ഒരു വിധം മനുഷ്യരൊന്നും അബദ്ധവശാൽ പോലും കേറിച്ചെല്ലാൻ  ആഗ്രഹിക്കാത്ത ഒരിടമാണ് ലോക്കൽ പോലീസ് സ്റ്റേഷൻ. പോലീസുകാരെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞുകേൾക്കുക വളരെ പ്രയാസമാണ്. പക്ഷേ, മാനസിക സംഘർഷങ്ങൾ മറ്റേതൊരു മനുഷ്യനെപ്പോലെ ഒരു പൊലീസുകാരനെയും ബാധിക്കുന്നുണ്ട്. നിങ്ങളോട് ഒരു പൊലീസുകാരൻ, വിശേഷിച്ചും തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർമാരിൽ ആരെങ്കിലും പരുക്കൻ മട്ടിൽ പെരുമാറിയാൽ പൊലീസുകാർ എന്ന വർഗ്ഗത്തെത്തന്നെ അടക്കി ശപിക്കാൻ നാക്കുവളയ്ക്കും മുമ്പ് ഒരു നിമിഷം അറിയാൻ ശ്രമിക്കാം, ഡ്യൂട്ടിയ്ക്കിടെ അവർ അനുഭവിക്കുന്ന ചില മാനസിക സംഘർഷങ്ങളെപ്പറ്റി. 

ഇതിപ്പോൾ പറയാൻ കാരണമെന്തെന്നല്ലേ..? @arunbothra എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നും വന്ന ഒരു ട്വീറ്റ് കാണുക. 

അലക്കിത്തേച്ച കാക്കിക്കുപ്പായവും ഷൂസും തൊപ്പിയുമെല്ലാം ധരിച്ച് ഒരു പൊലീസുകാരൻ ക്വാർട്ടേഴ്സിൽ നിന്നും ജോലിക്ക് പോവാനിറങ്ങുമ്പോൾ മകൻ കാലിൽ പിടിച്ചു തൂങ്ങി കരയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, " പോലീസ് ജോലിയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഇതാണ്. നേരത്തിനും കാലത്തിനുമല്ലാത്ത ഡ്യൂട്ടി ഷെഡ്യൂളുകൾ കാരണം എല്ലാ പൊലീസ് ഓഫീസർമാരും ഒരിക്കലെങ്കിലും ഈ സാഹചര്യത്തിൽ ചെന്ന് പെട്ടിട്ടുണ്ടാവും.. വീഡിയോ നിരവധി പേരാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. 

പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്യൂറോ(BPRD) പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം ഇന്ത്യയിലെ 90  ശതമാനം പൊലീസുകാർക്കും ദിവസം എട്ടുമണിക്കൂറിൽ കൂടുതൽ നേരം ജോലി ചെയ്യേണ്ടി വരുന്നുണ്ട്. 70  ശതമാനത്തിലധികം പേർക്ക് ആഴ്ചയിൽ ഒരു ദിവസം പോലും ഓഫെടുക്കാൻ പറ്റാതെ തുടർച്ചയായി ഒരു മാസത്തിലധികം ജോലി ചെയ്യേണ്ടി വരുന്നുണ്ട്. പലപ്പോഴും, ആറ്റുനോറ്റെടുക്കുന്ന ഓഫിനിടയിലും അവർക്ക് അടിയന്തിര ഡ്യൂട്ടിക്ക് തിരിച്ച് റിപ്പോർട്ട് ചെയ്യാൻ ഓർഡർ കിട്ടാറുണ്ട്. ഇങ്ങനെ മാനസികമായ സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് നിൽക്കുമ്പോഴാണ് ചില പൊലീസ് ഓഫീസർമാരെങ്കിലും സ്റ്റേഷനിൽ വരുന്നവരോട് മോശമായി പെരുമാറുന്നതും ഡിപ്പാർട്ടുമെന്റിന് മൊത്തമായും പേരുദോഷമുണ്ടാക്കുന്നതും എന്നാണ് BPRD പറയുന്നത്. 

ക്രിമിനൽ ഇൻവെസ്റ്റിഗേഷനുകൾ, ലോ ആൻഡ് ഓർഡർ ഡ്യൂട്ടികൾ, വിവര ശേഖരണം, നൈറ്റ് പട്രോളിങ്ങ്, വിഐപി ഡ്യൂട്ടികൾ, ഉത്സവക്കാലത്തെ സ്‌പെഷൽ ഡ്യൂട്ടികൾ, കോടതിയുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾ എന്നിങ്ങനെ അവർ ചെയ്യേണ്ടിവരുന്ന ജോലികൾ പലതുമുണ്ട്. 76  ശതമാനത്തിലധികം പോലീസുകാർക്ക് ദീർഘനേരം നിൽക്കേണ്ടി വരുന്നതുകൊണ്ടും, ഉറക്കമില്ലായ്കകൊണ്ടും, മാനസിക  നേരത്തിന് ഭക്ഷണം കഴിക്കാത്തതുകൊണ്ടും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടത്രേ. വേണ്ടത്ര പൊലീസ് ഓഫീസർമാരെ സമയാനുസൃതമായി നിയമിക്കാത്തതാണ് ഈ പ്രശ്നങ്ങളുടെ കാരണമെന്നും റിപ്പോർട്ടിലുണ്ട്. 

ഷിഫ്റ്റ് കൃത്യമായി പിന്തുടരുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മെച്ചമാണെന്നും അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിലേതിനേക്കാൾ കൂടുതൽ സൗഹൃദപരമായ അന്തരീക്ഷമാണ് കേരളത്തിലേതെന്നും സർവേ പറയുന്നുണ്ട്.