പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെട്ട അന്ന് മുതൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പ്രതിഷേധാഗ്നിയിൽ എരിഞ്ഞു പുകയുകയാണ്. തങ്ങൾക്ക് ദോഷകരമാണ് ആ നിയമഭേദഗതി എന്നാക്ഷേപിച്ചുകൊണ്ട്, അത് റദ്ദാക്കണം എന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. എന്നാൽ, അതോടൊപ്പം, ഒന്നിന് പിന്നാലെ ഒന്നായി എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തങ്ങൾക്ക് അനുവദിച്ചു കിട്ടണം എന്നാവശ്യപ്പെടുന്ന ഒന്നുണ്ട്, അതാണ് ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐ എൽ പി. പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ അസമിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. പ്രതിഷേധക്കാരിൽ രണ്ടുപേർക്ക് ജീവാപായമുണ്ടായി. അക്രമം ത്രിപുരയിലേക്കും, മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. 

ഇന്നർ ലൈൻ റെഗുലേഷൻസ് അഥവാ ഇന്നർ ലൈൻ പെർമിറ്റ് സിസ്റ്റം എന്നത് വടക്കു കിഴക്കൻ ഇന്ത്യയിലെ ( ഇന്നത്തെ അരുണാചൽ പ്രദേശ്, നാഗാലാ‌ൻഡ്, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലെ) ഗോത്രവർഗ ജനതയെ അധിനിവേശങ്ങളിൽ നിന്ന് രക്ഷിച്ചുനിർത്താൻ വേണ്ടി 1873 -ലെ ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ മുഖാന്തരം അനുവദിക്കപ്പെട്ട ഒരു പ്രത്യേക സംരക്ഷണമാണ്. മേൽപ്പറഞ്ഞ ഗോത്രവർഗ ജനതകൾ പരമ്പരാഗതമായി പാർത്തുപോരുന്ന പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർത്ത് അവരുടെ സ്വൈരജീവിതത്തിന് ആരും തന്നെ ഭംഗം വരുത്താതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു പെർമിറ്റ് സംവിധാനം കൊണ്ടുവന്നത്. അന്നത്തെ ഈ നിയമപരിരക്ഷയ്ക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കിട്ടിയ അംഗീകാരമാണ് 1958 -ലെ ദ ഫോറിനേഴ്സ് (പ്രൊട്ടക്ടഡ് ഏരിയാസ്) ഓർഡർ. 1946 -ലെ ഫോറിനേഴ്സ് ആക്ടിന്റെ പരിഷ്കരമായിരുന്നു 1958 -ലേത്. അതാണ് ജമ്മുകശ്മീരിൽ തുടങ്ങി മിസോറാമിൽ അവസാനിക്കുന്ന ഒരു ഇന്നർ ലൈൻ അഥവാ ആന്തരിക രേഖ ഇന്ത്യൻ ഭൂപടത്തിൽ നിർവചിക്കുന്നത്. ഇത് ഒരു വിദേശി സന്ദർശകന് ഇന്ത്യൻ വിസയുടെ പിൻബലത്തിൽ സന്ദർശിക്കാവുന്ന പരമാവധി പരിധിയായി നിർവ്വചിക്കപ്പെട്ടു. അതിനപ്പുറത്തേക്ക് കടക്കണം എന്നുണ്ടെങ്കിൽ ഇന്നർ ലൈൻ പെർമിറ്റ് എന്നൊരു രേഖ വേണമെന്ന് നിബന്ധന വന്നു. 

അന്ന് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻവേണ്ടി മാത്രമായിരുന്നു എങ്കിലും, ഇന്ന് അത് പുതിയ മാനങ്ങൾ ആർജ്ജിച്ചിട്ടുണ്ട്. മണിപ്പൂരിനെക്കൂടി ഇന്നർ ലൈൻ പെർമിറ്റിന്റെ പരിധിയിൽ കൊണ്ടുവരാൻ കാലങ്ങളായി ആവശ്യമുയരുന്നുണ്ടായിരുന്നു. ഇത്തവണ പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടുനടന്ന തർക്കങ്ങൾക്കിടെയാണ് അമിത് ഷാ അത് അംഗീകരിക്കുന്നത്. പൗരത്വ നിയമത്തിന്റെ ഭേദഗതിയുടെ പരിധിയിൽ നിന്ന് ഇന്നർ ലൈൻ പെർമിറ്റ് ബാധകമായ സംസ്ഥാനങ്ങളെ ഒഴിവാക്കും എന്നതാണ് ഇപ്പോൾ ഇന്നർ ലൈൻ പെർമിറ്റിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കെല്ലാം വേണ്ട ഒരു കനിയാക്കി മാറ്റിയത്. ഇപ്പോൾ വടക്കു കിഴക്കൻ പ്രവിശ്യയിലെ ഏഴിൽ നാല് സംസ്ഥാനങ്ങളും ഐഎൽപിയുടെ പരിധിയിലാണ്. അത് നൽകാതെ പോയ മേഘാലയ, സിക്കിം, അസം തുടങ്ങിയ ശേഷിക്കുന്ന സംസ്ഥാനങ്ങളും തങ്ങൾക്ക് ഐ എൽ പി ബാധകമാക്കണം, അതുവഴി പൗരത്വ ഭേദഗതിയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 

എന്തൊക്കെയാണ് ഇന്നർ ലൈൻ പെർമിറ്റിന്റെ വ്യവസ്ഥകൾ 

ഇന്നർ ലൈൻ പെർമിറ്റ് എന്നത് ഒരു യാത്രാരേഖയാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർ മേൽപ്പറഞ്ഞ നാല് ഐഎൽപി സംസ്ഥാനങ്ങളിലേക്കും, അതായത് അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാ‌ൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുകയോ, അവിടെ ജീവിക്കാൻ  താത്പര്യപ്പെടുകയോ ചെയ്‌താൽ അവർക്ക് അതാതു സംസ്ഥാനങ്ങളിലെ ഗവൺമെന്റുകൾ ഒരു പ്രത്യേക കാലയളവിലേക്ക് അങ്ങനെ ചെയ്യാനുള്ള അനുമതി നല്‍കും. ആ അനുമതി നിര്‍ബന്ധവുമാണ്. അതാണ് ഈ പെർമിറ്റ്. ഈ പെർമിറ്റിന് സംസ്ഥാന അതിർത്തികളിൽ നേരിട്ടോ, അല്ലെങ്കിൽ ഓൺലൈൻ വഴിയോ ഒക്കെ അപേക്ഷിക്കാവുന്നതാണ്. വിനോദസഞ്ചാരികൾക്കും, താമസമാക്കാൻ ഉദ്ദേശിക്കുന്നവർക്കും, തൊഴിലെടുക്കാൻ പോകുന്നവർക്കും ഒക്കെ വെവ്വേറെ ഐഎൽപി എന്നതാണ് സങ്കൽപം. 

ഇന്നർ ലൈൻ പെർമിറ്റും പൗരത്വ നിയമ ഭേദഗതിയും തമ്മിലുള്ള ബന്ധം 

ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന പൗരത്വ നിയമഭേദഗതി പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന്, 2014 ഡിസംബർ 31 -നു മുമ്പ്  ഇന്ത്യയിൽ   എത്തിയിരിക്കുന്ന ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, കൃസ്ത്യൻ വിഭാഗങ്ങളിലെ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വത്തിന്  അപേക്ഷിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്. ഇന്ത്യയിൽ മറ്റെല്ലായിടത്തും പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നത് ഈ ഭേദഗതി മുസ്ലിങ്ങൾക്ക് മറ്റുമതസ്ഥർക്ക് നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്ന പേരിലാണെങ്കിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അത് മേൽപ്പറഞ്ഞ സൗജന്യം ഹിന്ദുക്കൾക്ക് കൊടുക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ്. ഒരു കണക്കിന് പറഞ്ഞാൽ പൗരത്വ നിയമ ഭേദഗതി 2019 എന്നത് ഇന്നർ ലൈൻ പെർമിറ്റ് സിസ്റ്റത്തിന് വിരുദ്ധമാണ്. പൗരത്വ നിയമ ഭേദഗതി ബില്ലിന്റെ അന്തിമരൂപത്തിൽ പറഞ്ഞത് ഇന്നർ ലൈൻ പെർമിറ്റ് ഉള്ളിടങ്ങളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ല എന്നാണ്. 

അസമിൽ പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി വൻതോതിൽ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. 1979 -ൽ തുടങ്ങി ആറുവർഷം നീണ്ടുനിന്ന അസം കലാപത്തിന് ശേഷം ഗുവാഹത്തിയിലെ നിരത്തുകളിൽ ഇത്ര വലിയൊരു പ്രക്ഷോഭം ഇതാദ്യമാണ്. അന്ന് തെരുവുകളിൽ കലാപം നയിച്ച യുവാക്കളിൽ പലരും ഇന്ന് വൃദ്ധരാണ്. ഇന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമായ പ്രകടനങ്ങളുടെ അകമ്പടിയോടെ തെരുവുകൾ രണഭൂമികളാക്കിനടത്തുന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന പലരും അന്ന് ജനിച്ചിട്ടുപോലുമില്ല. പഴയ അസം കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ, വേണ്ടപ്പെട്ടവരുടെ ജീവൻ നഷ്ടമാകുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നവർ ഒന്നടങ്കം പറയുന്നത് ഇനിയൊരു കലാപം കൂടി അസമിന് താങ്ങാനാവില്ല എന്നാണ്. 

അസമിൽ ഈ പ്രശ്നം ഇത്രകണ്ട് പുകയാൻ കാരണങ്ങൾ പലതുണ്ട്. ഒന്നാമത്, അസം സ്വദേശികളുടെ ആത്മാഭിമാനത്തിനുമേല്‍ അടിച്ചിറക്കപ്പെട്ട അവസാനത്തെ ആണിയാണ് പൗരത്വ നിയമത്തിന്റെ ഈ ഭേദഗതി. AASU, കൃഷക് മുക്തി സംഗ്രാം സമിതി, അസോം ജാതീയതാബാദി യുവ ഛാത്ര പരിഷദ്, തുടങ്ങി പ്രാദേശികമായി പ്രവർത്തിച്ചുപോരുന്ന എല്ലാ സംഘടനകളും പൗരത്വനിയമ ഭേദഗതിക്കെതിരെ ഉന്നയിക്കുന്ന പ്രധാന വിമർശനം ഒന്നുതന്നെയാണ്. അത് 1985 -ൽ കേന്ദ്രസർക്കാരും അസമിലെ ജനതയും തമ്മിൽ ഒപ്പുവെച്ച അസം ഉടമ്പടിയുടെ നഗ്നമായ ലംഘനമാണ് എന്നതുതന്നെ. അസം ഉടമ്പടി മതപരിഗണനകൾക്ക് അതീതമായി അസം ജനതയുടെ ആവശ്യങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട് എത്തിയ ഒരു പരസ്പര ധാരണയായിരുന്നു. അതിനെ ഏകപക്ഷീയമായി ഇങ്ങനെ ലംഘിക്കുന്നത് രാഷ്ട്രീയമര്യാദകൾക്ക് കടകവിരുദ്ധമാണ് എന്നാണ് സംഘടനകളുടെ ആക്ഷേപം. അസമിലെ ജനത മാത്രമാണ് പൗരത്വത്തിന്റെ കാര്യത്തിൽ ത്യാഗം സഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റുള്ള പ്രദേശങ്ങൾക്കെല്ലാം 1948 എന്ന വർഷം ഒരു കട്ട് ഓഫ് ഇയർ ആയിരിക്കെ അസമിന്റെ കാര്യത്തിൽ മാത്രം അത് 1971 ആണ്. 23  വർഷത്തെ അധികബാധ്യത തന്ന,  ഈ വിവേചനപരമായ സമീപനം പോലും സ്വീകരിച്ചുകൊണ്ടാണ് 1985-ൽ ഉടമ്പടിയിൽ എത്തിച്ചേർന്നത്. അതിനെ മാനിക്കാത്ത പുതിയ നിയമഭേദഗതി അസമിലെ ജനങ്ങൾ തള്ളുന്നു എന്ന് ഈ സംഘടനകൾ അഭിപ്രായപ്പെട്ടു. 

പൗരത്വനിയമത്തിന്റെ ഭേദഗതി നടപ്പിലായി ഹിന്ദു കുടിയേറ്റക്കാർക്കുകൂടി നിയമസാധുത ലഭിക്കുന്നതോടെ തങ്ങളുടെ സംസ്ഥാനം കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശമായി മാറുമോ എന്നതാണ് അസമിലെ തദ്ദേശീയരുടെ പ്രധാന ഭീതി. NRC -യിൽ നിന്ന് ഒഴിവാക്കപ്പെട്ട ഈസ്റ്റ് ബംഗാൾ ഹിന്ദു കുടിയേറ്റക്കാർ, പൗരത്വനിയമഭേദഗതിയുടെ പേരിൽ ആനുകൂല്യം കിട്ടി ഇന്ത്യൻ പൗരന്മാരാകാൻ ഇരിക്കുന്നവർ ഏറിവന്നാൽ അഞ്ചുലക്ഷം പേർ മാത്രമാണ് എന്നാണ് ബിജെപി പറയുന്ന ന്യായം. അത് അസമിന്റെ ഡെമോഗ്രഫിയിൽ പ്രകടമായ മാറ്റവുമുണ്ടാക്കാൻ പോന്നതല്ല എന്നതും. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ അസമിലുള്ളവർ തയ്യാറല്ല. ഇന്നർ ലൈൻ പെർമിറ്റിന്റെ പരിരക്ഷ തങ്ങൾക്കും നൽകണം എന്നാണ് ഇപ്പോൾ അവർ പറയുന്നത്. അതുതന്നെയാണ് സിക്കിം, മേഘാലയ എന്നിവിടങ്ങളിലെ സംഘടനകളുടെയും ആവശ്യം. മേഘാലയ സർക്കാർ ഇക്കാര്യത്തിൽ നിയമസഭയിൽ ഒരു പ്രമേയം വരെ പാസ്സാക്കിക്കഴിഞ്ഞു. 

238 ഗോത്രങ്ങളുണ്ട് വടക്കു കിഴക്കേ ഇന്ത്യയിൽ. അവിടേക്കുള്ള ബംഗാളി വംശജരുടെ കുടിയേറ്റം പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്. അതിന്റെ പേരിൽ നിരവധി സായുധ സംഘർഷങ്ങളും മുമ്പുണ്ടായിട്ടുണ്ട്. നോർത്ത് ഈസ്റ്റേൺ സ്റ്റുഡന്റസ് ഓർഗനൈസേഷൻ (NESO)  എന്നൊരു സംഘടന ഏഴ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികളുടെ ഒരു പൊതുസംഘടനയാണ്. മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെക്കാൾ വിദ്യാർത്ഥി സംഘടനകൾക്ക് പൊതുജനങ്ങൾക്കിടയിൽ സ്വാധീനം ഏറെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒന്നടങ്കം തങ്ങളെ പൗരത്വ നിയമത്തിന്റെ ഭേദഗതിയിൽ നിന്ന് തങ്ങളെ ഒഴിവാക്കണം, ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം കൊണ്ടുവരണം എന്ന ആവശ്യം ഉന്നയിക്കുമ്പോൾ, അവശേഷിക്കുന്ന മൂന്നു സംസ്ഥാനങ്ങളുടെ കാര്യത്തിൽ, വിശേഷിച്ച് അമ്പത് ലക്ഷത്തിലധികം അഭയാര്‍ത്ഥികളുള്ള അസമിന്റെ കാര്യത്തിൽ കേന്ദ്രം എന്ത് നയമാകും സ്വീകരിക്കുക എന്നത് രാജ്യം ജിജ്ഞാസയോടെ നിരീക്ഷിക്കുന്ന ഒന്നാണ്.