കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ആകാശം കടും ചുവപ്പായി മാറിയത് ലോകാവസാന സിദ്ധാന്തങ്ങൾക്ക് വഴിവെച്ചു. എന്നാൽ, നരെല്ലെ ചുഴലിക്കാറ്റ് കാരണം അന്തരീക്ഷത്തിൽ നിറഞ്ഞ പൊടിപടലങ്ങളാണ് ഈ അത്യപൂർവ പ്രതിഭാസത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇത് അപകടകരമല്ലെങ്കിലും വായുവിൻ്റെ ഗുണനിലവാരത്തെ താൽക്കാലികമായി ബാധിച്ചേക്കാം.

Add Asianetnews as a Preferred SourcegooglePreferred

ലോകത്തിലെ ഓരോ മതത്തിനും ലോകാരംഭത്തെ കുറിച്ചും ലോകാവസാനത്തെ കുറിച്ചു വ്യത്യസ്തമായ ചില വിശ്വാസങ്ങൾ നിലവിലുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഇത്തരം വിശ്വാസങ്ങൾ പക്ഷേ, വിശ്വാസികളെ ഏറെ ആശത്തിൽ സ്വാധീനിച്ചവയാണ്. അതിനാൽ തന്നെ അസാധരണമായ എന്തെങ്കിലും കണ്ടാൽ ഉടനെ ഇത്തരം വിശ്വാസങ്ങളുമായി അവയെ ബന്ധിപ്പിച്ച് ലോകാവസാന സിദ്ധാന്തത്തിലെത്തുന്നു. എന്നാൽ അവയ്ക്ക് പിന്നിലെ ശാസ്ത്രീയ നിരീക്ഷണങ്ങളെ ഇത്തരക്കാർ തള്ളിക്കളയുന്നു. അത്തരമൊരു അസാധരണ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ഉണ്ടായത്. മാർച്ച് 27 -ാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ പൊടി നിറഞ്ഞ ആകാശം ചെമ്പട്ട് പുതച്ചത് പോലെ കടും ചുവപ്പായി മാറിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി സിദ്ധാന്തങ്ങളാണ് ഉയർന്നത്.

ചെമ്പട്ടുടുത്ത ആകാശത്തിന്‍റെ യാഥാർത്ഥ്യം

നരെല്ലെ ചുഴലിക്കാറ്റ് കാരണമാണ് ഇത്തരമൊരു അത്യപൂർവ ദൃശ്യം സംജാതമായതെന്നും ഇതിൽ അപകടകരമായതൊന്നുമില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പല നെറ്റിസെന്‍സും ആ രംഗം അവിശ്വസനീയമാണെന്ന് വിശേഷിപ്പിച്ചു, ചിലർ അതിനെ ഡിസ്റ്റോപ്പിയൻ അഥവാ മതവിശ്വാസങ്ങളിലെ ലോകാവസാന സാഹചര്യങ്ങളുമായി താരതമ്യം ചെയ്തു, കാരണം അത്രയേറെ ശക്തമായ ചുവപ്പ് നിറമായിരുന്നു ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ആകാശത്ത് ദൃശ്യമായത്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വലിയ അളവിലുള്ള പൊടിപടലങ്ങളാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിശദീകരിച്ചു. സാധാരണയായി, കുറഞ്ഞ തരംഗദൈർഘ്യമുള്ള സൂര്യപ്രകാശം വായുവിൽ കൂടുതൽ ഫലപ്രദമായി പ്രതിഫലിക്കുന്നതിനാലാണ് ആകാശം നീലയായി കാണപ്പെടുന്നത്.

Scroll to load tweet…

ചുഴലിക്കാറ്റും ഒരു കാരണം

പൊടിയും മറ്റ് വലിയ കണികകളും അന്തരീക്ഷത്തിൽ നിറയുമ്പോൾ, ചെറിയ നീല തരംഗദൈർഘ്യമുള്ളവ കുറച്ചുമാത്രം വ്യാപിക്കുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് പോലുള്ള നീണ്ട തരംഗദൈർഘ്യമുള്ളവ നിറങ്ങൾ കൂടുതൽ ദൃശ്യമാകുന്നു, ഇത് ആകാശത്തിന്‍റെ നിറം നാടകീയമായി മാറ്റുന്നുവെന്നും വിദഗ്ദർ വിശദീകരിക്കുന്നു. പ്രത്യേകിച്ച് സൂര്യോദയ സമയത്തോ സൂര്യാസ്തമയ സമയത്തോ ഇത്തരം നിറങ്ങൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദർ പറയുന്നു. ഇതേസമയത്ത് തന്നെ നരെല്ലെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ശക്തമായ കാറ്റുണ്ടായതും ഈ അസാധാരണ നിറത്തിന് കാരണമായി. ഇതോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു. ഇത് അന്തരീക്ഷത്തിന്‍റെ നിറമാറ്റത്തിന് കാരണമായി.

അപകടകരമല്ല

ഇത്തരമൊരു നിറം മാറ്റം വായുവിന്‍റെ ഗുണനിലവാരത്തെ താത്കാലികമായി ബന്ധിക്കുമെങ്കിലും അപകടകരമായതൊന്നും ഇല്ലെന്നും വിദഗ്ഡർ വിശദീകരിച്ചു. ദൃശ്യപരതയെ ബാധിക്കുമെങ്കിലും ഇത്തരം സംഭവങ്ങൾ പൊതുജന സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നത് അപൂർവമാണെന്നും വിദഗ്ദർ വിശദീകരിച്ചു. പൊടിക്കാറ്റുകൾ താരതമ്യേന പതിവായി കാണപ്പെടുന്ന ഓസ്‌ട്രേലിയയിൽ പോലും ഇത്രയും തീവ്രമായ ചുവന്ന ആകാശം അസാധാരണമാണെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർക്കുന്നു.