ഇന്ത്യൻ എഴുത്തുകാരി നിവേദിത ശുക്ല, ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വെച്ച് ഒരു സഹയാത്രികൻ പാകിസ്ഥാനിയാണെന്ന് അറിഞ്ഞപ്പോൾ ഭക്ഷണം നൽകാനുള്ള തീരുമാനം പിൻവലിച്ചതായി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യക്കാരോടുള്ള വെറുപ്പ് വർധിക്കുന്നുവെന്ന് ആശങ്കപ്പെട്ട അവരുടെ കുറിപ്പ്, ഈ പ്രവൃത്തി തന്നെയാണ് വെറുപ്പിന് കാരണമെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ വിമർശനം.
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വച്ച് യാത്രയ്ക്കിടെ ലഭിച്ച ഇടവേളയിൽ പരിചയപ്പെട്ട ഒരു യാത്രക്കാരനുമായി ഭക്ഷണം പങ്കിടാൻ ആലോചിച്ചിരുന്നെന്നും എന്നാൽ, അയാൾ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ആ തീരുമാനം വേണ്ടെന്ന് വച്ചെന്നുമുള്ള ഇന്ത്യൻ എഴുത്തുകാരി നിവേദിത ശുക്ലയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരാളുടെ ജന്മദേശത്തിന്‍റെ പേരിൽ അയാൾക്ക് ഭക്ഷണം നിഷേധിക്കുന്നത് അങ്ങേയറ്റം മനുഷ്വരഹിതമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. പിന്നാലെ കുറിപ്പ് വൈറലായി.
'ഇന്ത്യയോടുള്ള വെറുപ്പ് ഉച്ചസ്ഥായിയിൽ'
ഡബ്ലിനിൽ താമസിക്കുന്ന 'ദി മൊമെന്‍റോസ് ഓഫ് റൺഝ്' എന്ന ചരിത്ര നോവലിന്‍റെ രചയിതാവായ നിവേദിത ശുക്ലയ്ക്ക് ഒരു യാത്രയ്ക്കിടെ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ഏതാണ്ട് 10 മണിക്കൂറോളം തങ്ങേണ്ടിവന്നു. ഈ സമയം മറ്റുള്ളവർക്ക് ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള വെറുപ്പ് വർദ്ധിച്ചതായി തനിക്ക് അനുഭവപ്പെട്ടെന്ന് അവർ എഴുതി. ഏതെക്കാലമായി താൻ യാത്ര ചെയ്യുന്നുണ്ടെങ്കിലും അടുത്ത കാലത്തായി ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള വെറുപ്പ് വളരെ കൂടുതലാണ്. എല്ലാവരും നമ്മളെ വെറുക്കുകയാണെന്ന് ഉപബോധമനസിൽ തോന്നുന്നുവെന്നും അവർ കുറിച്ചു. പിന്നാലെ അവർ എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട ഒരാളെ കുറിച്ച് എഴുതി.
തവിട്ട് നിറമുള്ള സഹയാത്രക്കാരൻ
'അയാൾക്ക് ഒരു വൃത്തികെട്ട ഭാവം ഉണ്ടായിരുന്നു. വ്യത്യസ്ത റെസ്റ്റോറന്‍റുകൾ നോക്കുന്ന, ഒരുപക്ഷേ ഏറ്റവും വിലകുറഞ്ഞത് കണ്ടെത്താൻ ശ്രമിക്കുന്ന "തവിട്ട് നിറമുള്ള ഒരു സഹ മനുഷ്യൻ" എന്നാണ് നിവേദിത ശുക്ല തന്‍റെ സഹയാത്രക്കാരനെ കുറിച്ച് എഴുതിയത്. "ഇപ്പോൾ 3 മണിക്കൂർ കഴിഞ്ഞു, ഡബ്ലിനിൽ നിന്ന് എന്നോടൊപ്പം വിമാനത്തിൽ കയറിയ ഒരു തവിട്ട് നിറമുള്ള മനുഷ്യനെ ഞാൻ ശ്രദ്ധിച്ചു. വിനീതമായ വസ്ത്രം, മുഷിഞ്ഞ മുഖം, കീറിപ്പറിഞ്ഞ ബാക്ക്പാക്ക്, മങ്ങിയ ജാക്കറ്റ്. ഈ മനുഷ്യൻ ദരിദ്രനാണെന്ന് എന്തോ എന്നോട് പറഞ്ഞു. മിക്ക ആളുകളും ഒന്നുകിൽ എനിക്ക് വെറുപ്പുള്ള ഒരു നോട്ടത്തോടെ അവനെ നോക്കുകയായിരുന്നു, അല്ലെങ്കിൽ അവനെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു," അവർ എഴുതി.
'പോയി ചാക്'
അയാൾ വ്യത്യസ്ത ഔട്ട്ലെറ്റുകളിലെ ഭക്ഷണമെനുവിൽ വില കുറഞ്ഞ ഭക്ഷണം തപ്പി നടന്നു. അവനെ കരുതി എന്‍റെ ഹൃദയം വേദനിച്ചു. യൂറോ ചെലവഴിക്കാൻ തയ്യാറാകാത്ത കഠിനാധ്വാനിയായ ഒരാളാകാമെന്ന് നിവേദിത എഴുതി. പിന്നാലെ തന്‍റെ കൈയിൽ കൂടുതൽ ഭക്ഷണം ഉണ്ടെന്നും അത് അയാൾക്ക് നൽകാൻ പദ്ധതിയിട്ടിരുന്നുവെന്നും അവർ എഴുതി. പക്ഷേ, പെട്ടെന്ന് സംഗതികൾ മാറി മറിഞ്ഞു. ഭക്ഷണ പൊതിയുമായി താൻ അയാളുടെ അടുത്തെത്തി താങ്കൾ ഡബ്ലിൻ നിന്നാണോ വരുന്നതെന്ന് ചോദിച്ചു. അയാൾ ഹിന്ദിയിൽ അതെ എന്ന് മറുപടി പറഞ്ഞു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ കറാച്ചി, പാകിസ്ഥാൻ എന്നായിരുന്നു അയാളുടെ മറുപടി. "ഞാൻ തിരിഞ്ഞ് എന്‍റെ കസേരയിലേക്ക് തിരിച്ചു നടന്നു. 'പോയി ചാക്'. നിവേദിത ശുക്ല എഴുതി.
'ഇതുതന്നെ കാരണം'
നിവേദിത ശുക്ലയുടെ കുറിപ്പ് മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് കണ്ടത്. ഇതിനകം 21 ലക്ഷം പേർ ആ കുറിപ്പ് വായിച്ചു. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ നിന്നും അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. "എന്‍റെ മതഭ്രാന്ത് നല്ലതും ന്യായീകരിക്കാവുന്നതുമാണ്. എന്നാൽ നിങ്ങളുടെ മതഭ്രാന്ത് അന്യായവും വംശീയവുമാണ്," എന്നായിരുന്നു ഒരു കാഴ്ചക്കാരൻ പ്രതികരിച്ചത്. "ഇന്ത്യക്കാർ ഇത്രയും നിന്ദ്യമായി പെരുമാറുകയും സോഷ്യൽ മീഡിയയിൽ ഒരു നേട്ടമായി പോസ്റ്റ് ചെയ്യുകയും ചെയ്താൽ, ഇപ്പോൾ നമ്മളെ ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചിന്തിക്കേണ്ടതില്ല!" എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇപ്പാഴാണ് മറ്റുള്ളവർ എന്തുകൊണ്ടാണ് ഇന്ത്യക്കാരെ വെറുക്കുന്നതെന്ന് വ്യക്തമായതെന്നായിരുന്നു മറ്റൊരാൾ എഴുതിയത്. എന്തു കൊണ്ടാണ് എല്ലാവരും ഇന്ത്യക്കാരെ വെറുക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ പ്രവർത്തി തന്നെയെന്നായിരുന്നു വേറൊരു കുറിപ്പ്.


