ഗ്രാമത്തില്‍ കൃഷി ചെയ്യാന്‍ വെള്ളമില്ല, ശരിയാംവിധം അലക്കാനും കുളിക്കാനും കുടിക്കാനും വെള്ളമില്ല. എന്തുചെയ്യും? ഈ ഗ്രാമവും അനുഭവിച്ചുപോരുന്ന പ്രശ്നമായിരുന്നു. ഒടുവില്‍ അവിടെയുള്ള ഇരുന്നൂറ്റിയമ്പത് സ്ത്രീകള്‍ ചേര്‍ന്ന് അതിനൊരു പരിഹാരം കണ്ടെത്തി. അവര്‍, ജലക്ഷാമം പരിഹരിക്കുന്നതിനായി മല തുരന്ന് ഗ്രാമത്തിലുള്ള ഒരു കുളത്തിലേക്ക് വെള്ളമെത്തിക്കാനുള്ള വഴിയൊരുക്കി. വെള്ളത്തിന് ഒഴുകാന്‍ തടസമുണ്ടായിരുന്നയിടത്തെ കല്ലുകളും പാറകളുമെല്ലാം നീക്കം ചെയ്തു. മധ്യപ്രദേശിലെ Angrotha ഗ്രാമത്തിലെ സ്ത്രീകളാണ് ജലദൗര്‍ലഭ്യം പരിഹരിക്കാനായി മുന്നിട്ടിറങ്ങിയത്. 

പതിനെട്ട് മാസങ്ങള്‍ കഠിനമായി ജോലി ചെയ്തിട്ടാണ് ഈ സ്ത്രീകള്‍ക്ക് ഗ്രാമത്തിലേക്ക് വെള്ളത്തിന് വഴിയൊരുക്കാനായി മല തുരക്കാനായത്. കുളത്തിലേക്ക് വെള്ളമിറങ്ങുന്നതിനായി സ്ത്രീകളെല്ലാം ചേര്‍ന്ന് മല തുരക്കുകയായിരുന്നു. കുറേക്കാലമായി ഈ ഗ്രാമം ജലക്ഷാമം അനുഭവിച്ചുപോരുകയായിരുന്നു. ''കാട്ടില്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍, അത് ഗ്രാമത്തിലേക്കെത്തുന്നില്ലായിരുന്നു. അതിന് ഒഴുകിയെത്താന്‍ തടസങ്ങളുണ്ടായിരുന്നു. അത് നീക്കുകയും അതിന് ഒഴുകി ഗ്രാമത്തിലെ കുളത്തിലേക്കെത്താനുള്ള വഴി നിര്‍മ്മിക്കുകയും ചെയ്യേണ്ടി വന്നു. അതിനായി മല തുരക്കുകയായിരുന്നു'' -സ്ത്രീകളിലൊരാളായ ബിബിത രജ്‍പുത് എഎന്‍ഐ -യോട് പറയുകയുണ്ടായി. 

''ഇവിടെ ജലക്ഷാമമുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ ഞങ്ങള്‍ സ്വയമേവ തന്നെയാണ് ഇത് ചെയ്തത്. ഞങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ കന്നുകാലികളും വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. അങ്ങനെ 250 സ്ത്രീകള്‍ ചേര്‍ന്നാണ് കുളത്തിലേക്ക് വെള്ളമെത്തിക്കാനുള്ള വഴി മല തുരന്നുണ്ടാക്കിയത്. ഈ ജോലി തീര്‍ക്കുന്നതിനായി പതിനെട്ട് മാസങ്ങളാണ് ഞങ്ങളെടുത്തത്.'' -പ്രദേശത്ത് താമസിക്കുന്ന വിവിതാബായി അദിവാസി പറഞ്ഞു. 

''കഴിഞ്ഞ 18 മാസങ്ങളായി ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ ഗ്രാമത്തില്‍ വെള്ളമെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അവര്‍ മല തുരക്കുകയും വെള്ളത്തിനെത്തിച്ചേരാനുള്ള വഴിയൊരുക്കുകയും ചെയ്തു. വെള്ളമൊഴുകുന്നതിന് തടസമുണ്ടാക്കിക്കൊണ്ട് വഴിയില്‍ നിന്നിരുന്ന വലിയ കല്ലുകളും മറ്റും അവര്‍ മാറ്റുകയുണ്ടായി. ഗ്രാമവാസിയായ രാം രത്തന്‍ സിങ് രജപുത് പറയുന്നു. ഗ്രാമത്തിലേക്ക് ജലമെത്തിക്കാനുള്ളതിന്‍റെ പ്രാഥമികലക്ഷ്യം കൃഷിക്കും കന്നുകാലികള്‍ക്കും സഹായകമാക്കുക എന്നതായിരുന്നു. ഏതായാലും ഈ സ്ത്രീകളുടെ ദൃഢനിശ്ചയത്തിനും കഠിനപ്രയത്നത്തിനും ശേഷം മല തുരക്കുകയും കുളത്തിലേക്ക് വെള്ളമൊഴുകാനുള്ള വഴി രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. 

ലോംഗി ഭുയന്‍

നേരത്തെ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി ഇതുപോലെ കഠിനപ്രയത്നത്താല്‍ കനാല്‍ നിര്‍മ്മിച്ചയാളാണ് ബീഹാറിലെ കോതിലാവ സ്വദേശി ലോംഗി ഭുയന്‍. മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ സ്വന്തം കൈകൊണ്ട് തന്നെ വെട്ടിയുണ്ടാക്കിയ ഈ കര്‍ഷകന്‍ നേരത്തെ വാര്‍ത്തയായിരുന്നു. ജലക്ഷാമത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെ പലരും അവിടം വിട്ടുപോയെങ്കിലും അദ്ദേഹം മാത്രം അവിടെ തുടരുകയായിരുന്നു. ഒടുവില്‍ ജലക്ഷാമം പരിഹരിക്കാനും അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി.

കാലികളെ മേയ്ക്കാനായി അടുത്തുള്ള കുന്നുകളിലേക്ക് പോകുന്ന അദ്ദേഹം കാലികളെ മേയാന്‍ വിട്ടശേഷം കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. കൈക്കോട്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. കൃഷിയും കാലിവളര്‍ത്തലുമായി ജീവിച്ചിരുന്ന ഗ്രാമവാസികള്‍ പലപ്പോഴും ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയിരുന്നു. അതിനാണ് ലോംഗിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഹാരം കണ്ടത്. അന്ന് ലോംഗിയെ അഭിനന്ദിച്ച് ഒരുപാടുപേര്‍ രംഗത്തെത്തിയിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ മഹീന്ദ്ര അദ്ദേഹത്തിന് ഒരു ട്രാക്ടര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.