മധുരയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരെയുള്ള കീഴാടിയില്‍ നടന്ന ഖനനത്തിൽ നിന്നുള്ള കണ്ടെത്തലുകളിലെ കാലഘണന തിരുത്തണമെന്ന എഎസ്ഐയുടെ ആവശ്യം പുരാവസ്തു ഗവേഷകനായ കെ അമര്‍നാഥ് രാമകൃഷ്ണ തള്ളിക്കളഞ്ഞു. ഇതോടെ ആദിദ്രാവിഡ ചരിത്രം വീണ്ടും വാര്‍ത്താ പ്രാധാന്യം നേടി.      


ഹാരപ്പന്‍ നാഗരികതയേക്കാള്‍ പഴക്കമുണ്ട് ദ്രാവിഡ നാഗരികതയ്‌ക്കെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ കീഴാടി ഉദ്ഖനനം വീണ്ടും വിവാദത്തില്‍. മധുരയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരെയുള്ള കീഴാടി എന്ന ഗ്രാമത്തിൽ 2013 മുതല്‍ നടക്കുന്ന പുരാവസ്തു ഉദ്ഖനനമാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. 'കീഴാടി ഉത്ഖനന'ത്തിലെ കണ്ടെത്തലുകള്‍ തിരുത്തണമെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ആവശ്യം ആര്‍ക്കിയോളജിസ്റ്റ് കെ അമര്‍നാഥ് രാമകൃഷ്ണ നിരാകരിച്ചതോടെയാണ് ഈ വിഷയം വീണ്ടും വാര്‍ത്താ പ്രാധാന്യം നേടിയത്. 2017 -ല്‍ കീഴാടി ഉത്ഖനനത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിയോളജിസ്റ്റ് കെ അമര്‍നാഥ് രാമകൃഷ്ണയെ എഎസ്‌ഐ സ്ഥലം മാറ്റിയത് വലിയ വിവാദമായിരുന്നു. അന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഉദ്ഖനനം ഏറ്റെടുക്കുകയുമായിരുന്നു.

2013 മുതൽ 2016 വരെ നടന്ന ഖനനത്തില്‍ നിന്നും ലഭിച്ച പുരാവസ്തുക്കളിൽ നടത്തിയ ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ, 2023 ജനുവരിയിലാണ് 982 പേയ്ജ്‌ വരുന്ന റിപ്പോർട്ട്‌ കെ അമർനാഥ് രാമകൃഷ്ണ ആര്‍ക്കിയോളജി സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) സമർപ്പിക്കുന്നത്. 5,000 വര്‍ഷത്തെ പഴക്കം പറയുന്ന സിന്ധുനദീതടത്തിലെ ഹാരപ്പന്‍ സംസ്‌കാരത്തോട് ഒപ്പമോ അതിനും മുമ്പോ ശക്തിപ്രാപിച്ചിരുന്ന ദ്രാവിഡ നാഗരകിതയാണ് കീഴാടിയിലേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തിരുത്തണമെന്ന് എഎസ്‌ഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഉദ്ഖനനത്തിലെ കാലഘണന കൂടുതല്‍ 'ആധികാരിക'മാക്കണമെന്നാണ് എഎസ്ഐ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉദ്ഖനനത്തില്‍ നിന്നും ലഭിച്ച വസ്തുക്കളുടെ കാലഘണന തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ട് തിരുത്താനാകില്ലെന്നാണ് കെ അമർനാഥ് രാമകൃഷ്ണ, എഎസ്ഐ (പര്യവേഷണ-ഖനന) ഡയറക്ടർ ഹേമസാഗർ എ നായിക്കിന് 2025 മെയ് 23 -ന് നല്‍കിയ മറുപടിയില്‍ അറിയിച്ചത്. 

എന്താണ് കീഴാടിയുടെ ചരിത്രം? 

ശിവഗംഗെ ജില്ലയില്‍ മധുരയ്ക്ക് കിഴക്ക് വൈഗൈ നദി തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കീഴാടി. നാളികേര കര്‍ഷകരേറെയുള്ള ആ ഗ്രാമത്തില്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയത് ചരിത്രാതീതകാലം മുമ്പേയുള്ള ആദിദ്രാവിഡ സംസ്‌കാരത്തിന്‍റെ തെളിവുകള്‍. 2013 മുതല്‍ 2025 വരെ ഇതിനകം പത്തോളം ഉദ്ഖനനങ്ങളാണ് ആദിദ്രാവിഡ ചരിത്രം തേടി, കീഴാടി കേന്ദ്രമാക്കി തമിഴ്നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ സ്ഥലങ്ങളിലായി നടന്നിട്ടുള്ളത്. വൈഗൈ നദീ തീരത്തെ 292 സൈറ്റുകളും ഇതില്‍ ഉൾപ്പെടുന്നു. ഈ ഉദ്ഖനനങ്ങളില്‍ നിന്നായി 13,000 -ല്‍ അധികം പുരാവസ്തുക്കളാണ് കണ്ടെത്തിയത്.

2017 -ല്‍ മിയാമിയിലെ ബീറ്റാ അനലിറ്റിക്കില്‍ നടത്തിയ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ് പഠനത്തില്‍ കീഴാടിയില്‍ നിന്നും ലഭിച്ച വസ്തുക്കളുടെ സാമ്പിളുകള്‍ ബിസിഇ 3 -ാം നൂറ്റാണ്ടിലേതാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് കണ്ടെത്തിയ ചില വസ്തുക്കള്‍ക്ക് ബിസിഇ ആറാം നൂറ്റാണ്ടോളം പഴക്കം നിശ്ചയിക്കപ്പെട്ടു. ആക്‌സിലറേറ്റര്‍ മാസ് സ്‌പെക്ട്രോമെട്രി (എഎംഎസ്) ഡേറ്റിംഗ് അടക്കം നടത്തിയായിരുന്നു ഈ കാലനിര്‍ണ്ണയം. ഇതുവരെയായി ബിസി ആറാം നൂറ്റാണ്ട് മുതല്‍ വിവിധ കാലങ്ങളിലെ നിരവധി വസ്തുക്കള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കരുതിയിരുന്നതില്‍ നിന്നും സംഘ കാലഘട്ടത്തെ 300 - 500 വര്‍ഷം പിന്നിലേക്ക് നയിക്കുന്നതാണ് കീഴാടിയിലെ കണ്ടെത്തല്‍. 800 ബിസിഇ വരെ പഴക്കമുള്ള വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തിയവയില്‍ ഉൾപ്പെടുന്നു. 

ജലസേചനത്തിനുള്ള സങ്കീര്‍ണമായ ടെറാക്കോട്ട പൈപ്പ് ലൈന്‍ മുതല്‍ കൃഷിയും വസ്ത്ര നിർമ്മാണവും ചെയ്തിരുന്ന ആയുധങ്ങൾ നിർമ്മിക്കാന്‍ ഇരുമ്പ് ഉപയോഗിച്ചിരുന്നവരായിരുന്നു വൈഗൈ നദീ തീരത്തെ ആദിമ ദ്രാവിഡ ജനത എന്ന് കണ്ടെത്തലുകൾ തെളിയിക്കുന്നു. ടെറാക്കോട്ട റിംഗുകൾ ഉപയോഗിച്ചുള്ള കിണർ നിർമ്മാണവും ടെറാക്കോട്ടയില്‍ തീര്‍ത്ത സങ്കീർണ്ണമായ ജലസേചന പൈപ്പ് ലൈനുകളും ആദിമദ്രാവിഡ ജനതയുടെ സാമൂഹിക ജീവതത്തെയും സാങ്കേതിക മുന്നേറ്റത്തെയുമാണ് അടയാളപ്പെടുത്തുന്നത്.