കരിയറില്‍ മറ്റുള്ളവരെ പോലെ വളരാനായില്ല. പലരും ഇരട്ടി ശമ്പളം വാങ്ങുന്നത് കണ്ട് ഒരുപാട് വിഷമിച്ചു. പക്ഷേ, അച്ഛന്‍റെ മരണത്തോടെ ആ വലിയ തിരിച്ചറിവുണ്ടായി. വായിക്കാം, വൈകാരികമായൊരു കുറിപ്പ്.

നമ്മേക്കാൾ വയസ് കുറഞ്ഞ, നമ്മുടെ ജൂനിയറായിട്ടുള്ള ആളുകൾ നമ്മുടെ ഇരട്ടി ശമ്പളം വാങ്ങുന്നത് കാണുമ്പോൾ, കരിയറിൽ വളരുന്നത് കാണുമ്പോൾ നമുക്ക് ചിലപ്പോൾ പ്രയാസം തോന്നിയേക്കാം. എന്നാൽ, എല്ലാവരുടേയും അവസ്ഥ ഒരുപോലെയല്ല. കരിയറിൽ മറ്റുള്ളവരെപ്പോലെ വളരാൻ കഴിയാത്തതിനും ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ കാണും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. @paresh_pisipati എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മറ്റുള്ളവരെപ്പോലെ സുഗമമായ ഒരു തുടക്കമായിരുന്നില്ല തൻ്റെ പ്രൊഫഷണൽ ജീവിതത്തിലെന്ന് പരേഷ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റുള്ളവരെല്ലാം കരിയറിൽ മുന്നേറിയപ്പോൾ കോളേജ് പഠനത്തിന് ശേഷം സ്ഥിരതയുള്ള ഒരു ജോലി കണ്ടെത്താൻ തന്നെ താൻ ഒരുപാട് പ്രയാസമനുഭവിച്ചു. '21 -ാമത്തെ വയസ്സിൽ കോളേജ് കഴിഞ്ഞിറങ്ങിയപ്പോൾ എൻ്റെ പല സുഹൃത്തുക്കളെയും പോലെ എനിക്ക് ജോലിയുണ്ടായിരുന്നില്ല. 26 -ാം വയസ്സിൽ എൻ്റെ ശമ്പളം 26,000 രൂപയായിരുന്നു. അപ്പോഴേക്കും എൻ്റെ സുഹൃത്തുക്കളും മുൻ സഹപ്രവർത്തകരും എന്നേക്കാൾ ഇരട്ടിയോ അതിലധികമോ സമ്പാദിക്കുന്നുണ്ടായിരുന്നു' എന്ന് പോസ്റ്റിൽ പറയുന്നു.

ജീവിതത്തിൽ ഒരു സ്ഥിരതയൊക്കെ വന്നു എന്ന് കരുതുന്നത് 32 -ാം വയസ്സിലാണ്. അപ്പോൾ പോലും തന്നേക്കാൾ പ്രായം കുറഞ്ഞ ജൂനിയർമാർ, തന്നെക്കാൾ കൂടുതൽ സമ്പാദിക്കുന്നതായി മനസ്സിലായി. ഇങ്ങനെ താരതമ്യം ചെയ്യുന്നത് പലപ്പോഴും തനിക്ക് നിരാശയും തടസ്സങ്ങളും മാത്രമാണ് സമ്മാനിച്ചത്. കുടുംബത്തിലുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ചും യുവാവ് പോസ്റ്റിൽ പറയുന്നു. അച്ഛൻ്റെ കീമോതെറാപ്പി ചികിത്സയ്ക്കായി ആശുപത്രിയിൽ കുറേ സമയം ചെലവഴിക്കേണ്ടി വന്നു, ഭാര്യയ്ക്കും അമ്മയ്ക്കും വാഹനാപകടങ്ങളിൽ പരിക്കു പറ്റിയതിനെ കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. തൊട്ടുപിന്നാലെ അച്ഛനെ നഷ്ടപ്പെടുകയും ചെയ്തു.

അച്ഛൻ്റെ അന്ത്യകർമ്മത്തിന്റെ സമയത്താണ് മറ്റുള്ളവരുമായുള്ള താരതമ്യങ്ങളെയും വിജയത്തെയും കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് മാറിയത് എന്നും യുവാവ് പറയുന്നു. 'മറ്റുള്ളവരുമായി എൻ്റെ സാഹചര്യത്തെ താരതമ്യം ചെയ്ത് വിഷമിച്ചിരിക്കുന്നത് ഭൂതകാലത്തിൽ തന്നെ കുടുങ്ങിക്കിടക്കാനുള്ള ഒരു ഒഴികഴിവ് മാത്രമായിരുന്നു എന്ന് ആ സമയം എന്നെ പഠിപ്പിച്ചു' എന്നാണ് യുവാവ് പറയുന്നത്.

തുടർന്നുള്ള വർഷങ്ങളിൽ കരുണയുള്ള ഒരാളായിരിക്കുന്നതിലേക്കും മറ്റുള്ളവരെ സഹായിക്കുന്നതിലേക്കും തൻ്റെ ശ്രദ്ധ മാറിയതായി അദ്ദേഹം പറയുന്നു. ഇപ്പോൾ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആവശ്യക്കാർക്ക് ഭക്ഷ്ഷണം നൽകുന്നതിൽ പങ്കാളിയാവുകയും ഒക്കെ ചെയ്യുന്നു. ഒപ്പം ആരോഗ്യം, കുടുംബം, ബന്ധങ്ങൾ എന്നിവയ്ക്ക് കൂടുതൽ മൂല്യം കൽപ്പിക്കുന്നതായും പറയുന്നു.

Scroll to load tweet…

ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒരിക്കലും ഒന്നിനും ഉപകരിക്കില്ല എന്ന് ആളുകൾ അഭിപ്രായപ്പെട്ടു. അതുപോലെ, കഠിനമായ അനുഭവങ്ങൾ നമുക്ക് ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റിമറിക്കുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.