ഉയരമുള്ള സൈനികർക്ക് ഉയരം കുറവുള്ള സൈനികരേക്കാൾ യുദ്ധത്തെ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഉയരം കൂടുതലുള്ളവർ യുദ്ധത്തെ അതിജീവിച്ച് വീട്ടിൽ തിരിച്ച് എത്തുന്നു. ഉയരം കുറവുള്ളവർ അവിടെ തന്നെ മരിക്കുന്നു. എന്നാൽ, ഈ ഉയരവും ആൺകുട്ടി ജനിക്കുന്നതുമായി എന്താണ് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടാകും?
പതിറ്റാണ്ടുകളായി ലോകം യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ഈ യുദ്ധങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസം ഉടലെടുക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. 'റിട്ടേണിംഗ് സോൾജിയർ ഇഫക്റ്റ്' (Returning soldier effect) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. വലിയ വലിയ യുദ്ധങ്ങൾ നടക്കുന്നതിനിടയിലും, അതിനുശേഷവും പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളാണ് കൂടുതലായി ജനിക്കുന്നതെന്നാണ് 'റിട്ടേണിംഗ് സോൾജിയർ ഇഫക്റ്റ്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശാസ്ത്രജ്ഞർ ഇതിൽ വിശ്വസിക്കുന്നുവെങ്കിലും, ഇതെങ്ങനെ സംഭവിക്കുന്നു എന്നതിന് കൃത്യമായ ഒരു വിശദീകരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മനുഷ്യന്റെ ലിംഗാനുപാതത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നാണ് ഇത്. 1883 -ൽ ജർമനിയിലെ ജെന യൂണിവേഴ്‌സിറ്റിയിലെ കാൾ ഡൂസിംഗ് ആണ് ഈ പ്രതിഭാസം ആദ്യമായി ലോകത്തിന് മുന്നിൽ തുറന്ന് വച്ചത്. 1954 -ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലാണ് ഈ പ്രതിഭാസം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ജനിച്ച വെളുത്ത കുട്ടികളിൽ കൂടുതലും ആൺകുട്ടികളായിരുന്നു. അതിന് ശേഷവും യുദ്ധങ്ങൾ നടന്നു. അവയിൽ പലതിലും ഈ പ്രതിഭാസം ആവർത്തിക്കപ്പെട്ടു.
ഈ പ്രതിഭാസത്തിന് ജീനുകളുമായും ഉയരവുമായും ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയ ബ്രിട്ടീഷ് പട്ടാളക്കാർക്കിടയിലും ഇത് ഉണ്ടായിരുന്നു. യുദ്ധത്തിൽ അതിജീവിക്കുകയോ മരിക്കുകയോ ചെയ്ത ബ്രിട്ടീഷ് സൈനികരുടെ ശാരീരിക സവിശേഷതകൾ താരതമ്യം ചെയ്തപ്പോൾ, യുദ്ധത്തെ അതിജീവിച്ച് നാട്ടിലേക്ക് മടങ്ങിയവർക്ക് മരിച്ചവരേക്കാൾ ഉയരമുണ്ടായിരുന്നു എന്ന് കണ്ടെത്തി. അതിജീവിച്ച സൈനികരുടെ ശരാശരി ഉയരം 66.4 ഇഞ്ചായിരുന്നു. മരിച്ചുപോയ സൈനികരുടെ ഉയരം 65.5 ഇഞ്ചും. ആ വർഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ശാരീരിക സവിശേഷതകൾ അനുസരിച്ച്, അതിജീവിച്ച സൈനികർ മരിച്ചു പോയ സൈനികരെക്കാൾ ശരാശരി ഒരിഞ്ച് കൂടുതൽ ഉയരമുള്ളവരായിരുന്നു.
ഉയരമുള്ള സൈനികർക്ക് ഉയരം കുറവുള്ള സൈനികരേക്കാൾ യുദ്ധത്തെ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഉയരം കൂടുതലുള്ളവർ യുദ്ധത്തെ അതിജീവിച്ച് വീട്ടിൽ തിരിച്ച് എത്തുന്നു. ഉയരം കുറവുള്ളവർ അവിടെ തന്നെ മരിക്കുന്നു. എന്നാൽ, ഈ ഉയരവും ആൺകുട്ടി ജനിക്കുന്നതുമായി എന്താണ് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടാകും? സൈക്കോളജി ടുഡേ പറയുന്നതിനുസരിച്ച്, ഉയരം കുറഞ്ഞ മാതാപിതാക്കളേക്കാൾ ഉയരമുള്ള മാതാപിതാക്കൾക്ക് ആൺകുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഉയരത്തിലെ ഒരു ഇഞ്ച് വ്യത്യാസം ഒരു മകനുണ്ടാകാനുള്ള സാധ്യത അഞ്ച് ശതമാനം വർദ്ധിപ്പിച്ചുവെന്നാണ് അവർ എഴുതുന്നത്.
കൂടാതെ ബ്രിട്ടീഷുകാരിൽ മൂന്നിലൊന്ന് പേരും ഒന്നാം ലോകമഹായുദ്ധസമയത്ത് അണിനിരന്നിരുന്നു. അതുകൊണ്ട് തന്നെ, ആ അഞ്ചു ശതമാനം അൻപത് ശതമാനത്തിന്റെ ഫലം ചെയ്തു. ആൺമക്കളുണ്ടാകാൻ സാധ്യതയുള്ള ഉയരം കൂടിയ സൈനികർ യുദ്ധത്തെ അതിജീവിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ, ഉയരം കുറഞ്ഞ സൈനികരിൽ കൂടുതലായും യുദ്ധത്തെ അതിജീവിക്കാനാകാതെ മരണപ്പെട്ടു. നാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ സാധ്യത കുറവായിരുന്നു. ഇതായിരിക്കാം യുദ്ധത്തിന് ഇടയിലും, അതിന് ശേഷവും ആൺകുട്ടികൾ കൂടുതലായി ജനിക്കാനുള്ള കാരണമെന്ന് അനുമാനിക്കുന്നു.
എന്നാൽ, ഇതേക്കുറിച്ചൊന്നും വളരെ ആധികാരികമായതോ പൂർണമായതോ ആയ വിവരങ്ങൾ ഇതുവരെയും ലഭ്യമല്ല.
