പേര് വാക്കർ.മഹാരാഷ്ട്രയിലെ ഒരു വന്യജീവി സങ്കേതത്തിൽ കഴിഞ്ഞു പോന്നിരുന്ന ഒരു കടുവയാണ് വാക്കർ. പേര് അന്വർത്ഥമാക്കുന്ന സ്വഭാവമാണ് അവന്റേത്. കഴിഞ്ഞ ജൂണിൽ തന്റെ മാതൃസങ്കേതത്തിൽ നിന്ന് ഇറങ്ങി നടന്നതാണ് വാക്കർ. അവന്റെ കഴുത്തിൽ ഘടിപ്പിച്ച കോളർ വഴിയാണ് ഈ നടപ്പിന്റെ ഗതി വനം വകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 

മഹാരാഷ്ട്രയിലെയും അയൽ സംസ്ഥാനമായ തെലങ്കാനയിലെയും ഏഴു ജില്ലകൾ കയറിയിറങ്ങി, ഒമ്പതുമാസം കൊണ്ട് 3000 കിലോമീറ്റർ ദൂരം 'നടന്നു' തീർത്ത് വാക്കർ മഹാരാഷ്ട്രയിലെ തന്നെ ന്യാങ്കങ്ക എന്നുപേരുള്ള മറ്റൊരു വന്യജീവി സങ്കേതത്തിലേക്ക് എത്തിയിട്ടുണ്ട് ഇപ്പോൾ. 

ന്യാങ്കങ്ക പുലികൾക്കും, നീലക്കാളകൾക്കും, കാട്ടുപന്നികൾക്കും, മയിലുകൾക്കും, മാനുകൾക്കും ഒക്കെ പ്രസിദ്ധമാണെങ്കിലും, അതിനുള്ളിൽ ഇപ്പോൾ വന്നുപെട്ടിരിക്കുന്ന വാക്കർ അല്ലാതെ ആണോ പെണ്ണോ ആയ ഒരു കടുവ പോലുമില്ല. "അവന് തൽക്കാലം മറ്റൊരു കടുവയിൽ നിന്നും അതിർത്തി പ്രശ്നങ്ങളില്ല, വേണ്ടത്ര ഇരയേയും കിട്ടുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ സങ്കേതത്തിൽ കയറിയ വാക്കർ ഇപ്പോഴും, ഒന്ന് ഇണചേരാൻ മറ്റൊരു പെൺകടുവ വരുന്നതും കാത്ത് അതിനുള്ളിൽ തന്നെ കഴിയുകയാണ് എന്നാണ് വനം വകുപ്പധികൃതർ പറയുന്നത്. ഇതുവരെയുള്ള പതിവ് നടപടിക്രമങ്ങൾ തെറ്റിച്ചുകൊണ്ട് വാക്കർക്ക് ഇണചേരാൻ വേണ്ടി ഒരു പെൺ കടുവയെ എവിടെ നിന്നെങ്കിലും കൊണ്ടുവന്ന് സങ്കേതത്തിൽ ഇറക്കിക്കൊടുത്താലോ എന്ന ചിന്തയിലാണ് വനംവകുപ്പധികൃതർ ഇപ്പോൾ.

ഏകാന്ത ജീവിതം തീരെ ഇഷ്ടമില്ലാത്ത ജീവിവർഗ്ഗമാണ് കടുവകൾ. ഇടയ്ക്കിടെ ഇണചേരാനുള്ള ത്വര അവയ്ക്ക് സ്വാഭാവികമായും ഉള്ളതുമാണ്. എന്നാൽ, അതിന്റെ പേരിൽ ഒരു പെൺകടുവയെ എത്തിച്ചു കൊടുക്കുക എന്നുപറയുന്നത് ഏറെ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള ഒരു ഓപ്പറേഷനാണ് എന്ന് വനംവകുപ്പ് അധികൃതർ സമ്മതിക്കുന്നുണ്ട്. 

അങ്ങനെ എത്തിച്ചു നൽകി പുതിയ കടുവക്കുഞ്ഞുങ്ങൾ ഉണ്ടായാൽ ഈ ചെറിയ വന്യജീവി സങ്കേതത്തിനും അതിനെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്ന കൃഷിയിടങ്ങൾക്കും അതൊരു ഭീഷണിയാകുമോ എന്നതാണ് ഇപ്പോൾ അവർ പരിശോധിക്കുന്ന ഒരു കാര്യം. മാത്രവുമല്ല, കടുവകളുടെ എണ്ണം കൂടിയാൽ അത് അവയ്ക്ക് വേണ്ടത്ര ഇര കിട്ടാത്ത സാഹചര്യമുണ്ടാക്കും. ഒരു കടുവയ്ക്ക് കൃത്യമായി വേട്ടയാടി ഇര കിട്ടണം എങ്കിൽ ചുരുങ്ങിയത് 500 മൃഗങ്ങളെങ്കിലും ആ കാട്ടിൽ ആരോഗ്യത്തോടെ ഉണ്ടാവണം എന്നാണ് കണക്ക്. കാട്ടിൽ ഇരകിട്ടാതെ പട്ടിണിയിൽ ആവുമ്പോഴാണ് കടുവകൾ നാട്ടിലേക്കിറങ്ങുന്നതും, മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറുന്നതും. അതുകൊണ്ട്, എന്തുചെയ്താലും, അത് വരും വരായ്കകൾ ചിന്തിച്ചുറപ്പിച്ച ശേഷം മാത്രമാകും എന്ന് വനം വകുപ്പ് അധികൃതർ ബിബിസിയോട് പറഞ്ഞു.