Asianet News MalayalamAsianet News Malayalam

അരികഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിക്കാം, ധാരാളം പഴങ്ങള്‍ ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍

ചട്ടിയിലും ചാമ്പക്ക നട്ടുവളര്‍ത്താം. വളര്‍ന്ന് വരുമ്പോള്‍ മൂന്ന് മാസത്തിനുശേഷം പറിച്ചുനടാം. നല്ല ഉയരമുള്ള പാത്രങ്ങളില്‍ നട്ടാല്‍ വേര് നല്ല ആഴത്തില്‍ പോകും. മാസത്തില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താം. 

water apple or Syzygium aqueum how to grow
Author
Thiruvananthapuram, First Published Dec 19, 2019, 10:55 AM IST

പ്രകൃതി നമുക്ക് നല്‍കിയ പോഷകഗുണങ്ങളുള്ള നല്ലൊരു പഴമാണ് ചാമ്പക്ക. കുരു മുളപ്പിച്ചും കൊമ്പ് നട്ടുപിടിപ്പിച്ചും വളര്‍ത്താവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ മിക്ക വീട്ടുമുറ്റത്തും കാര്യമായ പരിചരണമൊന്നും നല്‍കാതെ നല്ല ഭംഗിയുള്ള ചാമ്പക്ക പഴങ്ങള്‍ വിളഞ്ഞുനില്‍ക്കാറുണ്ട്. മറ്റെല്ലാ പഴങ്ങളും കൃഷി ചെയ്യുന്നതുപോലെ ചാമ്പക്കയ്ക്കും കൃത്യമായ പരിചരണ രീതികള്‍ ഉണ്ട്.

കൃഷിരീതിയും വളപ്രയോഗവും

നന്നായി മൂത്ത് പഴുത്ത ചാമ്പക്കയുടെ ഉള്ളിലുള്ള വിത്ത് ആണ് നടീല്‍ വസ്തു. നന്നായി വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് കൃഷി ചെയ്യണം.

നടാനായി കുഴികള്‍ തയ്യാറാക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. സാധാരണ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയുമാണ് കുഴിയില്‍ വളമായി നല്‍കുന്നത്. മേല്‍മണ്ണുമായി ഇത് കൂട്ടിയോജിപ്പിക്കണം. ചാമ്പക്ക വിത്ത് നട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസത്തേക്ക് നന്നായി നനയ്ക്കണം. വേനല്‍ക്കാലമായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം.

water apple or Syzygium aqueum how to grow

 

ചട്ടിയിലും ചാമ്പക്ക നട്ടുവളര്‍ത്താം. വളര്‍ന്ന് വരുമ്പോള്‍ മൂന്ന് മാസത്തിനുശേഷം പറിച്ചുനടാം. നല്ല ഉയരമുള്ള പാത്രങ്ങളില്‍ നട്ടാല്‍ വേര് നല്ല ആഴത്തില്‍ പോകും. മാസത്തില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താം. അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളില്‍ മുട്ടത്തോട്, നേന്ത്രപ്പഴത്തൊലി എന്നിവയെല്ലാം ചേര്‍ത്ത് അല്‍പ്പം കഞ്ഞിവെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് അരച്ചെടുക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചാമ്പക്കയുടെ വേരിന്റെ ഭാഗത്ത് നിന്നും അല്‍പ്പം വിട്ട് ഒഴിച്ചുകൊടുക്കാം. എന്നിട്ട് അല്‍പ്പം മണ്ണ് മുകളിലായി വിതറുക. ഇങ്ങനെ ചെയ്താല്‍ ധാരാളം പഴങ്ങള്‍ ഉണ്ടാകും.

അതുപോലെ കടലപ്പിണ്ണാക്ക് നല്ലൊരു വളമാണ്. ഒരു പാത്രത്തില്‍ കടലപ്പിണ്ണാക്ക് ഇട്ട് അല്‍പ്പം വെള്ളമൊഴിച്ച് അഞ്ച് ദിവസം വെക്കുക. പുളിച്ച് വരുമ്പോള്‍ തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ച് ചെടിയുടെ വേരില്‍ നിന്ന് അല്‍പ്പം വിട്ട് ഒഴിച്ചു കൊടുക്കാം. പഴങ്ങള്‍ ധാരാളം ഉണ്ടാകാനുള്ള മറ്റൊരു മാര്‍ഗമാണിത്.

ചൂട് മൂലം ചാമ്പക്ക പൊഴിയാതിരിക്കാന്‍ ചാമ്പക്കയുടെ ചുവട്ടില്‍ ചകിരി വെച്ചുകൊടുക്കാം. പച്ചിലകളും ഇട്ടുകൊടുക്കാം. അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.

നല്ല വെയിലത്ത് വളരുന്ന ചാമ്പക്കയില്‍ പുഴുക്കള്‍ കുറവാണ്. ഗന്ധകം പുകച്ചാല്‍ പുഴുവിനെ നശിപ്പിക്കാം.

ബാങ്കോക്ക് ചാമ്പ

ബാങ്കോക്കില്‍ നിന്ന് കേരളത്തിലെത്തിയ ചാമ്പക്കയാണ് ഇത്. ഈ ചാമ്പക്കയുടെ ഉള്ളില്‍ കുരുവില്ല. അതുകൊണ്ട് കമ്പ് മുറിച്ചുനട്ടാണ് വേര് പിടിപ്പിക്കുന്നത്.

സാധാരണ ചാമ്പക്ക നടുന്നത് പോലെ തന്നെയാണ് ബാങ്കോക്ക് ചാമ്പക്ക നടുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ഇതില്‍ കായയുണ്ടാകുന്നത്.

മലേഷ്യന്‍ ചാമ്പക്ക

വളരെ രുചികരമായ ചാമ്പക്കയാണ് മലേഷ്യന്‍ റെഡ് ചാമ്പക്ക. തൈ നട്ട് ഒരു വര്‍ഷം കഴിഞ്ഞാല്‍ കായ്ച്ചുതുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി വിളവ് ലഭിക്കും. കായകള്‍ മുഴുവന്‍ പറിച്ചെടുത്തു കഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്താം.

ജൈവവളങ്ങള്‍ നല്‍കാം. നനയ്‌ക്കേണ്ട ആവശ്യമൊന്നും ഇല്ല. നല്ല തേനിന്റെ രുചിയാണ് മലേഷ്യന്‍ ചാമ്പക്കയ്ക്ക്. ഒരു വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും വിളവെടുക്കാം.  വളരെ ഉയരത്തില്‍ വളരില്ല. അധികം വെള്ളമൊഴിച്ചാല്‍ മധുരം കുറയും.

ചാമ്പക്കയുടെ ഗുണഗണങ്ങള്‍

ചാമ്പക്കയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരത്തിലെ ജലനഷ്ടം പരിഹരിക്കാന്‍ ഇതുകൊണ്ടു കഴിയും. അതുപോലെ തന്നെ ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാനും കഴിയും.

ചാമ്പക്ക ഉണക്കിയെടുത്താല്‍ അച്ചാറിട്ട് സൂക്ഷിക്കാം. അതുപോലെ തന്നെ കുരു ഉണക്കിപ്പൊടിച്ച് കഴിച്ചാല്‍ തിമിരം, ആസ്ത്മ എന്നിവയ്ക്കുള്ള പരിഹാരമാണെന്ന് പറയപ്പെടുന്നു.

water apple or Syzygium aqueum how to grow

പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. നമ്മുടെ  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചാമ്പക്ക സഹായിക്കുന്നു.

സോഡിയം, അയേണ്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവ അടങ്ങിയ ചാമ്പക്ക വേനല്‍ക്കാലത്ത് ദാഹശമനിയായും ഉപയോഗിക്കാം. ചാമ്പക്ക കഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യത്തിനും മാനസിക ഉന്മേഷം ലഭിക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

ജ്യൂസ്, സ്‌ക്വാഷ്, വൈന്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ഉത്തമമാണ് ഈ പഴം. പച്ചയ്ക്ക് കഴിക്കാനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ചാമ്പക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും വിദഗ്ധര്‍ പറയുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.


 

Follow Us:
Download App:
  • android
  • ios