കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുപിയില്‍ നിന്നും 4,000 ത്തില്‍ അധികം യുവാക്കളാണ് ഇസ്രയേലിലേക്ക് തൊഴിലാളികളായി പോയത്.
ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ യുപിയിലെ ആയിരക്കണക്കിന് യുവാക്കളുടെ കുടുംബങ്ങളില്‍ ഭയാശങ്കകളാണ്. അടുത്തിടെ മെച്ചപ്പെട്ട ജീവിതം തേടി ഇസ്രയേലിലേക്ക് ജോലിക്ക് പോയ തൊഴിലാളികളുടെ കുടുംബങ്ങളാണ് ആശങ്കയോടെ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഓരോ ദിവസവും ചെയ്യുന്ന വീഡിയോ കോള്‍ മാത്രമാണ് ഇപ്പോൾ കുടുംബവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ പദ്ധതികളിൽ ജോലി ചെയ്യുന്നതിനായി 4,000-ത്തിലധികം യുവാക്കളാണ് യുപിയിൽ നിന്നും ഇസ്രയേലിലേക്ക് തൊഴിലാളികളായി പോയത്. മിക്ക തൊഴിലാളികളും അഞ്ച് വര്‍ഷത്തെ കരാറിനാണ് ഇസ്രയേലിലേക്ക് പോയത്.
യുപിയിലെ ബഹ്‌റൈച്ചിലെ സാഹെബ്‌പൂർവ കുഗ്രാമത്തിൽ നിന്നും ഏതാണ്ട് 30 ഓളം യുവാക്കളാണ് ഇസ്രയേലിലേക്ക് തൊഴില്‍ തേടി പോയത്. ജോലി സ്ഥലത്തായാലും താമസസ്ഥലത്തായാലും സൈറണ്‍ മുഴങ്ങി മിനിറ്റുകൾക്കുള്ളില്‍ ബങ്കറിലേക്ക് എത്തണമെന്നാണ് ബീർബൽ പറയുന്നത്. ബീർബലിന്‍റെ സഹോദരന്‍ ശിവം സാഹ്നി ഇസ്രായേലിലാണ്. ശിവമാണ് സഹോദരന് ഈ വിവരം കൈമാറിയത്. 'ഞാൻ ഇന്ന് രാവിലെ ശിവമിനോട് സംസാരിച്ചു, അവനും മറ്റ് തൊഴിലാളികളും സുരക്ഷിതരാണ്, ഏതെങ്കിലും വ്യോമാക്രമണത്തിന് അലാറം അടിക്കുമ്പോഴെല്ലാം ബങ്കറുകളിലേക്ക് പോകാൻ അവരോട് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ സർക്കാർ അവരെ തിരികെ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ബീര്‍ബൽ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗ്രാമത്തിലെ മനോജ് കുമാര്‍ പറയുന്നത് ടെല്‍അവീവിലുള്ള തന്‍റെ രണ്ട് അനന്തരവന്മാര്‍ കഴിഞ്ഞ നാല് ദിവസമായി ബങ്കറുകളിലാണ് താമസിക്കുന്നതെന്നാണ്. ടെല്‍അവീവിലെ ജോലികളെല്ലാം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൂന്നോളം മിസൈലുകൾ ടെല്‍അവീവില്‍ പതിച്ചെന്നും ഇതോടെ യുദ്ധ രൂക്ഷമായെന്നും അനന്തരവന്‍ പറഞ്ഞതായി മനോജ് കൂട്ടിച്ചേർക്കുന്നു. സാഹെബ്‌പൂർവ ഗ്രാമത്തിലെ മാത്രമല്ല, സമീപ ഗ്രാമങ്ങളിലെ മനുഷ്യരും ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ ആശങ്കാകുലരാണ്. അവരുടെ ഗ്രാമത്തില്‍ നിന്നും യുവാക്കൾ ഇസ്രയേലിലേക്ക് പോയിട്ടുണ്ട്. എല്ലാവര്‍ക്കും പങ്കുവയ്ക്കാനുള്ളത് ഒരേ കഥ തന്നെ. അതേസമയം തങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് തന്നെ രാജ്യം അവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് ഗ്രാമവാസികളെല്ലാം ഉറച്ച് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


