രാജ്യത്ത് ഏത് സംസ്ഥാനത്ത്, ഏതൊരു ജില്ലയിലെ പൊലീസുകാരോട് ചോദിച്ചാലും അവർ ഒരേസ്വരത്തിൽ പറയും, " ഈ നഗരത്തിനിതെന്തു പറ്റി..? " എന്ന്. രാവിലെ പത്രം നിവർത്തിയാൽ കളവ്, കൊല, ബലാത്സംഗം, ആക്രമണം, തട്ടിപ്പ്... കുറ്റകൃത്യങ്ങളുടെ ഘോഷയാത്രയാണ്. വർഷം ചെല്ലുന്തോറും എണ്ണം കൂടിക്കൂടി വരികയാണ് കുറ്റങ്ങളുടെ. എന്നാൽ, ഇതിന് ഒരു അപവാദമുണ്ട് ഇന്ത്യയിൽ. അത് ഷിംലയിലെ ലഹൗൾ സ്പിതി എന്ന ജില്ലയാണ്. ഇവിടെ കഴിഞ്ഞ കൊല്ലം ഒരു കൊലപാതകമോ, കൊള്ളയോ, മോഷണമോ, പിടിച്ചുപറിയോ, തട്ടിക്കൊണ്ടുപോകാലോ, സ്ത്രീപീഡനമോ, ലൈംഗികാക്രമണമോ ഒന്നും തന്നെ നടന്നിട്ടില്ല. കഴിഞ്ഞ കൊല്ലമെന്നല്ല, കഴിഞ്ഞ പത്തുവർഷമായി ഇവിടെ അങ്ങനൊന്നും നടന്നിട്ടില്ല. മേൽപ്പറഞ്ഞ കുറ്റങ്ങൾക്ക് പുറമെ സ്ത്രീധനപീഡനം, തട്ടിക്കൊണ്ടുപോകൽ, വഞ്ചന തുടങ്ങിയവയും അവിടെ നടന്നിട്ടില്ല. അഥവാ അങ്ങനെ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അങ്ങനെ നടക്കാതിരിക്കാൻ എന്താവും കാരണം? കാരണം വളരെ ലളിതമാണ്. അവർ സമാധാനപ്രിയരായ പൗരന്മാരാണ്. അവിടെ അധികം പേർ താമസമില്ല എന്നതും രണ്ടാമതൊരു കാരണമാണ്. പിന്നെ ഒരു കാരണം പറയപ്പെടുന്നത് അവർ എല്ലാവരും തന്നെ കൃഷിപ്പണിയും, കായിക വിനോദങ്ങളും മറ്റുള്ള പ്രവർത്തനങ്ങളും ഒക്കെയായി തിരക്കുളവരാണ്. ആരും തന്നെ ചുമ്മാതിരിക്കുന്നവരില്ല. അവിടെ നടക്കുന്ന ഉത്സവങ്ങളിലും, സമ്മേളനങ്ങളിലുമെല്ലാം തന്നെ തദ്ദേശവാസികളുടെ തികഞ്ഞ സഹകരണവും ദൃശ്യമാണ്. 

ശൈത്യം അതി രൂക്ഷമാണ് ഈ പ്രദേശത്ത്. മഞ്ഞുവീഴുമ്പോൾ റോഡുകളൊക്കെ അടഞ്ഞ് പുറം നാടുകളുമായുള്ള ബന്ധം പാടെ വിച്ഛേദിക്കപ്പെടും. പിന്നെ അവിടെ വേറെ ഒരു ജീവിതരീതി തന്നെയാണ്. സ്വൈര്യമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവിടത്തുകാർ. ഇടക്ക് വളരെ അപൂർവമായി വഴക്കിന്റെ വക്കോളം എത്തുന്ന തർക്കങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതുപോലും അവിടെ വന്നു ജോലി ചെയ്യുന്ന ചില അയൽപ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. 

പൊലീസിന്റെ കണക്കുകൾ പ്രകാരം ലഹൗൾ സ്പിതിയിൽ 2001 ജനുവരി ഒന്നാം തീയതി മുതൽ ഇന്നുവരെ ആകെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് വെറും 700 ക്രിമിനൽ കേസുകൾ മാത്രമാണ്. ഷിംലയിലെ മറ്റെല്ലാ ജില്ലകളിലും ഇത് ഇരുപതിനായിരത്തിനു മേലെയാണ് എന്നോർക്കണം. ഈ ജില്ലയിലെ താമസക്കാരിൽ ഏറിയകൂറും ഗോത്രവർഗ്ഗത്തിൽ പെട്ടവരാണ് എന്നതും ശ്രദ്ധേയമാണ്. 2011 -ലെ സെൻസസ് പ്രകാരം ആകെ താമസക്കാർ വെറും 31,500  പേർ മാത്രമാണ്.