സര്‍ക്കാറിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും ഒരുവശത്ത്. മറുവശത്ത് അസ്വസ്ഥരായ പുതു തലമുറ. എല്ലാറ്റിനും ഊർജ്ജം പക‍ർന്നത് സര്‍ക്കാറിന്‍റെ ചില നയങ്ങളും. വായിക്കാം നേപ്പാളിലെ ജെന്‍ സി വിപ്ലവം. 

ഞ്ചിലൊന്ന് ആൾക്കാരും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന രാജ്യം. യുവാക്കൾക്ക് ഇടയിൽ അനുദിനം വർധിക്കുന്ന തൊഴിലില്ലായ്മ. വിപണിയെ ഭരിക്കുന്നത് അയൽ രാജ്യങ്ങളിൽ നിന്നും സമ്പന്ന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ചരക്കുകൾ. അതിൽ പലതിനും സാധാരണക്കാർക്ക് സ്വപ്നം കാണാൻ പറ്റാത്ത വിലയും. ഫേസ്ബുക്കും ഇൻസ്റ്റയും ഉൾപ്പെടെയുള്ള ജനപ്രിയ സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം മാത്രമല്ല നേപ്പാളിലെ പ്രക്ഷോഭത്തെ ആളിക്കത്തിച്ചത്. അനുദിനം വഷളാകുന്ന സാമ്പത്തിക സ്ഥിതിയും ഭരണാധികാരികളുടെ അഴിമതിക്കെതിരെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ നീറിപ്പുകയുന്ന അമർഷവും അസ്ഥിര ഗവൺമെന്‍റുകൾക്ക് എതിരായ പ്രതിഷേധവും ചേർന്ന് സങ്കീർണ്ണമാക്കിയ സാഹചര്യമാണ് നിലവിൽ നേപ്പാളിൽ.

ആ സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞാണ് കൂടുതൽ പ്രതിരോധത്തിന് മുതിരാതെ പ്രധാനമന്ത്രി കെ പി ഒലി രാജിവച്ച് ഒഴിഞ്ഞതും രാജ്യത്ത് നിന്ന് പലായനം ചെയ്തതും. അതുതന്നെയാണ് പ്രസിഡന്‍റ് രാമചന്ദ്ര പൗഡലിനെയും രാജിയുടെ വക്കിൽ എത്തിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്‍റെ ചെയർമാനായ ഒലി നയിച്ച സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്ന കാര്യം ആലോചിക്കുകയാണ് രാഷ്ട്രീയ എതിരാളികളായ നേപ്പാളി കോൺഗ്രസ്. രാജഭരണം അവസാനിപ്പിച്ച് റിപ്പബ്ലിക്കായി മാറിയിട്ട് 17 വർഷമായെങ്കിലും നേപ്പാളിൽ രാഷ്ട്രീയ അസ്ഥിരത വിട്ടൊഴിഞ്ഞിട്ടില്ല. ഇക്കാലയളവിൽ 14 സർക്കാരുകളാണ് രാജ്യം ഭരിച്ചത്. ഒലിയും മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയും നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബയും മാറിമാറി നിയന്ത്രിച്ച സർക്കാരുകളായിരുന്നു ഭരണത്തിൽ.

അഴിമതിയും നെപോ കിഡ്സും

എന്നാൽ, രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കാനോ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനോ അഴിമതിക്ക് കടിഞ്ഞാണിടാനോ ഇവർ ആരും ഒന്നും ചെയ്തില്ലെന്നാണ് സാധാരണക്കാർ വിശ്വസിക്കുന്നത്. അതിനൊപ്പമാണ് നെപോ കിഡ്സിന്‍റെ ആഡംബര ജീവിതത്തെ പറ്റിയുയരുന്ന പരാതികൾ. 15 നും 24 നും ഇടക്കുള്ള നേപ്പാളി യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 23 ശതമാനമാണ്. എന്നാൽ ഈ പ്രായത്തിലുള്ള നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മക്കൾ സുഖലോലുപ ജീവിതമാണ് നയിക്കുന്നത്. അവരെ വിശേഷിപ്പിക്കാൻ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട പ്രയോഗമാണ് 'നെപോ കിഡ്സ്'. ഇവർക്കെതിരെ മാസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ രോഷപ്രകടനം ശക്തമായി വരുകയായിരുന്നു.

ഇതിനൊപ്പം സർക്കാരിന്‍റെ അഴിമതിയും സമൂഹ മാധ്യമങ്ങൾ വീറോടെ തന്നെ ചർച്ച ചെയ്തു. കഴിഞ്ഞ വർഷം നേപ്പാളിനെ പിടിച്ചുകുലുക്കിയത് കോടതിയിൽ എത്തിയ എയർ ബസ് അഴിമതിക്കേസാണ്. 2017 -ൽ ദേശീയ വിമാന കമ്പനിയായ നേപ്പാൾ എയർലൈൻസ് കോർപറേഷൻ പുതിയ എയർ ബസ് എ 330 വിമാനങ്ങൾ വാങ്ങിയതിൽ 147 കോടി രൂപയുടെ അഴിമതി കാട്ടിയെന്ന കേസിൽ കോടതി നാല് ഉന്നത ഉദ്യോഗസ്ഥരെ ശിക്ഷിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. അന്ന് വ്യോമയാന മന്ത്രിയായ ജീവൻ ബഹാദൂർ ഷാഹി ഉൾപ്പെടെ 26 പേരെ കോടതി വെറുതെ വിട്ടിരുന്നു. വർഷങ്ങളായി മാധ്യമങ്ങളും അഴിമതി വിരുദ്ധ പ്രവർത്തകരും ചർച്ച ചെയ്തിരുന്ന അഴിമതി ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് തെളിയിച്ച വിധിയായിരുന്നു അത്.

അങ്ങനെ സ്വജനപക്ഷപാതവും അഴിമതിയും സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായി മാറിയതോടെ അധികാരികൾ അപകടം മണത്തു. കാലാകാലങ്ങളിൽ വിദേശ രാജ്യങ്ങളിൽ വിവിധ തൊഴിലുകൾക്ക് ചേർന്നാണ് നേപ്പാളിലെ യുവാക്കൾ ജീവിതം കരുപ്പിടിപ്പിച്ചിരുന്നത്. ഇവർ നാട്ടിലേക്ക് അയക്കുന്ന കോടികളാണ് നേപ്പാളിന്‍റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്നതും. പക്ഷേ, വിദേശ രാജ്യങ്ങളിൽ തൊഴിൽ സാദ്ധ്യതകൾ കുറഞ്ഞുവന്നത് യുവാക്കളുടെ കുടിയേറ്റത്തെ ബാധിച്ചു. വിദ്യാഭ്യാസത്തിനനുസരിച്ച് തൊഴിൽ നേടാൻ കഴിയാതെ നിരാശരായ ഇവർ സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിലും തുടർ കൂട്ടായ്മകളിലും സജീവമായി. സമൂഹ മാധ്യമങ്ങളിൽ വളർന്നു കൊണ്ടിരുന്ന ജനരോഷം തന്നെയാണ് സാങ്കേതിക വാദങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഇൻസ്റ്റയും എക്‌സും ഒക്കെ നിരോധിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും.

ഗൂഡാലോചനാ സിദ്ധാന്തങ്ങൾ

എന്തായാലും യുവ രോഷത്തിൽ സർക്കാർ നിലംപൊത്തിയതോടെ ഗൂഢാലോചന സിദ്ധാന്തങ്ങളും സജീവമായിട്ടുണ്ട്. 2022 -ൽ ശ്രീലങ്കയിൽ മഹീന്ദ്ര രജപക്ഷയും കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയും പുറത്തായ അതെ മാതൃകയിലാണ് ഇപ്പോൾ നേപ്പാളിൽ ഒലിയും പുറത്തുപോകുന്നത്. ശ്രീലങ്കയിലും ബംഗ്ലാദേശിലും ബാഹ്യ ശക്തികളുടെ ഇടപെടൽ ഭരണ അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് അവിടത്തെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾ തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

നേപ്പാളിൽ വിദ്യാർത്ഥികളും യുവാക്കളും നയിക്കുന്ന പ്രക്ഷോഭത്തിന്‌ പിന്നിൽ അദൃശ്യരായ വൻ ശക്തികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം ചിലരെങ്കിലും പ്രകടിപ്പിക്കുന്നത് ഈ മാതൃകകളിലെ സാമ്യം കൊണ്ടാവാം. പുറത്തായ പ്രധാനമന്ത്രി കെ പി ഒലി ചൈനയുടെ വിശ്വസ്തനായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം സന്ദർശിച്ച ആദ്യ വിദേശ രാജ്യം ചൈന ആയിരുന്നു. കഴിഞ്ഞ ആഴ്ചയും ചൈനയിലെ വമ്പൻ സൈനിക പരേഡിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് മടങ്ങിയതാണ് ഒലി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചൈനയുടെ ഉറ്റ ചങ്ങാതിയെ പുറത്താക്കിയാൽ, അതിന്‍റെ നേട്ടം ആർക്കായിരിക്കുമെന്ന ചോദ്യമാണ് വിദേശകാര്യ വൃത്തങ്ങളിൽ ഇപ്പോൾ സജീവം.