വധുവിന്റെ വീട്ടുകാർ എന്ത് സ്ത്രീധനം വേണം എന്നു ചോദിച്ചു. സ്ത്രീധനം വാങ്ങുന്നത് നിയമവിരുദ്ധമായതിനാൽ തന്റെ കസിൻ സ്ത്രീധനം ഒന്നും വേണ്ട എന്ന് അറിയിച്ചു. റേഞ്ച് റോവർ തരാമെന്നും ഫ്ലാറ്റ് തരാമെന്നുമെല്ലാം പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ് എന്ന് പറയുമെങ്കിലും ഇന്ത്യയിൽ ഇപ്പോഴും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാൽ, സ്ത്രീധനം വേണ്ട എന്ന് പറഞ്ഞതിന്റെ പേരിൽ ഈ ചെറുക്കനെ വേണ്ട എന്ന് ആരെങ്കിലും പറയുമോ? അങ്ങനെ പറയുന്നവരും ഉണ്ട്. അതുപോലെ ഒരു അനുഭവമാണ് ഒരാൾ റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ കസിനുണ്ടായ അനുഭവമാണ് ഇയാൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ കസിൻ ധനികനാണ് എന്നും ആഡംബരക്കാറുകളും മറ്റുമുണ്ട് എന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ, സ്ത്രീധനം വേണ്ട എന്ന് പറഞ്ഞതിന്റെ പേരിൽ വിവാഹം ശരിയായില്ല എന്നും പോസ്റ്റിൽ കാണാം.

ബിഎംഡബ്ല്യു അടക്കം നിരവധി ആഡംബര കാറുകൾ സ്വന്തമായുണ്ട് തന്റെ കസിന്, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ബിസിനസുകളും പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളും ഉണ്ട്. ഒരുപാട് നാളുകളായി ഒരു അറേഞ്ച്ഡ് വിവാഹത്തിനായി വധുവിനെ തിരയുകയാണ് കസിൻ. എന്നാൽ, ഒന്നും ശരിയായില്ല. ഒടുവിൽ ഒരു പെൺകുട്ടിയെ കണ്ടു. രണ്ട് കുടുംബത്തിനും പരസ്പരം ഇഷ്ടപ്പെട്ടു. എല്ലാംകൊണ്ടും യോജിക്കുന്ന ബന്ധമായിരുന്നു.

എന്നാൽ, വധുവിന്റെ വീട്ടുകാർ എന്ത് സ്ത്രീധനം വേണം എന്നു ചോദിച്ചു. സ്ത്രീധനം വാങ്ങുന്നത് നിയമവിരുദ്ധമായതിനാൽ തന്റെ കസിൻ സ്ത്രീധനം ഒന്നും വേണ്ട എന്ന് അറിയിച്ചു. റേഞ്ച് റോവർ തരാമെന്നും ഫ്ലാറ്റ് തരാമെന്നുമെല്ലാം പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ, കസിൻ ഇതൊന്നും വേണ്ട എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിന്റെ പേരിൽ ആ വിവാഹാലോചന മുടങ്ങി എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഇത്രയും ധനികനായ എല്ലാം തികഞ്ഞ ഒരാൾ സ്ത്രീധനം വേണ്ട എന്ന് പറയുന്നുണ്ടെങ്കിൽ ഉറപ്പായും അയാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകും എന്നാണത്രെ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത്. ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചുകൊണ്ടാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ചിലരെല്ലാം സ്ത്രീധനത്തെ കുറിച്ചാണ് കമന്റുകൾ നൽകിയത്. സ്ത്രീധനം വേണ്ട എന്ന് പറയുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ട് എന്ന് ചിലരെല്ലാം കമന്റിൽ അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് ചിലർ ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ശരിക്കും ഉള്ളതാണോ എന്ന് ചോദിച്ചിട്ടുണ്ട്.