വൈക്കോൽ കയറ്റിയ ട്രക്ക് അമിത ഭാരം കാരണം കാറിന് മുകളിലേക്ക് മറിയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ത്തർപ്രദേശിലെ പിലിഭിത്തിലെ ദേശീയപാതയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചു. അളവില്‍ക്കവിഞ്ഞ് വൈക്കോൽ കയറ്റിയ ട്രക്ക് ദേശീയ പാതയിലൂടെ പോകുന്നതിനിടെ ആക്സില്‍ പൊട്ടി റോഡരികിൽ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മറിഞ്ഞു. ഈ സമയം കാറിൽ രണ്ട് കുട്ടികളും രണ്ട് മുതിർന്നയാളുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഇവര്‍ തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

പിലിഭിത്തിലെ ദേശീയപാത NH-730-ൽ കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്നു സംഭവം നടന്നത്. അമിതമായി വൈക്കോൽ കുത്തിനിറച്ച ട്രക്ക് ഒരു വശത്തേക്ക് ചരിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന് മുകളിലേക്ക് വീഴുന്നതും. കാര്‍ പൂര്‍ണ്ണമായും വൈക്കോൽ കൂനയില്‍ മൂടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഈ സമയം രണ്ട് മുതിർന്ന ആളുകളും രണ്ട് കുട്ടികളും കാറിന് വെളിയില്‍ നിന്നിരുന്നു. ഇവര്‍ അപ്രതീക്ഷിതമായ സംഭവം കണ്ട് കുട്ടികളെയും വാരിയെടുത്ത് പിന്നിലേക്ക് മാറുന്നതും ഇവരുടെ തെട്ടടുത്തായി വലിയ വൈക്കോൽ കൂന ട്രക്കില്‍ നിന്നും വീഴുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ കാര്‍ വൈക്കോൽ കൂനയാൽ പൂര്‍ണ്ണമായും മൂടിപ്പോകുന്നു.

Scroll to load tweet…

@pixelsabhi എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഭാരം കാരണം മാരുതിയുടെ പഴയ കാര്‍ തക‍ർന്ന് പോയെന്നും എന്നാല്‍ പരാതികളില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. അമിതമായി വൈക്കോൽ കയറ്റിയ വാഹനങ്ങൾ ദേശീയ പാതകളിലും ഇടറോഡുകളിലും അപകടങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. ഇത്തരം വണ്ടികളില്‍ പലതും ഭാരം കാരണം ബാലന്‍സ് തെറ്റി മറിയുന്നതും സാധാരണമാണ്.