സംഭവം പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റിനാണത്രെ മെയിൽ അയച്ച യുവതിയുടെ വരനുമായി ബന്ധം ഉണ്ടായിരുന്നത്.
വിവാഹം എന്നത് പലരും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട നിമിഷമായിട്ടാണ് കണക്കാക്കുന്നത്. പ്രിയപ്പെട്ടവർക്കൊപ്പം ആ ദിവസം ആഘോഷിക്കാനും എന്നെന്നും ഓർമ്മിക്കുന്ന തരത്തിൽ ഒന്നായി അതിനെ മാറ്റിയെടുക്കാനും മിക്കവരും ശ്രമിക്കാറും ഉണ്ട്. എന്നാൽ, ഒരു വിവാഹവുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ് ഒരു വിവാഹ ഫോട്ടോഗ്രാഫർ. മറ്റൊന്നുമല്ല, തന്റെ വിവാഹത്തിന് എത്തിയ ഫോട്ടാഗ്രാഫർക്ക് വരനുമായി പ്രണയമുണ്ടായിരുന്നു എന്നും അതിനാൽ ഫോട്ടോഗ്രാഫിക്ക് വേണ്ടി നൽകിയ കാശ് മുഴുവനും തിരികെ നൽകണം എന്നും ഒരു യുവതി പറഞ്ഞതാണ് അത്.
വരന് ഫോട്ടോഗ്രാഫറിൽ ഒരാളുമായി പ്രണയമുണ്ടെന്നറിഞ്ഞ് അസ്വസ്ഥയായ വധുവാണ് ഫോട്ടോഗ്രാഫറിന് ഈ മെയിൽ സന്ദേശം അയച്ചത്. ഈ കഥ കേട്ട ആളുകൾ ആകെ അമ്പരന്നു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെഡ്ഡിങ് ഫോട്ടോഗ്രഫി എന്ന് സബ്‌റെഡിറ്റിലാണ് ഒരു ഫോട്ടോഗ്രാഫർ വ്യത്യസ്തമായ ഈ മെയിൽ കിട്ടിയ അനുഭവം പങ്ക് വച്ചിരിക്കുന്നത്.
സംഭവം പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റിനാണത്രെ മെയിൽ അയച്ച യുവതിയുടെ വരനുമായി ബന്ധം ഉണ്ടായിരുന്നത്. 'വധുവിന് ഫോട്ടോഗ്രാഫിക്ക് വേണ്ടി ചെലവഴിച്ച കാശ് തിരികെ വേണം. കാരണം എന്റെ സെക്കന്റ് ഷൂട്ടർ വരനുമായി പ്രണയത്തിലായിരുന്നത്രെ' എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. Wedding_dude എന്ന അക്കൗണ്ടിൽ നിന്നുമാണ് അനുഭവം കുറിച്ചിരിക്കുന്നത്.
'എല്ലാം നന്നായിട്ടാണ് പോയിക്കൊണ്ടിരുന്നത്. താൻ ഫോട്ടോകളെല്ലാം കൈമാറിയിരുന്നു. അതിനുള്ള കാശും കിട്ടി. എന്നാൽ, അതിന് ശേഷം കാര്യങ്ങളെല്ലാം വിചിത്രമായി തീർന്നു' എന്ന് പോസ്റ്റിൽ പറയുന്നു. ഒപ്പം തന്നെ വധുവിനെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് സഹതാപം ഉണ്ട് എന്നും എന്നാൽ ഇക്കാര്യത്തിൽ തനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നുമാണ് ഫോട്ടോഗ്രാഫർ ചോദിക്കുന്നത്.
(ചിത്രം പ്രതീകാത്മകം)
