Asianet News MalayalamAsianet News Malayalam

സാരിയുടുത്ത സ്ത്രീക്ക് പകരം ജോലിക്ക് പോകുന്ന സ്ത്രീ; ലേഡീസ് കംപാര്‍ട്ട്മെന്‍റിന് പുതിയ ലോഗോ

സാരിയിലുള്ള സ്ത്രീ ഇന്നത്തെ സ്ത്രീകളെ കൃത്യമായി കാണിക്കാന്‍ അപര്യാപ്തമാണ് എന്ന ചിന്താഗതിയിലാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 
 

western railway changed its logo of ladies compartment
Author
Mumbai, First Published May 28, 2019, 3:25 PM IST

മുംബൈ: വെസ്റ്റേണ്‍ റെയില്‍വേ, ലേഡീസ് കോച്ചിന്‍റെ ലോഗോ മാറ്റിയിരിക്കുകയാണ്. നേരത്തേയുള്ള ലോഗോ സാരിയുടെ ഒരു തുമ്പെടുത്ത് തലയിലൂടെ ഇട്ട ഒരു സ്ത്രീയായിരുന്നു... എന്നാല്‍, പുതിയ ലോഗോ വളരെ പ്രൊഫഷണലായ ഒരു സ്ത്രീയുടേതാണ്. കോട്ട് ധരിച്ച്, മുടിയഴിച്ചിട്ട് കൈകെട്ടി നില്‍ക്കുന്ന ഒരു യുവതിയാണ് പുതിയ ലോഗോയില്‍... 

നിലവില്‍ 12 കോച്ചുകള്‍ക്ക് മാറ്റം വരുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവ കൂടി ഉടന്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എ കെ ഗുപ്ത പറയുന്നത്, റെയില്‍വേയിലും മാറുന്ന സാമൂഹിക ജീവിതത്തിന്‍റെ പ്രതിഫലനം കൊണ്ടുവരണമെന്നാണ്. അങ്ങനെയാണ് ലോഗോയിലേയും ഈ മാറ്റം. സാരിയിലുള്ള സ്ത്രീ ഇന്നത്തെ സ്ത്രീകളെ കൃത്യമായി കാണിക്കാന്‍ അപര്യാപ്തമാണ് എന്ന ചിന്താഗതിയിലാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

'മാറുന്ന കാലത്തോടൊപ്പം നില്‍ക്കേണ്ടതിനാല്‍ വെസ്റ്റേണ്‍ റെയില്‍വേ ലേഡീസ് കോച്ചുകളുടെ ലോഗോ പരിഷ്കരിക്കുകയാണ്. ലോഗോയിലെ മാറ്റത്തിനുമപ്പുറം പ്രചോദനമാവുന്ന സ്ത്രീകളുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ തുടങ്ങിയവയും ലേഡീസ് കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കു'മെന്ന് വെസ്റ്റേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. 

'ഈ നഗരത്തിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ലോഗോ വേണമെന്ന് തോന്നി. അങ്ങനെയേ അവരോട് നീതി പുലര്‍ത്താനാകൂ... സ്വതന്ത്രരായ, ജീവിതത്തില്‍ വിജയിച്ച സ്ത്രീകളുടെ ഐക്കണ്‍ വേണമെന്ന് തോന്നി...' വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ രവീന്ദ്ര ഭകര്‍ പറഞ്ഞു.  

പഴയ ലോഗോ ചെറുതായിരുന്നുവെങ്കില്‍ ഇത് വലിപ്പം കൂടിയതാണ്. അതിനാല്‍ തന്നെ ജനറല്‍ കംപാര്‍ട്ട്മെന്‍റാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയും കുറയും. ഏതായാലും വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ മാറ്റത്തിന് കയ്യടിക്കുകയാണ് ജനങ്ങള്‍. ലോഗോ മാറ്റുന്നതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടങ്ങളായി കോച്ചുകളും, റെയില്‍വേ സ്റ്റേഷനുകളും മാറ്റണമെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. 

Follow Us:
Download App:
  • android
  • ios