ഫ്രാൻസിൽ റഫാൽ വിമാനം ഏറ്റുവാങ്ങാൻ ചെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെപ്പറ്റിയുള്ള ചില വീഡിയോ/ഫോട്ടോ റിപ്പോർട്ടുകൾ രാഷ്ട്രീയചർച്ചകൾക്ക് വഴിയൊരുക്കുകയുണ്ടായി. അതിൽ റാഫേൽ വിമാനത്തിന്റെ മുൻവശത്ത് രാജ്‌നാഥ് സിങ്ങ് ചന്ദനം കൊണ്ട് ഓം എന്നെഴുതുന്നതിന്റെയും, ചക്രങ്ങൾക്കു ചുവട്ടിൽ നാരങ്ങ വെച്ചതിന്റെയും ഒക്കെ ദൃശ്യങ്ങളുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾക്കും കമന്റുകൾക്കും, കൊണ്ടുപിടിച്ച വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കി. അനുകൂലിച്ചവർ ഇതിനെ ഭാരതീയപാരമ്പര്യത്തിന്റെ പാലനം എന്ന് വിളിച്ചു. പ്രതികൂലിച്ചവർ അന്ധവിശ്വാസമെന്ന് ഇതിനെ കളിയാക്കി. 

രാജ്‌നാഥിന്റെ നാരങ്ങാവിവാദം ചൂടുപിടിച്ചു നിൽക്കുന്നതിനിടെയാണ് ആരോ പോയി 2017-ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ ഒരു വീഡിയോ തപ്പിയെടുത്ത് കൊണ്ടുവന്നത്. നോയിഡയിലെ ഒരു മെട്രോ റെയിൽ ഉദ്‌ഘാടനത്തിന്റെ വീഡിയോ ആയിരുന്നു അത്. അന്ന് നടത്തിയ പ്രസംഗത്തിൽ മോദി, നാരങ്ങയുമായി ബന്ധപ്പെട്ടുള്ള ഒരു ആചാരത്തെ കളിയാക്കി. 

 

അദ്ദേഹം അന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു, " നിങ്ങൾ കണ്ടുകാണുമല്ലോ, ഒരു മുഖ്യമന്ത്രി കാർ വാങ്ങിയത്. ആരോ ഒരാൾ വന്ന് അദ്ദേഹത്തോട് കാറിന്റെ നിറത്തെപ്പറ്റി എന്തോ പറഞ്ഞു. അത് കേൾക്കേണ്ട താമസം അദ്ദേഹം പോയി കാറിൽ നാരങ്ങ, പച്ചമുളക്.. എന്തൊക്കെയോ കെട്ടിത്തൂക്കി. നമ്മൾ പറഞ്ഞുവരുന്നത് ആധുനികകാലഘട്ടത്തെപ്പറ്റിയാണ്, ഓർക്കണം.." 

" ഇവരാണോ ലോകത്തിന് പ്രചോദനമേകേണ്ടവർ..? ഇവർ പൊതുജനജീവിതം ഏറെ ദുസ്സഹമാക്കുന്നവരാണ്.." അന്ന് മോദി ഊന്നിപ്പറഞ്ഞത് ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരുടെ അന്ധവിശ്വാസത്തെപ്പറ്റിയായിരുന്നു.

ഇന്ന് പ്രധാനമന്ത്രിയുടെ അന്നത്തെ ആ പ്രസംഗം വീണ്ടും വൈറലായിരിക്കുകയാണ്. ചിലർ രാജ്‌നാഥ് സിംഗിനെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ വിമർശിച്ചു. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രാജ്‌നാഥ് സിംഗിന്റെ രക്ഷയ്ക്കെത്തി. ഹരിയാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ അദ്ദേഹം രാജ്‌നാഥിന്റെ പ്രവൃത്തി ഇന്ത്യൻ ആചാരങ്ങളുടെ പാലനം മാത്രമാണെന്ന് അടിവരയിട്ടുപറഞ്ഞു. " ഞാൻ പറയുന്നത്, രാത്രിയിൽ നിങ്ങൾ ഒന്നാലോചിക്കണം, എന്തിനെ എതിർക്കണം, എന്തിനെ അരുത് എന്ന്..! " എന്നാണ് അദ്ദേഹം പറഞ്ഞത്. 

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്‌നാഥിന്റെ ഈ പ്രകടനങ്ങളെ കോമാളിത്തം എന്നാണ് വിശേഷിപ്പിച്ചത്.  "ബൊഫോഴ്‌സ് പീരങ്കികൾ വാങ്ങിയപ്പോൾ ഞങ്ങൾ ഇങ്ങനെയുള്ള ഷോ ഓഫ് ഒന്നും കാണിച്ചിരുന്നില്ല. അതിന്റെയൊന്നും ഒരു ആവശ്യവുമില്ല." ഖാർഗെ പറഞ്ഞു.