ഛത്തീസ്ഗഡിൽ 20 വർഷം മുൻപ് നട്ടുവളർത്തിയ അരയാൽ മുറിച്ചുമാറ്റിയപ്പോൾ ഒരു വൃദ്ധ പൊട്ടിക്കരയുന്ന വീഡിയോ വൈറലായി. മകനെപ്പോലെ കണ്ടിരുന്ന മരം നഷ്ടപ്പെട്ടതിലുള്ള അവരുടെ ദുഃഖം ഗ്രാമവാസികളെ പ്രകോപിപ്പിക്കുകയും, മരം മുറിച്ചവരെ അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു.  

ത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ സരാഗൊണ്ടി ഗ്രാമത്തിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ വേദനപ്പിച്ചു. ഒരു വൃദ്ധയായ സ്ത്രീ മുറിച്ചിട്ട ഒരു മരത്തിന്‍റെ കുറ്റിയിൽ കെട്ടിപ്പിടിച്ച് കരയുന്ന ദൃശ്യങ്ങളായിുന്നു കാഴ്ചക്കാരെ സങ്കടപ്പെടുത്തിയത്. കേന്ദ്ര പാർലമെന്‍റികാര്യമന്ത്രി കിരണ്‍ റിഞ്ചു പങ്കുവച്ച വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് കിരണ്‍ റിഞ്ചു ഇങ്ങനെ എഴുതി. 'വളരെ ഹൃദയഭേദക രംഗം ഒരു വൃദ്ധയായ സ്ത്രീ 20 വർഷങ്ങൾക്ക് മുൻപ് നട്ട അരയാൽ മുറിച്ച് കളഞ്ഞതിന് കരയുന്നു. ഇത് ഛത്തീസ്ഗഢിലാണ് സംഭവിച്ചത്. മനുഷ്യർ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്നു'

വൃദ്ധയുടെ ദുഃഖം

വീഡിയോയില്‍ ചുവട് വച്ച് വെട്ടിവീഴ്ത്തിയ ഒരു മരത്തിന്‍റെ കുറ്റിയിൽ പിടിച്ച് ഒരു വൃദ്ധയായി സ്ത്രീ കരയുന്നത് കേൾക്കാം. അവർ കരച്ചിടക്കാനാകാതെ ഏങ്ങലടിച്ച് കരയുന്നു. പലപ്പോഴും അവരുടെ ശബ്ദം മുറിഞ്ഞ് പോകുന്നതും വീഡിയോയില്‍ കേൾക്കാം. ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് ആ അരയാൽ വെട്ടിമാറ്റിയതെന്ന് വ്യക്തം. സമീപത്ത് നിന്ന് മറ്റാരുടെയോക്കെയോ ശബ്ദവും വാഹനങ്ങളുടെയും മെഷ്യനുകളുടെയും ശബ്ദവും കേൾക്കാം.

View post on Instagram

മകനെ പോലെ കണ്ട് വളര്‍ത്തിയ മരം

വൃദ്ധയായ ആ സ്ത്രീ മരത്തെ സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നതെന്ന് പ്രദേശവാസികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 20 വര്‍ഷം മുമ്പാണ് അവരതിനെ നട്ടുപിടിപ്പിച്ചത്. അന്ന് മുതല്‍ ആ അരയാലിന് അവര്‍ എല്ലാ ദിവസും രാവിലെ വെള്ളമൊഴിച്ചു. ഒപ്പം തന്‍റെ ആത്മീയമായ സ്ഥലമായി അവരതിനെ കാണക്കാക്കിയെന്നും പ്രദേശവാസികൾ പറയുന്നു. ഇമ്രാൻ മേമൻ എന്ന സ്ഥലവ്യാപാരിയുടെ നിർദ്ദേശപ്രകാരമാണ് മരം മുറിച്ചുമാറ്റിയതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. അദ്ദേഹം അടുത്തിടെ വാങ്ങിയ പുതിയ പ്ലോട്ടിന് എതിർവശത്തുള്ള സർക്കാർ ഭൂമി നിരപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മരം മുറിച്ചതെന്നും പ്രദേശവാസികൾ ആരോപിച്ചു. വൃദ്ധയുടെ കരച്ചില്‍ ഗ്രാമവാസികളെ അസ്വസ്ഥമാക്കുകയും അവര്‍ ഇമ്രാനെതിരെ തിരിയുകയും ചെയ്തു. ഇതോടെ ഇയാളും സഹായിയും മരം മുറിക്കാൻ ഉപയോഗിച്ച് കട്ടർ നദിയില്‍ ഉപേക്ഷിച്ച് തങ്ങളുടെ സ്കൂട്ടര്‍ പോലും എടുക്കാതെ ഗ്രാമത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പരാതി

വൃദ്ധയുടെ കരച്ചിലിനെ തുടർന്ന് ഗ്രാമവാസിയായ പ്രമോദ് പട്ടേൽ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേടെക്കുകയും ചെയ്തു. പിന്നാലെ പോലീസ് ഇമ്രാനെയും സഹായിയാ പ്രകാശിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നാലെ ഗ്രാമവാസികൾ വൃദ്ധയോടൊപ്പം അതേ സ്ഥലത്ത് എത്തുകയും പുതിയൊരു ആല്‍മരത്തെ അവിടെ നടുകയും ഒപ്പം മരം മുറിക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.