സാധാരണ മരുന്നുകളുടെ സ്ട്രിപ്പിൽ കാണുന്നതിൽ നിന്നും ഒരു കാര്യം മാത്രമാണ് ഈ ക്ഷണക്കത്തിൽ ഒഴിവാക്കിയിട്ടുള്ളത്. അത് എക്സ്പയറി ഡേറ്റ് ആണ്.
കഴിഞ്ഞ ദിവസം ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക തന്റെ ട്വിറ്റർ പേജിൽ ഒരു വിവാഹക്ഷണക്കത്തിന്റെ ചിത്രം പങ്കിട്ടു. ഒറ്റ നോട്ടത്തിൽ എതോ ഗുളിക സ്ട്രിപ്പിന്റെ പുറക് വശമാണെന്നേ തോന്നുകയുള്ളൂ. പക്ഷെ, അൽപ്പം ഒന്ന് സൂക്ഷിച്ച് നോക്കിയാൽ സംഗതി പിടികിട്ടും. ഒരു വിവാഹ ക്ഷണക്കത്താണ് അത്. വരൻ ഒരു ഫാർമസിസ്റ്റ് ആയതുകൊണ്ടാണന്നു തോന്നുന്നു ഇത്തരമൊരു പരീക്ഷണം. കാര്യം സംഗതി വളരെ രസകരമൊക്കെയാണെങ്കിലും ക്ഷണക്കത്ത് വായിച്ചു മനസ്സിലാക്കണമെങ്കിൽ അൽപ്പസമയം എടുക്കും എന്നതാണ് സത്യം.
തമിഴ്നാട് സ്വദേശികളായ ഏഴിലരശന്റെയും വസന്തകുമാരിയുടെ വിവാഹ ക്ഷണക്കത്താണ് ഇത്. ഏഴിലരശൻ എംഫാം ബിരുദധാരിയാണ്. മരുന്നുകളുമായുള്ള സഹവാസം കൊണ്ടാണോ എന്നറിയില്ല ഇത്തരത്തിലൊരു വെറൈറ്റി പരീക്ഷണം വിവാഹക്ഷണക്കത്തിൽ നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതായാലും സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സെപ്റ്റംബർ അഞ്ചിനാണ് ഇവരുടെ വിവാഹം. ആ തീയതി മാനുഫാക്ചറിംഗ് ഡേറ്റ് എന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കളുടെ പേര് വിവരങ്ങൾ കൊടുത്തിരിക്കുന്നതാണ് അതിലേറെ രസകരം. മാനുഫാക്ചേഡ് ബൈ എന്നാണ് മാതാപിതാക്കളുടെ പേര് വിവരങ്ങൾ കൊടുത്തിരിക്കുന്നതിന് മുകളിലായി ചേർത്തിരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും നിർബന്ധമായും വിവാഹത്തിൽ പങ്കെടുക്കണമെന്ന മുന്നറിയിപ്പുമുണ്ട് ക്ഷണക്കത്തിൽ.
സാധാരണ മരുന്നുകളുടെ സ്ട്രിപ്പിൽ കാണുന്നതിൽ നിന്നും ഒരു കാര്യം മാത്രമാണ് ഈ ക്ഷണക്കത്തിൽ ഒഴിവാക്കിയിട്ടുള്ളത്. അത് എക്സ്പയറി ഡേറ്റ് ആണ്. ക്ഷണക്കത്ത് കണ്ട പലരും ഇക്കാര്യം സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചിട്ടുണ്ട്. കാലാവധി തീരാത്ത ഒരു മരുന്നായി വിവാഹജീവിതം മുന്നോട്ടു പോകട്ടെ എന്നാണ് നിരവധിപേർ ഇത് സൂചിപ്പിച്ചുകൊണ്ട് ഇരുവർക്കും ആശംസിച്ചിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ ആളുകൾ എത്രമാത്രം വ്യത്യസ്തരാണ് എന്ന കുറിപ്പോടെയായിരുന്നു ഹർഷ് ഗോയങ്ക ക്ഷണക്കത്ത് ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധി പേരാണ് ദമ്പതികളെ ആശംസിച്ചുകൊണ്ട് പോസ്റ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
