കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന മൂന്ന് ഭീകരാക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മുപ്പതിലധികം പേർ. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്,  ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്, ബലൂച് റിപ്പബ്ലിക്കൻ ആർമി എന്നീട് സംഘനകൾ ചെന്നാണ് ഇവിടെ ആക്രമണങ്ങൾ സംഘടിപ്പിച്ചുവരുന്നത്. പാക് സൈനിക താവളങ്ങൾക്ക് നേരെയാണ് സ്ഥിരമായി ആക്രമണങ്ങൾ ഇവിടെ നടന്നുവരുന്നത്.  

പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീരാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണ് പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യ. പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44 ശതമാനവും ബലൂചിസ്ഥാൻ ആണെങ്കിലും മിക്കവാറും വിജനമായ പ്രദേശങ്ങളാണിവിടെ. പാക് ജനസംഖ്യയുടെ 5% മാത്രമാണ് ഈ പ്രവിശ്യയിൽ വസിക്കുന്നത്.

കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇവിടെ പല വിഘടനവാദ ഗ്രൂപ്പുകളും സജീവമാണ്. അവയിൽ ഏറ്റവും ശക്തമായ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി അഥവാ BLA. ആറായിരം പേരടങ്ങുന്ന ഒരു സായുധ സൈന്യമുണ്ട് ഈ ആർമിക്ക്. 2000 മുതൽ പാകിസ്ഥാന്റെ മണ്ണിൽ നിരന്തരം വിഘടനവാദത്തിന്റെ വിത്തുകൾ പാകുന്നത് ഈ നിരോധിത സംഘടനയാണ്. പാകിസ്ഥാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട് BLA 'യെ. അഫ്ഗാനിസ്ഥാനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് ഈ സംഘടനയ്ക്ക് ശക്തി കൂടുതലുള്ളത്. പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടി പ്രവിശ്യ ഗ്രെയ്റ്റർ ബലൂചിസ്ഥാൻ എന്ന പേരിൽ ഒരു പരമാധികാര രാജ്യമായി പ്രഖ്യാപിക്കപ്പെടണം എന്നാണ് ഇവരുടെ ആവശ്യം. 1973 -77 കാലഘട്ടത്തിലാണ് സ്വതന്ത്ര ബലൂചിസ്ഥാൻ മുന്നേറ്റം നടക്കുന്നത്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് വിപ്ലവ ചിന്താധാരയുടെ സ്വാധീനം തുടക്കം മുതൽ ഈ സംഘടനയിൽ ഉണ്ടായിരുന്നു എന്നതിനാൽ ഇത് എഴുപതുകളുടെ തുടക്കത്തിൽ കെജിബിയുടെ ഉത്സാഹത്തിൽ തുടങ്ങിയ പ്രസ്ഥാനമാണ് എന്നൊരു ആരോപണവുമുണ്ട്. 


മുൻകാലങ്ങളിൽ, BLA നിരന്തരം പാകിസ്ഥാന്റെ മണ്ണിൽ ആക്രമണങ്ങൾ സംഘടിപ്പിച്ചുപോന്നിട്ടുണ്ട്. 2003 മേയിലാണ് ഇത് പരമകാഷ്ഠയിൽ എത്തുന്നത്. മോർട്ടാർ ആണ് അവരുടെ പ്രധാന ആയുധം. പാക് സൈനിക ആസ്ഥാനങ്ങൾക്കു നേരെ മോർട്ടാറുകൾ തൊടുത്തുവിട്ടാണ് അവർ സ്ഥിരമായി ആൾനാശം ഉണ്ടാക്കിവന്നിട്ടുള്ളത്.  2004 -ൽ ഈ പ്രദേശത്ത് നിയുക്തരായ ചൈനീസ് തൊഴിലാളികൾക്ക് നേരെയും BLA ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. അന്ന് 20,000 സൈനികരെ പാകിസ്ഥാൻ പ്രദേശത്തേക്ക് നിയോഗിക്കുകയുമുണ്ടായി. എന്നാൽ, ഈ സൈനിക വിന്യാസത്തിനു ശേഷവും ആക്രമണങ്ങൾ തുടരുക തന്നെ ചെയ്തു. 2005 -ൽ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സന്ദർശന വേളയിൽ തന്നെ BLA  കോലു പ്രവിശ്യയിലെ ഒരു പട്ടാളക്യാമ്പ് ആക്രമിച്ചിരുന്നു. ഈ ആക്രമണത്തെ തുടർന്നാണ് പാകിസ്ഥാൻ BLA 'യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. ആ ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ വിഘടനവാദ വിരുദ്ധ സേനയുടെ പ്രവർത്തനങ്ങൾ കർക്കശമാക്കുകയും BLA 'യുടെ നിരവധി അംഗങ്ങളെ വധിക്കുകയുമുണ്ടായി. ചൈനാ പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ ചൈനീസ് പാകിസ്ഥാൻ സംവിധാനങ്ങളെ സ്ഥിരമായി ആക്രമിക്കുന്ന പതിവും BLA 'യ്ക്കുണ്ട്. 2018 -ൽ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിന്റെ ആക്രമിച്ച് നാലുപേരെ വധിച്ചതിന് പിന്നിൽ ഇവരായിരുന്നു. 

ഇന്ത്യയുമായി ബന്ധമുണ്ടോ ബലൂച് ആർമിക്ക് ? 

പാകിസ്ഥാനിൽ ആര് അധികാരത്തിലേറിയാലും,  ബലൂചിസ്ഥാനിലെ തീവ്രവാദികൾക്ക്  വേണ്ട ഫണ്ടിങ്ങും പരിശീലനവും മറ്റും നൽകുന്നത് ഇന്ത്യൻ ഗവൺമെന്റും വിശിഷ്യാ അതിന്റെ രഹസ്യ ഏജൻസി ആയ റോയും ചേർന്നാണ് എന്നൊരു ആരോപണമാണ് ആദ്യം തന്നെ കേൾക്കാറുള്ളത്. ബലോച്ച് സർദാർമാരായ അസ്‌ലം ബലോച്ച് എന്നറിയപ്പെടുന്ന അച്ചുവും, മാമാ കാദീറും, അക്ബർ ബുഗ്തിയും, ഗോസ്സ് ബക്ഷ് ബിസെഞ്ചോയും ഒക്കെ ഇന്ത്യൻ നേതാക്കളുമായി ബന്ധം പുലർത്തുന്നവരാണ് എന്ന്  കഴിഞ്ഞ വർഷം ജൂലൈയിൽ ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ചില ബലോച് ആർമി നേതാക്കൾ വ്യാജ തിരിച്ചറിയൽ കാർഡുകളുടെ സഹായത്തോടെ ഇന്ത്യയിൽ എത്തി ചികിത്സ തേടി മടങ്ങിയ വിവരവും ആ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.