തങ്ങളാരെയും ബലം പ്രയോഗിച്ച് ബുര്‍ഖ ധരിപ്പിക്കുന്നില്ലെന്നും എന്ത് വസ്ത്രം ധരിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഇവിടത്തെ താലിബാന്‍ കമാണ്ടര്‍ പറയുന്നത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചതിന് ഒരു യുവതിയെ താലിബാന്‍ വധിച്ചുവെന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താലിബാന്‍ അത് ചെയ്യില്ലെന്നും ഇയാള്‍ പറഞ്ഞു.  

''പോരാട്ടം നടക്കുമ്പോള്‍ ആളുകള്‍ കൊല്ലപ്പെടുകയൊക്കെ ചെയ്യും.'' 

വളരെ കൂളായി, ഇങ്ങനെ പറയുന്നത് താലിബാന്‍ പ്രദേശിക കമാണ്ടര്‍ അയിനുദ്ദീന്‍. അഫ്ഗാനിസ്താനിലെ ആക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാവും എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അഫ്ഗാനിലെ ഏറ്റവും വലിയ നഗരമായ മസ്അരെ ശരീഫിനടുത്ത് താവളമുറപ്പിച്ച താലിബാന്‍ സംഘത്തിലെ കമാണ്ടര്‍ അയിനുദ്ദീന്‍ ഇങ്ങനെ മറുപടി നല്‍കിയത്. താലിബാന്‍ പിടിച്ചെടുത്ത വടക്കന്‍ അഫ്ഗാനിസ്താനിലെ പ്രദേശങ്ങളില്‍ എത്തിയ ബിബിസി സംഘത്തോടാണ്, അരുംകൊലകളെ താലിബാന്‍ നേതാവ് ഇങ്ങനെ ന്യായീകരിച്ചത്. 

മസ്അരെ ശരീഫില്‍നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന ഒരു സ്ഥലത്താണ് ബിബിസി സംഘം അയിനുദ്ദിനെ കണ്ടത്. ഇവിടെ തമ്പടിച്ച താലിബാന്‍ ഭീകരര്‍, തങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങളും യന്ത്രത്തോക്കുകളും ക്യാമറകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 

'താലിബാനല്ലേ ആദ്യം ആക്രമണം തുടങ്ങിയത്' എന്ന ചോദ്യത്തിന്, തങ്ങളുടെ സര്‍ക്കാറിനെ അട്ടിമറിച്ചത് അമേരിക്ക ആണെന്നും അവരാണ് ആക്രമണം തുടങ്ങിയതെന്നും താലിബാന്‍ കമാണ്ടര്‍ പറഞ്ഞു. 

വിദേശ സൈനികര്‍ അഫ്ഗാനിസ്താന്‍ വിട്ടതിനു പിന്നാലെ ദിവസവും താലിബാന്‍ ഭീകരര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ സൈന്യം കരയിലും ആകാശത്തിലുമായി പ്രത്യാക്രമണം നടത്തുന്നുമുണ്ട്. ഒമ്പത് പ്രവിശ്യകള്‍ പിടിച്ചെടുത്ത് മുന്നേറുന്ന താലിബാന്‍ മുന്നേറ്റത്തില്‍ നൂറു കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ സര്‍വ്വതും നഷ്ടപ്പെട്ട് തെരുവിലാണ്. അഫ്ഗാനിലെ ഭരണകൂടം ഇപ്പോഴും പാശ്ചാത്യ സംസ്‌കാരമാണ് പിന്തുടരുന്നതെന്നും അതിനാല്‍ അവരെ വധിക്കുമെന്നും അയിനുദ്ദീന്‍ പറഞ്ഞു.

അയിനുദ്ദീന്‍ Image courtesy: BBC

റൂമിയുടെ നാട്ടിലെ കാഴ്ചകള്‍ 
സൂഫി കവിയായ ജലാലുദ്ദീന്‍ റൂമിയുടെ ജന്‍മദേശമായ ബല്‍ഖും താലിബാന്‍ ഭീകരരുടെ കൈയിലാണിപ്പോള്‍. നേരത്തെ സര്‍ക്കാറിന്റെ നിയന്ത്രണത്തിലായിരുന്നപ്പോഴും ഇവിടത്തെ ഗ്രാമപ്രദേശങ്ങള്‍ താലിബാന്‍ ആയിരുന്നു ഭരിച്ചിരുന്നത്. ഇപ്പോള്‍, താലിബാന്‍ മുന്നേറ്റത്തില്‍ വീണടിഞ്ഞ 200 ജില്ലാ ആസ്ഥാനങ്ങളിലൊന്നായി ഇതു മാറിയിരിക്കുന്നു.

പഷ്തൂണ്‍ വംശജരാണ് ഇവിടെയുള്ള താലിബാന്‍കാരിലേറെയും. മറ്റ് വംശങ്ങളില്‍ നിന്നുള്ളവരെയും താലിബാനിലേക്ക് ചേര്‍ക്കുമെന്ന് ഇവിടത്തെ മുതിര്‍ന്ന താലിബാന്‍ നേതാവ് ഹാജി ഹിക്മത്ത് ബിബിസിയോട് പറഞ്ഞു. 

സ്ത്രീകള്‍ പുറത്തിറങ്ങുന്നത് നിരോധിക്കുന്നുവെങ്കിലും ഇവിടെ അതല്ല അവസ്ഥയെന്നാണ് താലിബാന്‍ നേതൃത്വം പറയുന്നത്. ഇവിടെ സ്ത്രീകളും പെണ്‍കുട്ടികളുമെല്ലാം തെരുവില്‍ ഇറങ്ങുന്നുണ്ടെന്നും ജീവിതം സാധാരണ നിലയിലാണെന്നുമാണ് താലിബാന്‍ നേതാവ് അവകാശപ്പെട്ടത്. ചില സ്ത്രീകള്‍ പുറത്തിറങ്ങുന്നത് കണ്ടെങ്കിലും കണ്ണൊഴിച്ച് മറ്റ് ശരീരഭാഗങ്ങളെല്ലാം മറക്കുന്ന ബുര്‍ഖ ഇടാതെ ആരും പുറത്തിറങ്ങുന്നില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ വണ്ടിയില്‍ കയറ്റരുതെന്ന് തങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്ന് ഇവിടത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.

തങ്ങളാരെയും ബലം പ്രയോഗിച്ച് ബുര്‍ഖ ധരിപ്പിക്കുന്നില്ലെന്നും എന്ത് വസ്ത്രം ധരിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഇവിടത്തെ താലിബാന്‍ കമാണ്ടര്‍ പറയുന്നത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചതിന് ഒരു യുവതിയെ താലിബാന്‍ വധിച്ചുവെന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താലിബാന്‍ അത് ചെയ്യില്ലെന്നും ഇയാള്‍ പറഞ്ഞു. 

എനതായിരിക്കും ഇതിനര്‍ത്ഥം? താലിബാന്‍ ഭരണം എങ്ങനെയെന്ന് ലോകമാകെ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍, കുറച്ചു കൂടി ഉദാരമായ നിലപാടുകളാണ് തങ്ങള്‍ക്കെന്ന പ്രതീതി സൃഷ്ടിക്കുകയാണ ഇപ്പോള്‍ താലിബാന്‍ എന്നാണ് ബിബിസി നിരീക്ഷണം. വസ്ത്രധാരണത്തിലടക്കം ഇത്രനാളും അനുഭവിച്ച സ്വാതന്ത്ര്യമാണ് താലിബാന്‍ ഇല്ലാതാക്കുന്നത് എന്നതായിരുന്നു ജനങ്ങളില്‍ പലരും രഹസ്യമായി പ്രതികരിച്ചത്. 

മേയര്‍ അബ്ദുല്ല മന്‍സൂര്‍ Image courtesy: BBC

താലിബാന്‍ വക മേയര്‍
ഇവിടെ സര്‍ക്കാര്‍ ഓഫീസുകളടക്കം പിടിച്ചെടുത്ത് എല്ലാ അര്‍ത്ഥത്തിലുമുള്ള ഭരണം താലിബാന്‍ ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ചാവേര്‍ ബോംബാക്രമണത്തില്‍ ഭാഗികമായി തകര്‍ത്ത പ്രാദേശിക പൊലീസ് മേധാവിയുടെ ഓഫീസിലും ഇപ്പോള്‍ താലിബാനാണ്. തെരുവുകള്‍ വൃത്തിയാക്കാന്‍ വരുന്ന ശുചീകരണ തൊഴിലാളികള്‍ ഒഴികെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കാണാനില്ല. 

താലിബാന്‍ ഭീകരര്‍ ഇവിടെ നിയോഗിച്ച മേയറാണ് ഇപ്പോള്‍ നഗരം ഭരിക്കുന്നത്. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് താലിബാന്‍ എന്നെഴുതിയ വെള്ളക്കൊടി തൂക്കിയ മേയറുടെ ഓഫീസിലിരുന്ന്, പ്രദേശത്തെ നികുതി താലിബാന്‍ പിരിച്ചു തുടങ്ങിയതായി മേയര്‍ അബ്ദുല്ല മന്‍സൂര്‍ പറഞ്ഞു. ആയുധങ്ങളുടെ ചുമതല നേരത്തെ ഉണ്ടായിരുന്ന ഇയാള്‍ ഇപ്പോള്‍ ജില്ലയിലെ മൊത്തം നികുതി പിരിവിന് നേതൃത്വം നല്‍കുകയാണ്. അഫ്ഗാന്‍ സര്‍ക്കാറിന്റെ നികുതിയേക്കാള്‍ കുറവാണ് തങ്ങള്‍ വാങ്ങുന്നതെന്ന് ഇയാള്‍ പറയുന്നു. തങ്ങള്‍ മേയറെ അഭിമുഖം നടത്തുന്ന സമയത്ത് തോക്കേന്തിയ താലിബാന്‍കാര്‍ ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

താലിബാന്‍ മുന്നോട്ടുവെക്കുന്ന യാഥാസ്ഥിതിക മതാചാരങ്ങളാണ് ഇപ്പോള്‍ താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെങ്ങും. ഇവിടത്തെ റേഡിയോ നിലയത്തില്‍നിന്നും ഏതു സമയത്തും മതപരമായ പ്രാര്‍ത്ഥനകളും മറ്റുമാണ് മുഴങ്ങുന്നത്. പൊതു സ്ഥലങ്ങളില്‍ അശ്ലീലം പ്രോല്‍സാഹിപ്പിക്കുന്ന സംഗീതം തങ്ങള്‍ നിരോധിച്ചിട്ടതായി മേയര്‍ പറയുന്നു. എന്നാല്‍, ആളുകള്‍ ഏതു പാട്ടുകളാണ് കേള്‍ക്കുന്നത് എന്ന കാര്യത്തില്‍ തങ്ങള്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. അങ്ങാടിയില്‍ വെച്ച് പാട്ടുകേട്ടെന്ന കുറ്റത്തിന് ഒരാളെ പൊരിവെയിലത്ത് നഗ്‌നപദനായി നടത്തിക്കുകയും അയാള്‍ ബോധം കെട്ടുവീഴുകയും ചെയ്ത കഥ ആളുകള്‍ പറഞ്ഞു. എന്നാല്‍ അത്തരം ഒരു സംഭവവും നടന്നിട്ടില്ലെന്നാണ് മേയര്‍ പറയുന്നത്.

പൊതുവെ തങ്ങള്‍ അല്‍പ്പം മയപ്പെട്ടു എന്നന ചിത്രം ലോകത്തിന് നല്‍കാാനാണ് ഇപ്പോള്‍ താലിബാന്‍ ശ്രമിക്കുന്നതെങ്കിലും മിക്കയിടങ്ങളിലും താലിബാന്‍ പഴയ കര്‍ശന നിലപാടുകള്‍ പിന്തുടരുകയാണ് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശിക കമാണ്ടര്‍മാര്‍ക്ക് അനുസരിച്ച് നിയമങ്ങള്‍ മാറുന്നതായും പറയുന്നു.

വിധി പറയാന്‍ താലിബാന്‍ ജഡ്ജുമാരും

താലിബാന്‍ കോടതികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. താലിബാന്‍ വ്യാഖ്യാനിക്കുന്ന നിയമങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. സ്വത്ത് തര്‍ക്കങ്ങളിലും ക്രിമിനല്‍ കേസുകളിലുമെല്ലാം താലിബാന്‍ ജഡ്ജുമാര്‍ വിധി പറയുന്നുണ്ട്.

നാലു മാസമായി താന്‍ കേസുകളില്‍ വിധി പറയുന്നതായി താലിബാന്‍ കോടതി ജഡ്ജ് ഹാജി ബദറുദ്ദീന്‍ പറഞ്ഞു. കടുപ്പമുള്ള വിധികളൊന്നും ഇക്കാലയളവില്‍ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും കീഴ്‌കോടതി വിധികള്‍ക്കെതിരെ അപ്പീല്‍ പോവാനുള്ള സൗകര്യം ഉണ്ടെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, താലിബാന്റെ വിധികള്‍ക്കെതിരെ അപ്പീല്‍ പോവുക എന്നതൊന്നും നടക്കാറില്ലെന്നാണ് വാസ്തവം.

ശരീഅത്ത് പ്രകാരമുള്ളതെന്ന് താലിബാന്‍ വ്യാഖ്യാനിക്കുന്ന കടുത്ത നിയമങ്ങള്‍ തന്നെയാണ് നടപ്പിലുള്ളതെന്ന് ജഡ്ജ് പറയുന്നു. അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ ഇണ ചേര്‍ന്നാല്‍ അത് വ്യഭിചാരമായി കണ്ട് 100 ചാട്ടയടികളാണ് ശിക്ഷ വിധിക്കുന്നത്. സെക്‌സ് നടത്തിയത് വിവാഹിതരെങ്കില്‍ കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷ. മോഷണകുറ്റം തെളിഞ്ഞാല്‍ കൈവെട്ടും. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന കേസുകളില്‍ ഇരുകൈകളും വെട്ടും. ഇതാണ് തങ്ങളുടെ ശിക്ഷ രീതികളെന്ന് ജഡ്ജ് വിശദീകരിക്കുന്നു. 

ചോരപ്പുഴ ഒഴുകും 

ഇനി എന്താണ് സംഭവിക്കുക എന്ന ചോദ്യത്തിന് തങ്ങള്‍ അഫ്ഗാനിസ്താനിലെ എല്ലാ പ്രദേശങ്ങളും പിടിച്ചെടുക്കുമെന്നാണ് താലിബാന്‍ നേതാക്കള്‍ പറയുന്നത്. സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, സൈനിക മാര്‍ഗത്തിലൂടെ ഭരണം പിടിക്കുക തന്നെ ചെയ്യും. വിദേശികളെയും സ്വദേശത്തെ ശത്രുക്കളെയും തങ്ങള്‍ പരാജയപ്പെടുത്തിയതായി താലിബാന്‍ ഭീകരര്‍ അവകാശപ്പെടുന്നു. കാര്യം എന്തായാലും അഫ്ഗാനില്‍ വീണ്ടും ചോരപ്പുഴ ഒഴുകുമെന്ന സാദ്ധ്യതകളാണ് താലിബാന്‍ ഭീകരര്‍ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ ഭരണം കൊണ്ടുവരുന്നതിന് ഏത് പരിധി വരെ പോവുമെന്നും അവര്‍ പറയുന്നു. അഫ്ഗാനിസ്താനില്‍ ഇനിയുള്ള കാലം അക്രമങ്ങളുടെയും ചോരയുടേതാവുമെന്ന സൂചനകളാണ് നിലനില്‍ക്കുന്നതെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ബിബിസി സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു.