എന്താണ് 'മെനോഡിവോഴ്സ്' ? പ്രായമായവര്‍ക്കിടയിലെ വിവാഹമോചനം കൂടിവരികയാണോ? ഇതും ആർത്തവവിരാമവും തമ്മില്‍ ബന്ധമുണ്ടോ? എന്തൊക്കെയാണ് ഇത്തരം ഡിവോഴ്സുകളുടെ പ്രധാന കാരണം?
'ഗ്രേ ഡിവോഴ്സ്', 'സൈലന്റ് ഡിവോഴ്സ്' എന്നീ വാക്കുകൾക്ക് പിന്നാലെ ബന്ധങ്ങളിലെ പുതിയൊരു പ്രതിഭാസമായി 'മെനോഡിവോഴ്സ്' വാർത്തകളിൽ ഇടംപിടിക്കുന്നു. 40-കൾക്കും 60 -കൾക്കും ഇടയിൽ പ്രായമുള്ള ദമ്പതികൾക്കിടയിൽ വർധിച്ചുവരുന്ന വിവാഹമോചന പ്രവണതയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. സ്ത്രീകളിലെ ആർത്തവവിരാമ കാലഘട്ടം (Menopause) അഥവാ മെനോപോസ് അവരുടെ ദാമ്പത്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനെയാണ് 'മെനോഡിവോഴ്സ്' എന്ന് വിളിക്കുന്നത്.
ആർത്തവവിരാമ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഈ ഘട്ടത്തിൽ പങ്കാളിയുമായുള്ള പൊരുത്തക്കേടുകൾ രൂക്ഷമാവുകയും, വർഷങ്ങളായി സഹിച്ചിരുന്ന പ്രശ്നങ്ങൾ ഇനി വേണ്ടെന്ന് സ്ത്രീകൾ തീരുമാനിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം.
ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകളുടെ അളവ് കുറയുന്നത് ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് വർഷങ്ങളായി ദാമ്പത്യത്തിൽ സഹിച്ചിരുന്ന കാര്യങ്ങളിൽ പെട്ടെന്ന് ഒരു മാറ്റം ആഗ്രഹിക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഇത്രയും കാലം ഒരു അമ്മയായും ഭാര്യയായും മാത്രം ജീവിച്ച അവർ, തനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിക്കുന്നത് പുരുഷന്മാർക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നതും വിവാഹമോചനത്തിന് കാരണമാകുന്നു.
ദശാബ്ദങ്ങളായി ദാമ്പത്യത്തിൽ അനുഭവിച്ചു വന്ന അവഗണനകളോ വിവേചനങ്ങളോ ഇനി സഹിക്കേണ്ടതില്ലെന്ന ബോധ്യം ഈ ഘട്ടത്തിൽ പല സ്ത്രീകളിലും ശക്തമാകുന്നു. 'മെനോഡിവോഴ്സ്' എന്ന സാഹചര്യം ഒഴിവാക്കാൻ ദമ്പതികൾക്കിടയിൽ പരസ്പര ധാരണയും കരുതലും അത്യന്താപേക്ഷിതമാണ്. ആർത്തവവിരാമ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് പങ്കാളികൾ രണ്ടുപേരും വ്യക്തമായ അറിവ് നേടിയിരിക്കണം.
വീട്ടിലെ ഉത്തരവാദിത്തങ്ങളും ജോലികളും തുല്യമായി പങ്കിടുന്നത് ഈ ഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കും. ശാരീരികമോ മാനസീകമോ അസ്വസ്ഥതകൾ ദാമ്പത്യത്തെ ബാധിക്കുന്നുണ്ടെങ്കിൽ മടിക്കാതെ ഒരു ഡോക്ടറുടെയോ കൗൺസിലറുടെയോ സഹായം തേടുന്നതും ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായിക്കും.
