കനേഡിയൻ തദ്ദേശീയ ജലപ്രവർത്തക ഓട്ടം പെൽറ്റിയർ (15) ശനിയാഴ്ച മാൻഹട്ടനിലെ യുഎൻ ആസ്ഥാനത്ത് നൂറുകണക്കിന് അന്താരാഷ്ട്ര അതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ശുദ്ധജലം സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതായിരുന്നു അവളുടെ പ്രസംഗം. ശുദ്ധജലത്തിന്‍റെ പവിത്രതയെ മാനിക്കണമെന്ന് ആഗോള സമൂഹത്തോട് അവള്‍ അഭ്യർത്ഥിച്ചു. 

വടക്കേ ഒന്റാറിയോയിലെ മണിടൗളിനിലെ വിക്വെംകൂങ്ങ്  ഫസ്റ്റ് നേഷനിലെ ആക്ടിവിസ്റ്റായ ആ പെണ്‍കുട്ടി പറഞ്ഞതിങ്ങനെയാണ്, '' ഇത് ഞാൻ ഒരിക്കൽ പറഞ്ഞതാണ്, ഞങ്ങൾക്ക് പണം കഴിക്കാനോ എണ്ണ കുടിക്കാനോ കഴിയില്ല എന്ന്. വീണ്ടും ഞാന്‍ അതുതന്നെ പറയുകയാണ്...'' വികസനവും കാലാവസ്ഥാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് വേണ്ടി യുഎൻ എന്‍വയോണ്‍മെന്‍റ്, ലോക ബാങ്ക് എന്നിവ സ്ഥാപിച്ച സുസ്ഥിര ഭൂവിനിയോഗ വേദിയായ ഗ്ലോബൽ ലാൻഡ്സ്കേപ്പ് ഫോറത്തിലാണ് പെൽറ്റിയർ സംസാരിച്ചത്.

പല തദ്ദേശീയ സമൂഹങ്ങളിലും അപര്യാപ്‍തമായ ശുദ്ധജലത്തെ കുറിച്ച് പെല്‍റ്റിയര്‍ സംസാരിച്ചു. അവളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനെ കേന്ദ്രീകരിച്ചാണ്. കുടിക്കാന്‍ ശുദ്ധമായ ജലമില്ലാത്ത എത്രയോപേര്‍ ഈ സ്ഥലങ്ങളിലുണ്ട്. എന്തുകൊണ്ടാണ് ശുദ്ധജലം കിട്ടാത്ത ഇത്രയേറെ മനുഷ്യരിവിടെയുണ്ടായത് എന്നും അവള്‍ ചോദിച്ചു. ജലത്തിന്റെ പവിത്രതയെ കുറിച്ച് ചെറുപ്പം മുതൽ തന്നെ പരമ്പരാഗത അറിവ് ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ ആളുകൾ ഈ പാഠങ്ങൾ പഠിക്കണമെന്നും അവള്‍ പറഞ്ഞു. "ഒരുപക്ഷേ, നമ്മുടെ ഭൂമിയെയും ജലത്തെയും കുറിച്ച് ആളുകൾ തീരുമാനമെടുക്കുമ്പോൾ മുതിർന്നവരും യുവാക്കളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്..." എന്നുമവള്‍ പറഞ്ഞു. കൂടുതൽ സുസ്ഥിരമായ ലോകം പുനസ്ഥാപിക്കുന്നതിനുള്ള ഒരു പടിയെന്ന നിലയില്‍ പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കണമെന്നും പെൽറ്റിയർ ആവശ്യപ്പെട്ടു.

ആഗോള കാലാവസ്ഥാ പണിമുടക്കിന്റെ ഭാഗമായി കാനഡയിൽ വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയതിന് ഒരു ദിവസത്തിന് ശേഷമാണ് അവളുടെ പ്രസംഗം. യുഎൻ ആസ്ഥാനത്ത് നടന്ന പെല്‍റ്റിയറിന്‍റെ രണ്ടാമത്തെ പ്രസംഗമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഭൂമിക്ക് വേണ്ടി നിലയുറപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ജനറല്‍ അസംബ്ലിയില്‍ അവള്‍ സംസാരിച്ചത്. ഡേവിഡ് സുസുക്കി ഫൗണ്ടേഷൻ 2019 -ലെ ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പെൽറ്റിയർ ലോകമെമ്പാടുമുള്ള നൂറുകണക്കിന് പരിപാടികളിൽ തന്റെ സന്ദേശം പ്രചരിപ്പിച്ചു.

2015 -ൽ സ്വീഡനിൽ നടന്ന കുട്ടികളുടെ കാലാവസ്ഥാ സമ്മേളനത്തിലും പെൽറ്റിയർ പങ്കെടുത്തു. ഒരു വർഷത്തിനുശേഷം, ഫസ്റ്റ് നേഷൻസ് അസംബ്ലി യോഗത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അദ്ദേഹത്തിന്‍റെ തകര്‍ന്ന വാഗ്ധാനങ്ങളുടെ പേരില്‍ നേരിട്ടു. 14 വയസ്സുള്ളപ്പോഴാണ് ഒന്‍റാറിയോയിലുടനീളമുള്ള 40 ഫസ്റ്റ് നേഷൻസിനായുള്ള രാഷ്ട്രീയ അഭിഭാഷക ഗ്രൂപ്പായ Anishinabek Nation അവളെ ചീഫ് വാട്ടർ കമ്മീഷണറായി തിരഞ്ഞെടുത്തത്.