സമ്പന്നരായ ഇന്ത്യക്കാർ രാജ്യം വിടുന്നത് നികുതി ആനുകൂല്യങ്ങൾക്കല്ല, മറിച്ച് ശുദ്ധവായു, സുരക്ഷ, കുട്ടികൾക്ക് മികച്ച അവസരങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയാണ്. ഇത് രാജ്യത്തിന് ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഇന്ത്യയിലെ ജീവിത സാഹചര്യങ്ങൾ മോശമാകുന്നുവെന്ന കാരണത്താല്‍ സമ്പന്നരായ ഇന്ത്യക്കാര്‍ രാജ്യം വിടാൻ ആഗ്രഹിക്കുന്നെന്ന് അക്ഷത് ശ്രീവാസ്തവ. ഫുൾ ടൈം ഇന്‍വെസ്റ്ററും ഇന്‍വെസ്റ്റ്മെന്‍റ് അടക്കമുള്ള സാമ്പത്തിക കാര്യങ്ങളില്‍ ക്ലാസുകളെടുക്കുകയും ചെയ്യുന്ന അക്ഷത് തന്‍റെ എക്സ് കുറിപ്പിലാണ് ഇങ്ങനൊരു അഭിപ്രായപ്രകടനം നടത്തിയത്. ദില്ലി, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിൽ വായുവിന്‍റെ വിഷാംശം നാൾക്കുനാൾ വർദ്ധിക്കുകയും വായു ഗുണനിലവാര സൂചിക (എക്യുഐ) മോശമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, സാമ്പത്തിക ഉപദേഷ്ടാവും ഉള്ളടക്ക സ്രഷ്ടാവുമായ അക്ഷത് ശ്രീവാസ്തവയുടെ കുറിപ്പ് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്.
കുട്ടികളുടെ സുരക്ഷ, ശുദ്ധ വായു
രാജ്യം വിടുന്നതിനുള്ള മാർഗനിർദേശം തേടി സമ്പന്നരായ ഇന്ത്യക്കാരിൽ നിന്ന് തനിക്ക് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് അക്ഷത് തന്‍റെ കുറിപ്പ് തുടങ്ങുന്നത്. അത് ടാക്സ് അടയ്ക്കാതെ പണം സമ്പാദിക്കാനല്ലെന്നും മറിച്ച് സുരക്ഷയും മറ്റ് അവസരങ്ങളും തേടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ലെങ്കിൽ, തൊഴിൽ ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ കുറയുന്ന സംസ്ഥാനങ്ങളിലേക്ക് ആളുകൾ കുടിയേറുമെന്നും ഇത് യുപിയിൽ വലിയ തോതിലുള്ള കുടിയേറ്റ പ്രവണത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഉയർന്ന വരുമാനമുള്ള വ്യക്തികൾ നികുതി ആനുകൂല്യങ്ങൾക്ക് വേണ്ടിയല്ല മറിച്ച് ശുദ്ധവായു, സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ, കുട്ടികൾക്ക് മികച്ച അവസരങ്ങൾ എന്നിവ നോക്കിയാണ് രാജ്യം വിടുന്നത്. ദില്ലി, മുംബൈ പോലുള്ള മെട്രോകളിലെ മലിനീകരണം അപകടകരമായ നിലയിലെത്തുമ്പോൾ ഈ മാറ്റം ഒരു അടിയന്തിരമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് പറയുന്നു. ഇന്ത്യൻ നഗരങ്ങളിലെ ദീർഘകാലം ജീവിക്കാനുള്ള സാധ്യതയെ കുറിച്ച് രാജ്യത്തെ സമ്പന്ന കുടുംബങ്ങൾക്കിടയിൽ വലിയ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.
പ്രത്യാഘാതം രൂക്ഷം
സമ്പന്നർ രാജ്യം വിടുമ്പോൾ അവിടെ ഒരു ശൂന്യത അവശേഷിക്കും. ഇത് ദീർഘകാല സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 2% ൽ താഴെ ഇന്ത്യക്കാർ മാത്രമേ നേരിട്ടുള്ള നികുതി അടയ്ക്കുന്നുള്ളൂ. ഒരു ധനികൻ രാജ്യം വിട്ടാൽ അത് മറ്റ് 98% പേർക്കും ഗണ്യമായ നഷ്ടമാണ്. ആളുകൾക്ക് ഈ ലളിതമായ കാര്യം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം എഴുതുന്നു. രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥ, മലിനീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആഴത്തിൽ തകർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു പുതിയ പ്രശ്നമല്ലെന്നും അതേസമയം രാജ്യത്തെ സാമൂഹിക ഐക്യം കൂടുതൽ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുദ്ധവായുവിന്‍റെ സൂചിക AQI 999+ വരെ ഉയരും, അപ്പോൾ മീറ്റർ സോറോസ് നിർമ്മിച്ചതാണെന്ന് ആളുകൾ അവകാശപ്പെടുമെന്നും സമ്പന്നരുടെ ഈ നിശബ്ദമായ കൊഴിഞ്ഞു പോക്ക് തകർന്ന വ്യവസ്ഥയോടുള്ള കൂട്ടായ നിസ്സംഗതയെ പ്രതിഫലിപ്പിക്കുന്നുവെന്നും ശ്രീവാസ്തവ എഴുതി.
പ്രതികരണങ്ങൾ
രണ്ടേമുക്കാല്‍ ലക്ഷത്തിനടുത്ത് ആളുകളാണ് ശ്രീവാസ്തവയുടെ കുറിപ്പ് കണ്ടത്. നിരവധി പേര്‍ അദ്ദേഹത്തിന്‍റെ ആശയത്തോട് പ്രതികരിച്ച് രംഗത്തെത്തി. ഇന്ത്യയിലുണ്ടായിരുന്നപ്പോഴെന്നത് പോലെ താന്‍ ഇപ്പോഴും ഒരു ദേശസ്നേഹിയാണെന്നായിരുന്നു ഒരു പ്രവാസി ഇന്ത്യക്കാരന്‍ എഴുതിയത്. മെട്രോ നഗരങ്ങളില്‍ മാലിന്യം അടിഞ്ഞ് കൂടുമ്പോൾ ചെറു നഗരങ്ങൾ വൃത്തിയുള്ളതും ജീവിത സാഹചര്യം മെച്ചപ്പെട്ടതാണെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ഒരു വികസിത രാഷ്ട്രം എന്നത് വെറും ജിഡിപിയോ സാങ്കേതി വിദ്യയോ അല്ലെന്നും അത് ആ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ, ജീവിത സാഹചര്യങ്ങൾ, പൗരന്മാരുടെ ക്ഷേമം. അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി. രാജ്യം വിടുമ്പോഴും പ്രവാസികൾ രാജ്യത്തേക്ക് വളരെയധികം മൂല്യം നേടിത്തരുന്നുണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്


