേറ്റ ഒന്നില്‍ കുടുതല്‍ പാടുകൾ ജാഗ്വറിന്‍റെ ശരീരത്തിലുണ്ടായിരുന്നെന്നും ചികിത്സയിലൂടെ ജാഗ്വർ അപകടനില തരണം ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അവന്‍ അനുഭവിക്കുന്ന വേദന കാരണം അവനിപ്പോൾ മനുഷ്യനെ അനുസരിക്കുന്നെന്ന് ഒരു കാഴ്ചക്കാരനെഴുതി. നിരവധി പേര്‍ ജാഗ്വറിനെ രക്ഷപ്പെടുത്തിയ സൈനിക പോലീസിന് നന്ദി പറഞ്ഞു. പലരും അവന്‍ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്നും ആശംസിച്ചു.