'അതിഥികളെ കാത്ത്, മരിച്ചുപോയ ബന്ധുക്കൾ'; വിവാഹ ക്ഷണക്കത്ത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
വിവാഹത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് കുടുംബത്തിലെ മരിച്ച് പോയ ആളുകളാണെന്ന് വിവാഹ ക്ഷണക്കത്തില്‍ എഴുതിയിരിക്കുന്നു.

വിവാഹങ്ങളിൽ ക്ഷണക്കത്തുക്കൾക്ക് വലിയ സ്ഥാനമുണ്ട്. ക്ഷണക്കത്തുകൾ ആകർഷകമാക്കാനും ആഡംബരം നിറഞ്ഞതാക്കാനുമൊക്കെ ആളുകൾ പല വഴികൾ തേടാറുണ്ട്. എന്നാൽ, ഇവിടെ ഇതാ വേറിട്ട ഒരു കാരണത്താൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഒരു വിവാഹ ക്ഷണക്കത്ത്. വരന്‍റെ കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരെ ക്ഷണിക്കുന്നതിനായി തയ്യാറാക്കിയ ക്ഷണക്കത്താണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
ഫായിഖ് അതീഖ് കിദ്വായി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ കത്ത് പങ്കുവച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 9 -ന് ജയ്പൂരിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ക്ഷണക്കത്തിലെ ‘ദർശനഭിലാഷി’ എന്ന ഭാഗമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘ദർശനഭിലാഷി’ എന്നതിന്‍റെ വിവർത്തനം, ‘നിങ്ങളുടെ സാന്നിധ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നവർ’ എന്നാണ്. സാധാരണഗതിയിൽ, അതിഥികളുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ദമ്പതികളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, അല്ലെങ്കിൽ അമ്മാവന്മാർ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ ഭാഗത്ത് ഉൾപ്പെടുത്തുക.
എന്നാൽ, ഈ ക്ഷണക്കത്തിൽ തങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചു പോയ വ്യക്തികളുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വേറിട്ട സമീപനം എന്നതാണ് ക്ഷണക്കത്ത് കണ്ടവരെ ആശ്ചര്യപ്പെടുത്തിയത്. കത്തിൽ ഈ ഭാഗത്ത് നൽകിയിരിക്കുന്ന പേരുകൾ ഇങ്ങനെയാണ് "പരേതനായ നൂറുൽ ഹഖ്, പരേതനായ ലാലു ഹഖ്, പരേതനായ ബാബു ഹഖ്, പരേതനായ ഇജാസ് ഹഖ്." ഈ പേരുകൾക്ക് താഴെയാണ് ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ പേരുകൾ. ജയ്പൂരിലെ കർബല മൈതാനത്താണ് വിവാഹം. ക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 8, 9 തീയതികളിലാണ് ചടങ്ങുകൾ നടക്കുക. ക്ഷണക്കത്ത് സമൂഹ മധ്യമങ്ങളില്‍ വൈറൽ ആയതോടെ ജോധ്പൂരിലും ജയ്പൂരിലും ഇത്തരം വിവാഹ ക്ഷണക്കത്തുകൾ അച്ചടിക്കുന്നത് വളരെ സാധാരണമാണ് എന്നാണ് ചില സമൂഹ മധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്.
Read More: 'പത്ത് ലക്ഷത്തിന്‍റെ ഉപദേശം'; കരിക്ക് പെട്ടെന്ന് വെട്ടിത്തരാൻ പറഞ്ഞതിന് യുവതിക്ക് ലഭിച്ച മറുപടി വൈറൽ
