ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ വീണ്ടും കനത്ത സംഘർഷം ഉടലെടുത്തിരിക്കുകയാണ്. ഗാൽവൻ താഴ്‌വരയിൽ ഇന്നലെ  രാത്രി നടന്ന സംഘർഷത്തിൽ ഒരു ഓഫീസറും രണ്ടു ജവാന്മാരും അടക്കം മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനയുടെ പക്ഷത്തും സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട് എങ്കിലും, കൃത്യമായ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല.
 
പ്രശ്നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. വെടിവയ്പ് ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ സൈന്യത്തിന്റേതായ ഔദ്യോഗിക  വിശദീകരണം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യ ചൈന അതിർത്തിയിലെ സ്ഥിതി അതീവഗുരുതരമായ അവസ്ഥയിലേക്ക് 1975-ന് ശേഷം എത്തുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. എന്നാൽ, എന്താണ് അതിർത്തിയിൽ സംഭവിച്ചതെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല.  

ഇന്ത്യയും ചൈനയും തമ്മിൽ കഴിഞ്ഞ കുറെ ആഴ്ചകളായി ഗാൽവൻ താഴ്‌വരയിൽ കടുത്ത സംഘർഷങ്ങൾ നടന്നുവരികയാണ്. ഈ സംഘർഷത്തിന് അയവുവരുത്താൻ വേണ്ടി ഇരു പക്ഷവും തമ്മിൽ ചർച്ചകളും നടന്നിരുന്നു. എന്നാൽ, ഇന്നലെ രാത്രി നടന്ന ഈ ഏറ്റുമുട്ടൽ ഇത്രയും ദിവസം നിലനിന്നിരുന്ന സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയിട്ടുണ്ട്.  ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിന് എന്താണ് അടിസ്ഥാനം?  

എവിടെയാണീ  ഗാൽവൻ താഴ്‌വര ?

വിവാദഭൂമിയായ അക്‌സായി ചിൻ പ്രവിശ്യയിലാണ് ഗാൽവൻ താഴ്‌വര സ്ഥിതി ചെയുന്നത്. ഇന്ത്യൻ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്‌സായി ചിനിനും ഇടയിലാണ് ഈ താഴ്‌വര. ഇതിലൂടെയാണ് അക്‌സായി ചിന്നിന് ഇന്ത്യൻ മണ്ണിൽ നിന്ന് അതിരിടുന്ന ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ - Line Of Actual Control - കടന്നുപോകുന്നത്. 

 

 

ഇന്ത്യ ലഡാക്കിന്റെ ഭാഗമായി കണക്കാക്കുന്ന പ്രദേശമാണ് അക്‌സായി ചിൻ. 1962 -ലെ യുദ്ധത്തിന് ശേഷം ഈ പ്രദേശം ചൈന അന്യായമായി കയ്യടക്കി വെച്ചിരിക്കുകയാണ്. ചൈനയുടെ സിൻജിയാങ്ങ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും ഒക്കെ അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ പരിഗണനകളാൽ ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. 1962 -ലെ യുദ്ധസമയത്തും ഇവിടെ കാര്യമായ പോരാട്ടങ്ങൾ നടന്നിട്ടുള്ളതാണ്.

അതിനിർണായകമായ അതിർത്തി മേഖല 

ചൈന കാരക്കോറം ഹൈവേയുമായി ബന്ധിപ്പിച്ച് പാക് അതിർത്തിയോളം ചെല്ലുന്ന ഒരു റോഡുണ്ടാക്കിയതുമായി ബന്ധപ്പെട്ട് 1968 മുതൽക്കേ ഈ പ്രദേശത്ത് തർക്കങ്ങളും സംഘർഷങ്ങളും നടന്നു വരുന്നുണ്ട്. അന്ന് റോഡുണ്ടാക്കിയ ശേഷമാണ് ഇന്ത്യ ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യൻ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുന്നതും അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു അതിനോട് പ്രതികരിച്ച്, നിർമാണത്തെ അപലപിക്കുന്നതും. അന്നുതൊട്ടേ ഇന്ത്യ ചൈന അക്സായി ചിൻ പ്രദേശത്ത് നടത്തിയ കയ്യേറ്റങ്ങളെ അപലപിച്ചുവരുന്നതാണ്.  

 

 

1962 -ലെ യുദ്ധത്തിന് ശേഷം ഇന്ത്യ ചൈനയുമായി ഒരു യുദ്ധത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. യുദ്ധാനന്തരം ഉണ്ടാക്കിയ സമാധാന ഉടമ്പടിയിൽ തർക്കം നിലനിൽക്കുന്ന പ്രദേശത്ത് നിർമാണങ്ങൾ നടത്തില്ലെന്ന് ഉണ്ടായിരുന്നു. പക്ഷേ, ആ ഉടമ്പടിയിൽ ഒപ്പുവെക്കും മുമ്പുതന്നെ ചൈന അവരുടെ ഭാഗത്ത് വേണ്ടനിർമാണങ്ങൾ എല്ലാം നടത്തിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ മണ്ണിൽ ഇന്ത്യ സമാനമായ നിർമാണങ്ങൾ നടത്തുമ്പോഴൊക്കെ ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങൾ ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ കുറെ ആഴ്ചകളായി സ്വന്തം നാടിന്റെ അതിർത്തി കാക്കുന്ന കാര്യത്തിൽ  ഇന്ത്യൻ സൈനികർ തങ്ങളുടെ നിലപാട് കടുപ്പിക്കുന്നതായിട്ടാണ് കാണുന്നത്. ചൈനയോടും പാകിസ്താനോടും നേപ്പാളിനോടും ഒക്കെയുള്ള അതിർത്തിയിലെ സുരക്ഷാ മുൻകരുതലുകൾ വർധിപ്പിച്ചിട്ടുണ്ട് സൈന്യം. അവിടെ നിരീക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അതിർത്തിയിലെ ഇന്ത്യൻ ഭാഗത്ത് അതിനുവേണ്ട സംവിധാനങ്ങളും, അവിടേക്ക് ചെന്നെത്താനുള്ള റോഡുകളും മറ്റും ഇന്ത്യ നിർമിക്കാൻ ഒരുങ്ങിയത്. ഇത്തരം നിർമാണങ്ങളുടെ പേരിലാണ് പലപ്പോഴും ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരുമായി ഇടഞ്ഞിട്ടുള്ളതും.

2013 ഏപ്രിലിൽ ചൈനീസ് സൈനികർ, ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനിപ്പുറം പത്തുകിലോമീറ്റർ കടന്നുവന്ന് ദൗലത് ബേഗ് ഓൾഡി സെക്ടറിൽ ഒരു ക്യാമ്പ്  നിർമിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണിൽ പെട്ടിരുന്നു. അന്ന് ചൈനീസ് സൈന്യം ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചാണ് ക്യാമ്പ് നിർമിക്കാൻ വേണ്ട സാമഗ്രികൾ ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ചു നൽകിയത്. എന്നാൽ അത്തരത്തിൽ ഒരു കടന്നുകയറ്റവും ഉണ്ടായിട്ടില്ല എന്ന് ചൈനീസ് സൈന്യം നിഷേധക്കുറിപ്പിറക്കി അന്ന്. അതിനുശേഷം ആ സംഘർഷ ഭൂമിയിൽ പരസ്പരം മുഖാമുഖം വരുന്ന രീതിയിൽ താത്കാലിക ക്യാമ്പുകൾ, ഇരുപക്ഷത്തുനിന്നും ടെന്റുകൾ ഒക്കെ വരാൻ തുടങ്ങി. അത്തരത്തിൽ ചൈന കെട്ടിയ ഒരു ടെന്റിന്റെ പേരിൽ 2013 മെയിൽ നടന്ന ഒരു ചെറിയ ഉരസൽ നയതന്ത്ര ഇടപെടലിന് ശേഷം സൈനികർ പിൻവാങ്ങിയതോടെ സമാധാനത്തിലെത്തിയിരുന്നു.

ചൈനയുടെ മറ്റു കടന്നുകയറ്റങ്ങൾ 


2014 സെപ്റ്റംബറിലും ഇതുപോലെ അതിർത്തിയിലുള്ള ഡെംചോക് ഗ്രാമത്തിൽ ഇന്ത്യൻ സൈന്യം ഒരു കനാൽ നിർമ്മിക്കുന്നതിനിടെ ചൈനീസ് സൈനികരുമായി ഉരസൽ ഉണ്ടായിരുന്നു. അത് മൂന്ന് ആഴ്ചയോളം നീണ്ടുനിന്നു അന്ന്.  പിന്നീട്, ഇന്ത്യൻ മണ്ണിലേക്ക് 3 കിലോമീറ്ററോളം അതിക്രമിച്ചുവന്ന് ചൈനീസ് സൈന്യം ടെന്റടിച്ചു. അന്നും അതിർത്തിയിൽ സംഘർഷമുണ്ടായിരുന്നു..  അതിനു ശേഷം ഒരു വർഷത്തിനുള്ളിൽ വീണ്ടും വടക്കൻ ലഡാക്കിലെ ബർട്ട്സെയിൽ, പരസ്പരം അംഗീകരിച്ച പട്രോളിംഗ് ലൈനിനോട് ചേർന്ന് ചൈനീസ് സൈന്യം നിർമിച്ച ഒരു വാച്ച് ടവർ ഇന്ത്യൻ സൈനികർ പൊളിച്ചു കളയുകയുണ്ടായി. 2017 ജൂണിൽ ഡോക്ലാമിലും കാര്യമായ സംഘർഷങ്ങൾ ഒരു റോഡുനിർമാണവുമായി ബന്ധപ്പെട്ടുണ്ടായി.

 


ഇങ്ങനെ പലപ്പോഴായി നിരന്തരം ചൈനീസ് പക്ഷത്തുനിന്ന് പ്രകോപനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു അതിർത്തിപ്രദേശമാണ് ലഡാക്കിലെ ഗാൽവൻ താഴ്‌വര. അവിടെയാണ് തിങ്കളാഴ്ച രാത്രിയിൽ ഇരുപക്ഷത്തും ആൾനാശമുണ്ടാകുന്ന രീതിയിൽ സംഘർഷം ഉടലെടുത്തിട്ടുള്ളത്. അക്‌സായി ചിൻ ഭാഗത്ത് ചൈനീസ് സൈന്യത്തിന് ശക്തമായ സാന്നിധ്യമുണ്ട് എന്നതാണ് ഇടക്കിടെ അവിടെ പ്രകോപനങ്ങൾ ഉണ്ടാക്കാൻ അവർക്ക് ധൈര്യം നൽകുന്ന ഒരു വസ്തുത.

എന്നാൽ, കൊവിഡ് മഹാമാരിക്ക് ശേഷം  അമേരിക്കയും, യുകെയും, ജർമ്മനിയും അടക്കമുള്ള ഒരു വിധം എല്ലാ ലോകരാജ്യങ്ങളും തങ്ങൾക്കെതിരായ മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ഇങ്ങനെ ഒരു പ്രകോപനം ചൈനീസ് പക്ഷത്തുനിന്നുണ്ടായത് ഏറെ ദുരൂഹമാണ്.  എന്തായാലും, തല്ക്കാലം ഇരുപക്ഷത്തുമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ പ്രദേശത്തെത്തി സംഘർഷത്തിന് അയവുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് ഗാൽവൻ താഴ്‌വരയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.