എട്ടുവയസ്സേയുള്ളൂ സഗീറിന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ ഒരു പേര് സഗീറിന്റെതുമാണ്. അവൻ ഏത് സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇന്നും വ്യക്തത പോരാ. ടെറസിന്റെ മുകളിൽ ഇരുന്ന് കളിച്ചുകൊണ്ടിരുന്ന ആ കുഞ്ഞ് എങ്ങനെയാണ് താഴെ നിരത്തിൽ കൊല്ലപ്പെട്ടു കിടന്നത്? അവന്റെ നീല ഷർട്ടിലും പാന്റിലും അപ്പിടി ചെളിയായിരുന്നു. കാലിൽ ചെരുപ്പുണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബർ 20 -ന് വാരാണസി ജില്ലയിലെ ബജാർദീഹ എന്ന സ്ഥലത്ത് പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് സഗീർ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗികഭാഷ്യം.

സഗീറിന്റെ അച്ഛൻ, തൊട്ടടുത്തുള്ള ലല്ലൻ ധാബയിൽ കുശിനിപ്പണികാരനായ വകീൽ അഹമ്മദ് പറയുന്നു, "ഞങ്ങളുടെ വീട്ടിൽ ആർക്കും അങ്ങനെ  എഴുത്തും വായനയും ഒന്നും അറിയില്ല മോനേ. ഒക്കെ പഠിക്കാത്തവരാണ്. പിള്ളേരെ നേരംവണ്ണം സ്‌കൂളിൽ വിടാൻ പോലും പാങ്ങില്ലാത്തവരാണ് ഞങ്ങൾ. അവർ വീട്ടിലിരുന്ന് പകൽ മുഴുവൻ എന്തെങ്കിലുമൊക്കെ കളിച്ചുകൊണ്ടിരിക്കും. അതാണ് പതിവ്. സഗീർമോൻ വീട്ടിലിരുന്നു ഗോട്ടി വെച്ചോ, പന്തുകൊണ്ടോ, അല്ലെങ്കിൽ സൈക്കിളിൽ കയറിയോ ഒക്കെ കളിച്ചുകൊണ്ടിരിക്കുന്നതും കണ്ടുകൊണ്ടാണ് എന്നും ഞാൻ ധാബയിലേക്ക് പണിക്കു പോകാറുള്ളത്. അവനൊരു ചുവന്ന കുഞ്ഞു സൈക്കിളാണുള്ളത്. അതിൽ കയറി, വീടിനോടു ചേർന്നുള്ള ഗലിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പായും അവൻ.  സ്വന്തം വീട്ടിനു മുന്നിലെ, ഇടുങ്ങിയ ഈ കളിയിൽ കളിച്ചുകൊണ്ടിരുന്ന എന്റെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകും എന്ന് ഞാൻ എങ്ങനെ ഊഹിക്കാനാണ്..?"

ആ കൊച്ചുവീട്ടിൽ വകീലിന്റെ കുടുംബത്തോടൊപ്പം,  സഹോദരനും കുടുംബവും താമസമുണ്ട്. ആകെ പത്തു പേർ. അഞ്ചു മക്കളായിരുന്നു വകീലിന്. ഏഴുവർഷം മുമ്പ് ഭാര്യ പിണങ്ങിപ്പോയി. കഴിഞ്ഞകൊല്ലം, പതിനെട്ടുവയസ്സുള്ള മൂത്ത മകൾ ഗൗസിയ നർഗീസ് മാറാരോഗം വന്നു മരിച്ചുപോയി, ഇപ്പോൾ ഇതാ സഗീറും പോയി.

ആ അച്ഛനെ ഏറ്റവും അലട്ടുന്ന സങ്കടം, തന്റെ അഞ്ചുമക്കളിൽ നാലാമനായ സഗീർ മരണത്തോട് മല്ലിടുമ്പോൾ അവനെ രക്ഷിക്കാൻ അവിടെങ്ങും ഉണ്ടാകാൻ പറ്റിയില്ല എന്നതാണ്. അവൻ അച്ഛനെ വിളിച്ചാകും അപ്പോൾ കരഞ്ഞിട്ടുണ്ടാവുക. ആ നേരത്ത് അവിടേക്ക് ഓടിച്ചെന്ന് അവനെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന സങ്കടമാണ് വകീലിന്. " ഞാൻ ആ സമയത്ത് ലോഹ്തയിൽ ആയിരുന്നു. അവിടെ ഒരു വിവാഹത്തിന് പാചകം ചെയ്യാൻ വേണ്ടി പോയതായിരുന്നു. പണിക്കിടെ, വൈകുന്നേരം നാലരയോടെയാണ് വീടിനടുത്തു ലാത്തിച്ചാർജ്ജ് നടന്നു എന്നും പറഞ്ഞുകൊണ്ട് എനിക്ക് ഫോൺ വരുന്നത്. വീട്ടിലേക്ക് വിളിക്കാൻ ശ്രമിച്ചു ഞാൻ. ആരും ഫോണെടുത്തില്ല. ഒമ്പതരയായി കല്യാണപ്പുരയിലെ ജോലി കഴിഞ്ഞ് ഞാൻ തിരികെ വീട്ടിലേക്ക് ചെന്നപ്പോൾ. സഗീർ അപ്പോഴും വീട്ടിൽ എത്തിയിരുന്നില്ല. അവനെ കാണാഞ്ഞ് വീട്ടിൽ മറ്റുള്ളവരെല്ലാം ആകെ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. ചിലർ അവനെ അന്വേഷിച്ച് പുറത്തൊക്കെ ചെന്ന് നോക്കിയിട്ടും കണ്ടില്ല എന്ന് പറഞ്ഞു. അവനൊരു വികൃതിയാണ്. എവിടെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാകും എന്ന് ഞങ്ങൾ ആദ്യം കരുതി. അപ്പോഴാണ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റു കിടന്നവരുടെ മൊബൈൽ ചിത്രങ്ങളും കൊണ്ട് എന്റെ അയൽവാസി വന്നത്. അക്കൂട്ടത്തിൽ ഞങ്ങളുടെ സഗീറിന്റെ ചിത്രവും ഉണ്ടായിരുന്നു" പൊലീസ് പരിക്കേറ്റവരെ നേരെ ബനാറസ് ഹിന്ദു സർവകലാശാലയുടെ ആശുപത്രിയിലെ ട്രോമാ സെന്ററിലേക്കാണ് കൊണ്ടുപോയിട്ടുള്ളത് എന്ന് അവിടാരോ പറഞ്ഞു. അവിടേക്ക് പാഞ്ഞു ചെന്നപ്പോൾ, അവൻ അവിടെ ഉയിരറ്റു കിടക്കുന്നുണ്ടായിരുന്നു. കൊണ്ടുവന്നപ്പോഴേ ജീവനില്ലായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. " വകീൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ബജാർദീഹ മുസ്ലിം നെയ്ത്തുകാർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്. അവിടെ ആർക്കും തന്നെ ഈ ലാത്തിച്ചാർജിനെപ്പറ്റിയോ അല്ലെങ്കിൽ സഗീറിന്റെ മരണത്തെപ്പറ്റിയോ ഒന്നും തന്നെ മിണ്ടാൻ ധൈര്യമുണ്ടായിരുന്നില്ല. സംഭവം നടന്ന അന്നുമുതൽ ആ ഗലികളിൽ പൊലീസിന്റെ നിത്യ സാന്നിധ്യമുണ്ട്.
" പള്ളിയിൽ നിസ്കാരം കഴിഞ്ഞിറങ്ങിയ ചില യുവാക്കളാണ് അന്ന് കുറച്ച് പ്ലക്കാർഡുകളും പിടിച്ചുകൊണ്ട് ഒരു ജാഥയായി നടന്നുവന്നത്. ധരാരാ ബസാറിന് അടുത്തെത്തിയപ്പോഴേക്കും ജാഥയിൽ ഏകദേശം ആയിരത്തോളം പേരായി. പാവം എന്റെ മോൻ അവൻ അത് പള്ളിയിലെ ഏതോ ജാഥയാകും എന്നുകരുതിയാകും കൂട്ടത്തിൽ ചേർന്ന് നടന്നുതുടങ്ങിയത്. ധരാരാ ബസാറിൽ നിന്ന് വെറും അരകിലോമീറ്റർ അകലെയാണ് ചായ് ബസാർ. അവിടെയെത്തിയപ്പോൾ ജാഥയെ പൊലീസ് വളഞ്ഞു. എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. എന്നിട്ടാണ് അവർ ലാത്തിച്ചാർജ്ജ് തുടങ്ങിയത്. അടി തുടങ്ങിയപ്പോൾ ആളുകൾ നാലുവഴി പാഞ്ഞു.  അടുത്തുള്ള ഗലികളിലേക്കെല്ലാം ആളുകൾ പാഞ്ഞുകയറി. കൂട്ടത്തിൽ കുഞ്ഞുങ്ങളും ഉണ്ടെന്ന് ജാഥയ്ക്ക് പോയവരോ പൊലീസോ ഓർത്തില്ല. ശ്രദ്ധിച്ചില്ല. സഗീറും ഓടിക്കാണും. അതിനിടെ തടഞ്ഞു നിലത്തു വീണും കാണും അവൻ. ആ തിക്കിലും തിരക്കിലും പെട്ടാകും എന്റെ കുട്ടി മരിച്ചു പോയത്" വകീൽ പറഞ്ഞു.

തന്റെ കൊച്ചുമോൻ എപ്പോഴാണ് ടെറസിൽ നിന്ന് ഇറങ്ങി വന്ന് ഗലിയിലൂടെ പോയ ജാഥയുടെ കൂടെ ചേർന്നതെന്ന് താൻ അറിഞ്ഞില്ലെന്ന് സഗീറിന്റെ അമ്മൂമ്മ ഷെഹ്നാസ് പറഞ്ഞു.  ഞങ്ങളുടെ മൊഹല്ലയിൽ കുട്ടികൾ ഗലിയിൽ ഇരുന്നും കളിക്കുക പതിവാണ്. ഇനി ഗലിയിലേക്ക് ഇറങ്ങിയാലും ഞങ്ങൾ ഒന്നും പറയാറില്ല. സഗീർ അവന്റെ അച്ഛനെ ഇടയ്ക്കിടെ പാചകത്തിൽ സഹായിക്കാറുമുണ്ട്. അവന് പെരുന്നാളിന് പുതിയ ഉടുപ്പ് വേണമെന്ന് പറഞ്ഞിരുന്നു. അതുവാങ്ങിക്കൊടുക്കുന്നതുവരെ അവൻ കാത്തുനിന്നില്ല. അവന്റെ ചെരുപ്പ് പോലും കിട്ടിയില്ല ഞങ്ങൾക്ക്. " ഷെഹനാസ് പറഞ്ഞു .

" പലരും എന്നോട് പറഞ്ഞു, സമരക്കാർ പൗരത്വ നിയമ ഭേദഗതിക്കും രജിസ്റ്ററിനും ഒക്കെ എതിരായിട്ടാണ് സമരം ചെയ്യുന്നത്. CAA, NRC അങ്ങനെ എന്തൊക്കെയോ അവർ പറഞ്ഞു കേട്ടു. ഇതൊന്നും പറഞ്ഞാൽ എനിക്ക് മനസ്സിലാവില്ല. ഇനി അഥവാ അതെന്താണെന്ന് മനസ്സിലായാൽ തന്നെ അതിനൊന്നും എതിരായി സമരം ചെയ്ത് തെരുവിലിറങ്ങാനും മാത്രം ഭാഗ്യമുള്ളവരല്ല ഞങ്ങൾ. ദിവസവും എല്ലുമുറിയെ പണിചെയ്താലെ ഞങ്ങൾക്ക് അന്നന്നേക്കുള്ള ഭക്ഷണത്തിനുള്ള വക കിട്ടൂ. ആ ജാഥയുടെ കൂടെ നടന്ന പലരും കൗതുകത്തിന്റെ പുറത്താണ് അങ്ങനെ ചെയ്തത്. എന്റെ മകനും അതുതന്നെയാകും ചെയ്തത്. ഒരു കൗതുകത്തിന് കൂടെ നടന്നതാകും പാവം. " വകീൽ പറഞ്ഞു.

സഗീറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് ജില്ലാ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്ര എന്ന് പറഞ്ഞിട്ടില്ല എങ്കിലും. " എന്റെ മോന്റെ ജീവൻ പോയി. അവൻ ഇനി തിരിച്ചു വരില്ല. ഇവർ വല്ലതും തന്ന സഹായിച്ചാൽ, ഞങ്ങൾ പത്തുപേർക്ക് ഈ കുടുസ്സുമുറിയിൽ കിടക്കാതെ കഴിയാമായിരുന്നു." വകീലിന്റെ സഹോദരൻ ശകീൽ അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.