ജോസഫ് സ്റ്റാലിൻ എന്നത് റഷ്യയിലെ ഏറ്റവും വിവാദാസ്പദവ്യക്തിത്വങ്ങളിൽ ഒന്നാണ്. ലോകമെമ്പാടും ആരാധകരുള്ള സ്റ്റാലിന് അത്രതന്നെ  ശത്രുക്കളും ഉണ്ടായിരുന്നു. നാസികൾക്കെതിരെയുള്ള പോരാട്ടത്തിൽ  സോവിയറ്റ് യൂണിയനെ മുന്നിൽ നിന്ന് നയിച്ച രാഷ്ട്രനേതാവായിരുന്നു സ്‌റ്റാലിൻ. അതേ സമയം, പിടിക്കപ്പെടുന്ന ശത്രു സൈനികരും, സ്വന്തം രാജ്യത്തിലെ പൗരന്മാരിൽ തന്നെ തന്റെ നയങ്ങളോട് എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നവരുമായി പതിനായിരക്കണക്കിന് പേരെ കാലപുരിക്കയച്ചതിന്റെ പേരിൽ നിശിത വിമർശനങ്ങളും സ്‌റ്റാലിൻ ഏറ്റുവാങ്ങിയിട്ടുണ്ട്. 

സ്റ്റാലിനെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ഒക്കെ ചെയ്യാൻ ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിസ്വാതന്ത്ര്യം ഉണ്ട് ഈ നാട്ടിൽ. എന്നാൽ, സ്റ്റാലിന്റെ സംഭവ ബഹുലമായ ജീവിതം, അതേക്കുറിച്ചുള്ള ജീവചരിത്രങ്ങളിലെ വർണ്ണനകൾ ഒക്കെ തുടർന്നുവന്ന തലമുറകളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് മറക്കാൻ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം? സ്‌റ്റാലിൻ എന്ന സ്വേച്ഛാധിപതി എങ്ങനെയാണ് തന്റെ ഒഴിവുസമയങ്ങൾ ആനന്ദകരമാക്കിയിരുന്നത് എന്നതിനെപ്പറ്റിയാണ് ഇനി. അതിപ്പോൾ എന്തിനാണ് അറിയുന്നത് എന്നാവും. സ്‌റ്റാലിൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ കൈക്കൊണ്ടിട്ടുളള തീരുമാനങ്ങൾക്കും പ്രവർത്തിച്ച പല കാര്യങ്ങൾക്കും; അദ്ദേഹത്തിന്റെ സ്വകാര്യനിമിഷങ്ങളിലെ ഹോബികൾക്കും തമ്മിൽ ചെറുതല്ലാത്ത ബന്ധങ്ങൾ കണ്ടെടുക്കാനാകും എന്നതുകൊണ്ടുതന്നെ. 

പുസ്തകവായന, കവിത 

സ്റ്റാലിന്റെ ഏറ്റവും വലിയ ഹോബി വായന ആയിരുന്നു. സ്റ്റാലിന്റെ അച്ഛനമ്മമാർ നല്ല വിദ്യാഭ്യാസം സിദ്ധിച്ച, വളരെയധികം വായനയുണ്ടായിരുന്ന രണ്ടു വ്യക്തികളായിരുന്നു. രക്ഷിതാക്കൾ കുഞ്ഞിനേയും വായനാശീലം പകർന്നു നൽകിത്തന്നെയാണ് വളർത്തിയത്. വായനാശീലം തന്റെ മരണക്കിടക്കയിലും പിന്തുടർന്നിട്ടുണ്ട് സ്‌റ്റാലിൻ. അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ ഏതാണ്ട് 40,000 -ലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നാണ് സാക്ഷ്യം. അതിൽ തന്നെ പതിനായിരത്തോളം എണ്ണം എപ്പോൾ വേണമെങ്കിലും എടുത്ത് വായിക്കാൻ പാകത്തിൽ, മോസ്കോയുടെ പ്രാന്തത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വസതികളിൽ ഒന്നായ കുണ്ട്സെവോ ഡാച്ചയിൽ ആയിരുന്നു. വളരെ വേഗത്തിൽ പുസ്തകങ്ങൾ വായിച്ചുതീർക്കാൻ സ്റ്റാലിന് പറ്റുമായിരുന്നു. വായിക്കുന്നതോടൊപ്പം മാർജിനിൽ കുനു കുനാ അക്ഷരങ്ങളിൽ നോട്ടുകൾ എഴുതുന്ന സ്വഭാവവും സ്റ്റാളിനുണ്ടായിരുന്നു.

 

 

കൗമാരകാലത്ത് നിരവധി കാല്പനിക കവിതകളും എഴുതിയിരുന്നു സ്‌റ്റാലിൻ എങ്കിലും, അധികം താമസിയാതെ രാഷ്ട്രീയത്തിന്റെ തിരക്കുകളിൽ പെട്ടതിനാൽ പിന്നീടങ്ങോട്ട് അത് തുടരാനായിട്ടില്ല അദ്ദേഹത്തിന്.  തികഞ്ഞൊരു സഹൃദയനായിരുന്ന സ്റ്റാലിൻ റഷ്യൻ വിപ്ലവകവികൾ തന്നെ വിമർശിച്ചെഴുതിയിരുന്ന കവിതകളും, ആവേശത്തോടെ തപ്പിപ്പിടിച്ച് വായിച്ചിരുന്നു. അക്കൂട്ടത്തിൽ പ്രമുഖ അന്ന അഖ്‌മത്തോവ ആയിരുന്നു. അന്നയുടെ മുൻ ഭർത്താവിനെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പുറത്ത്  സ്റ്റാലിൻ ഭരണകൂടം വധിച്ചു കഴിഞ്ഞിരുന്നു. അവരുടെ മകനെ പോലീസ് അറസ്റ്റു ചെയ്യുകയും ക്രൂരമായി പീഡിപ്പിച്ച ശേഷം ഒരു കുറ്റവും ചുമത്താതെ വിട്ടയക്കുകയും, വീണ്ടും അറസ്റ്റു ചെയ്യുകയും പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച അന്നയെ സ്‌റ്റാലിൻ വിടാതെ പിന്തുടർന്നു. ഭരണകൂടത്തിനെതിരായി അന്ന ഒരു വാക്കെങ്കിലും മിണ്ടിക്കിട്ടാൻ വേണ്ടി ഗുലാഗിൽ സ്ഥലമൊഴിച്ചിട്ട് സ്റ്റാലിൻ കാത്തിരുന്നു. 

സത്യത്തിൽ, സ്റ്റാലിന്റെ ശ്രദ്ധയിൽ പെടുക എന്നത് ഇരുതല മൂർച്ചയുള്ള ഒരു വാളായിരുന്നു. 1935 -ൽ തന്റെ മകനെ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ മകന്റെ മോചനത്തിനായി സ്റ്റാലിന് നേരിട്ട് കത്തെഴുതി അന്ന. അവർ കരുതിയതിനു വിപരീതമായി അന്നയുടെ മകനെ വിട്ടയക്കുകയും ചെയ്തു, സ്റ്റാലിൻ. അന്നയുടെ എഴുത്തിലെ ഭരണകൂട വിരുദ്ധതയോട് മാത്രമായിരുന്നു സ്റ്റാലിനെന്ന ഏകാധിപതിക്ക് വിരോധം. കവിതയോട് വിമുഖത കാട്ടുന്ന ഒരു ഭരണകൂടത്തെക്കാൾ എത്രയോ ഇരട്ടി അപകടകരമാണ് കവിതയിൽ കമ്പമുള്ള ഭരണകൂടം എന്ന് സാക്ഷ്യപ്പെടുതുന്നതായിരുന്നു അന്നയുടെ അനുഭവം. 

സിനിമ, ഓപ്പെറ, ബാലറിന 

റഷ്യയുടെ സുപ്രീം ലീഡർ എന്ന നിലയിലുള്ള തിരക്കുകളിൽ നിന്ന് ഇടക്കൊക്കെ അവധിയെടുത്ത് ബോൾഷോയി തിയേറ്ററിൽ എത്തും സ്‌റ്റാലിൻ. അവിടെ ഓപ്പെറ കാണും. സിനിമകൾ കാണാൻ വേണ്ടി ക്രെംലിനുള്ളിൽ ഒരു സ്വകാര്യ സിനിമാ റൂം തന്നെ അദ്ദേഹം സെറ്റ് ചെയ്തിരുന്നു. അന്ന് പല ഹോളിവുഡ് ചിത്രങ്ങളുടെയും ആദ്യ സ്ക്രീനിങ് റഷ്യയിൽ നടക്കുന്നത് സ്റ്റാലിന്റെ പേഴ്സണൽ സിനിമാ മുറിക്കുള്ളിൽ വെച്ചായിരുന്നു. ഒരു തരം വിവിഐപി പ്രിവ്യൂ തന്നെ. പല ചിത്രങ്ങൾക്കും സ്റ്റാലിന്റെ എതിർപ്പ് കാരണം ആ സിനിമയ്ക്ക് പുറത്തൊരു കൊട്ടകയിലും കളിയ്ക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. പല സോവിയറ്റ് ചിത്രങ്ങൾക്കും സ്ക്രിപ്റ്റ് മാറ്റങ്ങൾ വരെ സ്‌റ്റാലിൻ നിർദേശിച്ചിരുന്നു. 1938 -ൽ പുറത്തിറങ്ങിയ ഗ്രിഗറി അലക്‌സാണ്ടറോവിന്റെ  'വോൾഗ വോൾഗ' എന്ന മ്യൂസിക്കൽ കോമഡി ചിത്രം അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. അതിന്റെ മുഴുവൻ സംഭാഷണങ്ങളും അതിലെ ഗാനങ്ങളും ഒക്കെ സ്റ്റാലിന് മനഃപാഠമായിരുന്നു. 

അതുപോലെ, അരങ്ങിൽ നൃത്തം ചെയ്തിരുന്ന ബാലെറിനകളോട് സ്റ്റാലിന് അടങ്ങാത്ത ആകർഷണം ഉണ്ടായിരുന്നു എന്ന്‌ മരിയ സ്വാനിസ്ഡേ തന്റെ ഡയറിക്കുറിപ്പുകളിൽ പറയുന്നുണ്ട്. ബാലെറിനകളിൽ സ്റ്റാലിന്റെ പ്രേമഭാജനം ഓൾഗ ലെപ്പെൻഷിൻസ്കായ ആയിരുന്നു. തനിക്ക് സ്റ്റാലിനുമായി പ്രേമബന്ധമുണ്ടായിരുന്നു എന്ന്‌ ഓൾഗ ഒരിക്കൽപ്പോലും തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ, സ്റ്റാലിൻ ബോൾഷോയി തിയേറ്റർ സന്ദർശിച്ചിരുന്നത് എന്നും ഓൾഗയുടെ പ്രകടനങ്ങളിൽ മതിമറന്നിരിക്കാൻ വേണ്ടിയായിരുന്നു. ഈ പ്രണയബന്ധം ഒരു നിഗൂഢതയായിട്ടാണ് അവസാനം വരെ തുടർന്നത്.

 

 

മറ്റൊരു സുപ്രസിദ്ധ റഷ്യൻ ബാലെറിനയായ വേര ദാവീദോവ 'സ്റ്റാലിന്റെ കാമുകിയുടെ കുറ്റസമ്മതങ്ങൾ' എന്ന തന്റെ ആത്മകഥയിൽ സ്റ്റാലിനുമായുള്ള തന്റെ പത്തൊമ്പതുവർഷം നീണ്ടുനിന്ന ശാരീരിക ബന്ധത്തിന്റെ കഥകൾ തുറന്നെഴുതിയിട്ടുണ്ട്. അവർ തമ്മിലെ ആദ്യ രതിസംഗമം തന്നെ ഏറെ നിഗൂഢമായ ഒരു കഥയാണ്. ക്രെംലിനിൽ വെച്ച് നടന്ന ഒരു വിരുന്നിനിടെ, അന്ന് വിവാഹിതയായിരുന്ന വേര ദാവീദോവക്ക് ഒരു കുറിപ്പ് കിട്ടുന്നു. "സ്റ്റാലിൻ കൊണ്ടുചെല്ലാൻ ആളയച്ചിരിക്കുന്നു, ഡ്രൈവർ പുറത്ത് കാത്തുനിൽപ്പുണ്ട്". ആ വാഹനത്തിൽ ഒരു രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം അവിടെ നിന്ന് നേരെ സ്റ്റാലിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു ദാവീദോവയെ.

ചെന്നപാടെ നല്ല കടുപ്പത്തിൽ ഒരു കാപ്പിയിട്ടു നൽകി സ്റ്റാലിൻ. അതിനു ശേഷം അടുത്ത മുറിയിലേക്ക് ദാവീദോവയെ ആനയിച്ചു അദ്ദേഹം. ആ മുറിയിൽ വലിയൊരു സോഫ കിടപ്പുണ്ടായിരുന്നു. മുറിയിൽ കേറി സോഫയിൽ ഇരുന്ന പാടെ, ലൈറ്റണച്ചോട്ടെ എന്ന്‌ ദാവീദോവയോട് സ്റ്റാലിൻ അനുവാദം ചോദിച്ചു. വെളിച്ചം മുഖത്തു വീഴുന്നത് സംഭാഷണത്തിന് തടസ്സമാകും എന്നുകൂടി പറഞ്ഞ്, തന്റെ അതിഥിയുടെ അനുവാദത്തിനു കാക്കാതെ സ്റ്റാലിൻ മുറിയിലെ വെളിച്ചം പാടെ കെടുത്തി. അതിനു ശേഷം കോമ്രേഡ് സ്റ്റാലിന്റെ വായിൽ നിന്ന് വന്നത് അവരെ ഞെട്ടിച്ച ഒരു വാചകമായിരുന്നു, " കോമ്രേഡ് ദാവീദോവ, വിവസ്ത്രയാകൂ, എത്രയും പെട്ടെന്ന്..." 

"ഞാൻ എങ്ങനെ ആ നിർദേശം അവഗണിക്കും. എങ്ങനെ അദ്ദേഹത്തോട് സഹകരിക്കാതിരിക്കും. ആ നിമിഷത്തെ വിസമ്മതം എന്നെ കൊണ്ടുചെന്നെത്തിക്കുക ഗുലാഗിൽ ആയിരിക്കും എന്നെനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എന്റെ ബലേറിന കരിയർ അതോടെ അസ്തമിക്കും. എന്നെ അദ്ദേഹം കൊടിയ മർദ്ദനങ്ങൾക്ക് വിധേയയാക്കി വധിക്കാനും മടിച്ചേക്കില്ലെന്നും എനിക്കറിയാമായിരുന്നു. " എന്ന്‌ ദാവീദോവ പിൽക്കാലത്ത് തന്റെ ആത്മകഥയിൽ എഴുതി. കോമ്രേഡുമായുള്ള ദാവീദോവയുടെ രഹസ്യബന്ധം തുടർന്ന് പോയ കാലത്ത് മോസ്കോയിലെ പോഷ് ഏരിയയിൽ തന്നെ അവർക്ക് താമസിക്കാൻ ഒരു രണ്ടുമുറി അപ്പാർട്ട്മെന്റ് കിട്ടി. അക്കാലയളവിൽ തന്നെ രാഷ്ട്രസേവന മികവിനുള്ള വിശ്രുതമായ സ്റ്റാലിൻ പുരസ്‌കാരം മൂന്നുതവണ ദാവീദോവയെ തേടിയെത്തി. 

സുഭിക്ഷ ഭക്ഷണം 

വിഭവ സമൃദ്ധമായിരുന്ന വിരുന്നുകളുടെയും വമ്പൻ പാർട്ടികളുടെയും ഒക്കെ ആരാധകനായിരുന്നു സ്‌റ്റാലിൻ. അദ്ദേഹത്തിന് റഷ്യൻ, ജോർജിയൻ, യൂറോപ്യൻ കുസിനുകൾ ഏറെ ഇഷ്ടമായിരുന്നു. ജോർജ്ജിയക്കാരനാണല്ലോ സ്‌റ്റാലിൻ. അതുകൊണ്ടുതന്നെ ജോർജിയൻ കുസീൻ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ഡാച്ചയിൽ രണ്ടു ഷെഫ്, ക്രെംലിനിൽ ഒരു ഷെഫ് എന്നിങ്ങനെ പലരും ചേർന്നായിരുന്നു ആ ഭക്ഷണം പാചകം ചെയ്തിരുന്നത്. ആ അടുക്കളയിൽ തന്നെ പാകം ചെയ്ത ബ്രഡ്, പാനീയങ്ങൾ, സ്റ്റാർട്ടറുകൾ, സാലഡുകൾ, സൂപ്പുകൾ എന്നിവ തീന്മേശമേൽ നിരത്തിയ  ഒരു ട്രഡീഷണൽ ജോർജിയൻ ബഫേ ആയിരുന്നു പതിവ്. സ്റ്റാലിന്റെ സ്വകാര്യ സദിരുകളിൽ ഭക്ഷണവും വോഡ്കയുമെല്ലാം മേശപ്പുറത്ത് കൊണ്ടുവെച്ചിട്ട് വീട്ടിലെ പരിചാരകർ സ്ഥലം വിടും.  അത്തരം അത്താഴങ്ങൾ ചിലപ്പോൾ രാത്രി ഏറെ വൈകും വരെ തുടരാറുണ്ടായിരുന്നു. പ്രോസസ് ചെയ്തതോ ടിന്നിൽ അടച്ചതോ ആയ ഒരു മാംസവും മത്സ്യവും സ്റ്റാലിന് ഇഷ്ടമായിരുന്നില്ല. മീൻ വളർത്താൻ വേണ്ടി അദ്ദേഹത്തിന്റെ എസ്റ്റേറ്റിൽ ഒരു കുളം തന്നെ ഉണ്ടായിരുന്നു. അതിൽ നിന്ന് പിടിച്ചെടുക്കുന്ന പിടക്കുന്ന മീനുകളായിരുന്നു പലപ്പോഴും പരിചാരകർ സ്റ്റാലിന് പാകം ചെയ്തു നൽകിയിരുന്നത്. 

 

 

ജനം സമൃദ്ധിയിലാണ് എന്ന് സൂചിപ്പിക്കാൻ ഇടക്കാലത്ത് സ്റ്റാലിൻ  വൈനടക്കമുള്ള 'ഉല്ലാസത്തിനുള്ള' ഉപാധികൾ സകലർക്കും കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും ഒരു പരിശ്രമം തുടങ്ങിയിരുന്നു. മറ്റുരാജ്യങ്ങളിൽ ലക്ഷ്വറി ഉത്പന്നങ്ങളായിരുന്ന, സമൂഹത്തിന്റെ മേലെക്കിടയിൽ ഉള്ളവർക്ക് മാത്രം വാങ്ങിച്ചു തിന്നുകയും കുടിക്കുകയുമൊക്കെ ചെയ്യാൻ പറ്റിയിരുന്ന വീഞ്ഞും, ചോക്കലേറ്റും, മീനെണ്ണയും എല്ലാം കടകളിൽ കുറഞ്ഞ വിലക്ക് ലഭ്യമാക്കുക. എന്നിട്ട് മുതലാളിത്ത രാജ്യങ്ങളിൽ കഴിയുന്നവരെക്കൊണ്ടുകൂടി," ദേ നോക്കൂ. വിപ്ലവത്തിന്റെ മണ്ണിലെ, സോഷ്യലിസ്റ്റ് റഷ്യയിലെ ജനങ്ങൾ മുതലാളിത്ത രാജ്യങ്ങളിലെ കുലീനന്മാരെ വെല്ലുന്ന ജീവിതശൈലിയാണ് പുലർത്തുന്നത്" എന്ന് പറയിപ്പിക്കുക, അതുമാത്രമായിരുന്നു സ്റ്റാലിന്റെ ഉദ്ദേശ്യം.

സ്റ്റാലിൻ മുന്നോട്ടുവെച്ച യാഥാർഥ്യത്തിന് നിരക്കാത്ത പ്രൊഡക്ഷൻ ടാർഗറ്റ് കാരണം റഷ്യയിൽ അന്ന് വീഞ്ഞുത്പാദകർ, ഗുണനിലവാരത്തിലുപരി, വീപ്പകണക്കിന് വീഞ്ഞ് ഉത്പാദിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.  മാൾഡോവ മുതൽ താജികിസ്ഥാൻ വരെയുള്ള പ്രദേശങ്ങളിലെ മുന്തിരികർഷർ, വീഞ്ഞുത്പാദനത്തിന് ഉത്തമമായിരുന്ന പരമ്പരാഗത  സ്വദേശി മുന്തിരിവള്ളികൾ വേരോടെ പിഴുതുമാറ്റി, സ്റ്റാലിന്റെ സ്വപ്നസാക്ഷാത്കാരത്തിനുതകുന്ന, കുലകുലയായി കായ്ച്ചിറങ്ങുന്ന സങ്കരയിനം മുന്തിരിവള്ളികൾ പടർത്തി.  

 

 

കുപ്പികളിൽ നിറച്ച് പഴക്കം വരുത്തി വീഞ്ഞ് നിർമിക്കുന്ന പരമ്പരാഗത ഫ്രഞ്ച് മാർഗം, സ്റ്റാലിൻ ഉദ്ദേശിച്ചത്ര കൂടിയ അളവിലുള്ള ഉത്പാദനത്തിന് പ്രായോഗികമല്ലായിരുന്നു. അതിന് ഒരു മാർഗമുണ്ടാക്കിയത്, ഫ്രഞ്ച് ബോട്ടിൽ ഫെർമെന്റേഷന് പകരം 'പ്രെഷറൈസ്ഡ്' ടാങ്കുകളിൽ വീഞ്ഞുത്പാദിപ്പിക്കാൻ വഴി കണ്ടെത്തിയ ആന്റൺ ഫ്രോലോവ് ബാഗ്രിയെവ് ആയിരുന്നു. അതോടെ വീഞ്ഞ് പാകമാകാൻ വേണ്ടിവന്നിരുന്ന മൂന്നുവർഷക്കാലമെന്നത് വെറും ഒരു മാസമായി ചുരുങ്ങി. ഒറ്റയടിക്ക് 5000, 10,000 ലിറ്റർ വൈനൊക്കെ ഒരു ബാച്ചിൽ ഉത്പാദിപ്പിച്ചെടുക്കാം എന്നായി. ഫാക്ടറികൾ സോവിയറ്റ് റഷ്യയിൽ നിന്നെല്ലാം ശേഖരിച്ച മുന്തിരികളെ വൈനാക്കി മാറ്റി, ബോട്ട്ലിങ്ങ് പ്ലാന്റുകളിലേക്ക് ടാങ്കറുകളിൽ നിറച്ച് കൊടുത്തയച്ചു. 'ഫ്രോലോവ്-ബാഗ്രിയെവ്' ജോഡികൾ വികസിപ്പിച്ചെടുത്ത 'ടാങ്ക് സംവിധാനം' വഴി ആ ഫാക്ടറികളിൽ മണിക്കൂറിൽ ആയിരക്കണക്കിന് കുപ്പികളിൽ വീഞ്ഞ് നിറച്ച് പുറത്തിറക്കപ്പെട്ടു. അങ്ങനെ പുറത്തിറങ്ങിയതാണ് 'സോവെറ്റ്സ്‌കോയെ ഷാമ്പൻസ്‌കോയെ' (Sovetskoye Shampanskoye) എന്ന വിലകുറഞ്ഞ, പാനിപോലെ മധുരിക്കുന്ന, സോവിയറ്റ് യൂണിയനിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ 'ഉല്ലാസ'ത്തിനായി കോമ്രേഡ് സ്റ്റാലിൻ പറഞ്ഞുണ്ടാക്കിച്ച വീഞ്ഞ്.

തമാശകൾ ഒപ്പിക്കുക 

വളരെ വിചിത്രമായ നർമ്മബോധമായിരുന്നു സ്റ്റാലിന്. പലപ്പോഴും നേരിയ അശ്‌ളീല ചുവയുള്ള തമാശകളായിരുന്നു സ്റ്റാലിന്റേത്. ഭരണവുമായി ബന്ധപ്പെട്ട വലിയ ടെൻഷനുകൾ അലട്ടുന്ന ദിവസങ്ങളിൽ അദ്ദേഹം മനസ്സ് ഒന്ന് തണുപ്പിക്കാൻ വേണ്ടി, പുറത്ത് കാവൽ നിൽക്കുന്ന തന്റെ ബോഡിഗാർഡുമാരെ വിളിച്ച് പുറത്ത് എത്ര ഡിഗ്രിയായി തണുപ്പ് എന്ന് തിരക്കുമായിരുന്നു. അവർ പുറത്ത് മൈനസ് എത്ര ഡിഗ്രി എന്ന് പറഞ്ഞിരുന്നോ അത്രയും ഷോട്ട് വോഡ്ക കഴിക്കാൻ തന്റെ അതിഥികളെ നിർബന്ധിക്കുമായിരുന്നു സ്‌റ്റാലിൻ. 

 പൂൾ, ഗൊറോഡ്‌കി

പൂൾ എന്ന ഗെയിം ആയിരുന്നു സ്റ്റാലിന്റെ ഏറ്റവും ഇഷ്ടമുള്ള കളി. വളരെ സമർത്ഥമായി അദ്ദേഹം പൂൾ കളിച്ചിരുന്നു എന്നുമാത്രമല്ല ബെറ്റുവെച്ച് കളിച്ച് തോറ്റുപോയിരുന്ന സഹപ്രവർത്തകരെയും സ്നേഹിതരെയും അദ്ദേഹം  പൂൾ ടേബിളിന്റെ അടിയിൽ കയറി ഇരിക്കാൻ നിർബന്ധിച്ചിരുന്നു. സ്റ്റാലിന്റെ ഈ നിർബന്ധത്തിന് നികിത ക്രൂഷ്‌ചേവിനു പോലും വിധേയനാകേണ്ടി വന്നിട്ടുണ്ട്. 

 

 

അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു കളി ഗൊറോഡ്‌കി ആയിരുന്നു. അത് നമ്മുടെ നാട്ടിലെ ചട്ടിപ്പന്തു പോലെയുള്ള ഒരു കലൈയാൻ. ഓട്ടിൻകഷ്ണങ്ങൾക്ക് പകരം മരക്കട്ടകൾ അട്ടിക്കിട്ട്, മറ്റൊരു മരക്കഷ്ണം എറിഞ്ഞാണ് വീഴ്ത്താൻ ശ്രമിച്ചിരുന്നത്. പല നിർണായക ചർച്ചകൾക്കും ഇടയിൽ ഒരു സമന്വയം ഉണ്ടാവുന്നില്ല എന്നുകാണുന്ന നിമിഷം സ്‌റ്റാലിൻ പറഞ്ഞിരുന്നത്, "ബാ നമുക്ക് ഗൊറോഡ്‌കി കളിക്കാം" എന്നായിരുന്നു. 

കൃഷിപ്പണി 

തന്റെ എസ്റ്റേറ്റിൽ വലിയതോതിൽ പച്ചക്കറി കൃഷി നടത്തിച്ചിരുന്നു സ്‌റ്റാലിൻ. വെട്ടിമുറിച്ചാൽ ചുവന്ന നിറത്തിൽ ഇരിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, വൻ തോതിൽ തന്നെ തണ്ണിമത്തൻ കൃഷിചെയ്തിട്ടുണ്ട് സ്റ്റാലിൻ തന്റെ എസ്റ്റേറ്റ് വളപ്പിൽ 1948 കാലത്തൊക്കെ.

 

 

ഈ കൃഷി നടക്കുന്ന പറമ്പിലൊക്കെ നേരിട്ട് ചെന്ന് വേണ്ട നിർദേശങ്ങൾ നൽകി കൃഷിക്ക് വേണ്ട മാർഗനിർദേശങ്ങൾ സ്‌റ്റാലിൻ നൽകിയിരുന്നു അന്ന്. അക്കൊല്ലത്തെ വിളവുകാലത്ത് മോസ്കോയിലെ പല പഴക്കടകളിലും വില്പനക്ക് എത്തിയത് സ്റ്റാലിന്റെ എസ്റ്റേറ്റിൽ വിളവെടുത്ത തുടുതുടുത്ത തണ്ണിമത്തനുകൾ ആയിരുന്നു.