ഒരു സ്കൂളിന്‍റെ 24-ാം വാർഷികാഘോഷത്തിന് സ്കൂൾ ഹെഡ് ബോയി നടത്തിയ സ്വാഗത പ്രസംഗം നേപ്പാളിനെ ചൂട് പിടിപ്പിച്ചു. ആ പ്രസംഗത്തിന് ആറ് മാസങ്ങൾക്ക് ശേഷം നേപ്പാൾ നിന്ന് കത്തുകയാണ്.
നേപ്പാളിലെ ഒരു സ്കൂൾ വാർഷിക ചടങ്ങിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് കത്തുകയാണ്. നേപ്പാളിലെ ഹോളി ബെൽ ഇംഗ്ലീഷ് സെക്കൻഡറി സ്കൂളിലെ ഹെഡ് ബോയ് അബിസ്കർ റൗത്ത് എന്ന കൗമാരക്കാരനാണ് തന്‍റെ മുന്നിലിരിക്കുന്ന അധ്യാപികമാരെയും സഹപാഠികളെയും സാക്ഷി നിര്‍ത്തി സംസാരിക്കുന്നത്. പക്ഷേ, അവനില്‍ നിന്നും പുറത്ത് വന്ന വാക്കുകൾ ഒരിക്കലും ഒരു കൗമാരക്കാരന്‍റെതായിരുന്നില്ല. അവന്‍ ആത്മവിശ്വാസം തികഞ്ഞ വാക്കുകൾ ഒരു നേതാവിന്‍റെ കരുത്ത് തെളിയിക്കുന്നവയായിരുന്നു. ആ പ്രസംഗത്തിന് ആറ് മാസങ്ങൾക്കിപ്പുറം നേപ്പാൾ നിന്ന് കത്തുകയാണ്. ആളിക്കത്തിയ പ്രതിഷേധത്തിന് മുന്നില്‍ ജെന്‍സി തലമുറയും. ഒരു രാജ്യത്തെ ഇത്രയേറെ പ്രചോദിപ്പിച്ച ആ പ്രാസംഗികന്‍ അബിസ്കർ റൗത്ത് ആരാണ്?
"ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നു, ഒരു പുതിയ നേപ്പാൾ കെട്ടിപ്പടുക്കുക എന്ന സ്വപ്നവുമായി, എന്‍റെ ഉള്ളിൽ ജ്വലിക്കുന്ന പ്രതീക്ഷയുടെയും അഭിനിവേശത്തിന്‍റെയും അഗ്നിയുമായി. പക്ഷേ, ഈ സ്വപ്നം വഴുതി വീഴുന്നതായി തോന്നുന്നതിനാൽ എന്‍റെ ഹൃദയത്തിന് ഭാരം തോന്നുന്നു. വരാനിരിക്കുന്ന ഈ സാമ്രാജ്യത്തിന്‍റെ ഭാവികളേ, ഉയർന്നുവരിക, പ്രകാശിക്കുക," റൗത്ത് തന്‍റെ മുന്നിലിരിക്കുന്ന സഹപാഠികളോട് പറഞ്ഞയുമ്പോൾ എങ്ങും കരഘോഷം മാത്രം. സ്കൂളിന്‍റെ 24-ാം വാർഷിക പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയായിരുന്നു സ്കൂളിലെ ഹെഡ് ബോയ് എന്ന നിലയില്‍ അബിസ്കർ റൗത്ത് അവിടെ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അന്ന് അവന്‍ അഭിസംബോധന ചെയ്തത് ആ ഹാളിലുണ്ടായിരുന്ന തന്‍റെ സഹപാഠികളെ മാത്രമായിരുന്നില്ല. രാജ്യത്തെ മൊത്തം വിദ്യാര്‍ത്ഥികളെയുമായിരുന്നു. പുതിയ തലമുറയെ ആയിരുന്നു.
'നിങ്ങളുടെ മുകളിൽ വട്ടമിട്ടിരിക്കുന്ന ഇരുണ്ട മേഘങ്ങളെ തുളച്ചുകയറിക്കൊണ്ട് നിങ്ങളുടെ ബോധത്തിൽ വെളിച്ചം വീശാൻ ഈ നിമിഷം ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. ചരിത്രത്തിന്‍റെ ഗതിയിൽ ഒരു മഹത്തായ മാറ്റം അനശ്വരമാക്കാൻ ഞാൻ ഇന്ന് ഇവിടെ സന്നിഹിതനാണ്. നമ്മുടെ അമ്മയായ നേപ്പാൾ, ഈ രാജ്യം നമ്മെ പ്രസവിച്ചു, വളർത്തി. പക്ഷേ, അത് എന്താണ് തിരിച്ച് ആവശ്യപ്പെട്ടത്? നമ്മുടെ സത്യസന്ധത, കഠിനാധ്വാനം, നമ്മുടെ സംഭാവന മാത്രം. പക്ഷേ നമ്മൾ എന്താണ് ചെയ്യുന്നത്? തൊഴിലില്ലായ്മയുടെ ചങ്ങലകളാൽ ബന്ധിതരായിരിക്കുന്നു, അവസരങ്ങളുടെ വിശാലമായ ഉറവിടം കാണുന്നു. രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥ കളികളിൽ നമ്മൾ കുടുങ്ങിയിരിക്കുന്നു. നമ്മുടെ ഭാവിയുടെ വെളിച്ചം കെടുത്തിക്കളയുന്ന ഒരു വലയിൽ അഴിമതി വളർന്നിരിക്കുന്നു," റൗട്ട് കത്തിക്കയറി.
'നിങ്ങൾ ശബ്ദമുയർത്തിയില്ലെങ്കിൽ, ആരാണ് ശബ്ദമുയർത്തുക? നിങ്ങൾ ഈ രാഷ്ട്രം കെട്ടിപ്പടുത്തില്ലെങ്കിൽ, ആരാണ് ശബ്ദമുയർത്തുക? ഇരുട്ടിനെ കത്തിക്കുന്ന തീയാണ് ഞങ്ങൾ. അനീതി തുടച്ചുനീക്കി സമൃദ്ധി കൊണ്ടുവരുന്ന കൊടുങ്കാറ്റാണ് ഞങ്ങൾ. ഈ രാഷ്ട്രത്തിന് നൽകാൻ രക്തം ചൊരിഞ്ഞ പൂർവ്വികരെ അനുസ്മരിക്കുന്നു. നമുക്ക് അത് നഷ്ടപ്പെടുത്താൻ കഴിയില്ല. നമ്മളാണ് തീ. എല്ലാ നിരാശയും നമ്മൾ കത്തിച്ചുകളയും. നമ്മൾ ഈ രാജ്യത്തിന്‍റെ വിധി മാറ്റുമോ, അതോ അതിനെ ചങ്ങലകളിൽ തളച്ചിടുമോ? നിരാശയുടെ ഇരുട്ടിൽ മുങ്ങണോ അതോ പ്രതീക്ഷയുടെ സൂര്യനായി ഉദിക്കണോയെന്ന് നിങ്ങൾ തീരുമാനിക്കുക. ഞാൻ മരിച്ചാലും എന്‍റെ രാജ്യം നിലനിൽക്കുമോ എന്ന് ചോദിച്ച ബീരേന്ദ്ര രാജാവിന്‍റെ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിൽ വഹിച്ചുകൊണ്ട് ചരിത്രത്തിന്‍റെ ഗതിയിൽ മാറ്റത്തിന്‍റെ ഒരു സ്മാരകം കൊത്തിവയ്ക്കുക. നേപ്പാൾ നമ്മുടേതാണ്, അതിന്‍റെ ഭാവി നമ്മുടെ കൈകളിലാണ്. ജയ് യുഗ! ജയ് നേപ്പാൾ!' അബിസ്കർ റൗത്ത് എന്ന കൗമാരക്കാരന്‍ തന്‍റെ സ്വാഗത പ്രസംഗം അവസാനിപ്പിക്കുമ്പോൾ എങ്ങും കരഘോഷം മാത്രം.
അബിസ്കർ റൗത്തിന്‍റെ പ്രസംഗം നേപ്പാളിലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിദ്യാർത്ഥികൾ മാത്രമല്ല, യുവാക്കളും മധ്യവയസ്ക്കരും സാധാരണക്കാരും തൊഴിലാളികളും ആ പ്രസംഗം കേട്ടു. ഭരണകൂടവും. പിന്നാലെ സമൂഹ മാധ്യമങ്ങൾ തന്നെ നിരോധിക്കാന്‍ ഭാരണകൂടം ഉത്തരവിട്ടു. ഇല്ലെങ്കില്‍ ആ പ്രസംഗമുയര്‍ത്തിയ തീ തങ്ങളെ വിഴുങ്ങുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു കാര്യങ്ങൾ. ജനം അല്ല, വിദ്യാര്‍ത്ഥികൾ തെരുവിലിറങ്ങി. പുതുതലമുറ കൊളുത്തിയ തീയിൽ പ്രാധനമന്ത്രിയുടെ വസതിയും പാര്‍ലമെന്‍റും ചുട്ടെരിഞ്ഞു. നേപ്പാൾ നിന്ന് കത്തി.
ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ ആപ്പുകളാണ് കഴിഞ്ഞ തിങ്കളാഴ്ച നേപ്പാൾ സര്‍ക്കാര്‍ നിരോധിച്ചത്. പിന്നാലെ കൗമാരക്കാരും യുവാക്കളും തെരുവിലിറങ്ങി. അവര്‍ക്ക് മുന്നില്‍ അബിസ്കർ റൗത്തിന്‍റെ വാക്കുകൾ അലയടിച്ചു. സര്‍ക്കാർ നിരോധനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ രാജി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു, പാർലമെന്‍റ് പിടിച്ചെടുക്കുകയും തീയിടുകയും ചെയ്തു. പിന്നാലെ ഒലി രാജ്യം വിട്ടു. കാഠ്മണ്ഡു വിമാനത്താവളത്തിന്‍റെയും സെക്രട്ടേറിയറ്റ് കെട്ടിടത്തിന്‍റെയും പൂർണ നിയന്ത്രണം നേപ്പാൾ സൈന്യം ഏറ്റെടുത്തു. ഇന്ന് പ്രതിഷേധങ്ങൾക്ക് മുന്നില്‍ തീ പടര്‍ത്തി അബിസ്കർ റൗത്തുമുണ്ട്.


