Asianet News MalayalamAsianet News Malayalam

കൗമാരക്കാരികളുടെ മാതാപിതാക്കളുടെ ശ്രദ്ധക്ക്..

തികച്ചും അപ്രതീക്ഷിതമായ അത്തരം സാഹചര്യത്തിൽ ഒന്നു പൊട്ടിത്തെറിക്കുകയോ ശകാരിക്കുകയോ സ്വാഭാവികമാണ്. എന്നാൽ, അത് കഴിഞ്ഞ് ശാന്തത വീണ്ടെടുത്ത് സംയമനത്തോടെ അവളോട് സംസാരിച്ച് അവളുടെ വിശ്വാസം ആർജിച്ച് എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് ചോദിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

what will people say the movie and some matters
Author
Thiruvananthapuram, First Published Apr 11, 2019, 2:14 PM IST

നിങ്ങൾക്ക് പതിനാലിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള ഒരു മകൾ ഉണ്ടെന്നിരിക്കട്ടെ. അവൾ കാണാൻ തരക്കേടില്ലാത്തവളും അത്യാവശ്യം ശരീരവളർച്ചയുള്ളവളും ആണെന്നു വയ്ക്കുക. ഒരുപക്ഷെ, വേറെയും ഒന്നോ രണ്ടോ മക്കൾ ഉണ്ടാവാം നിങ്ങൾക്ക്. ഒരു ദിവസം രാത്രി യാദൃച്ഛികമായി അവളുടെ കിടപ്പുമുറിയിൽ പ്രവേശിച്ച നിങ്ങൾ അവളോടൊപ്പം ഒരു ആൺ സുഹൃത്തിനെക്കണ്ടു എന്നിരിക്കട്ടെ. എന്താവും നിങ്ങളുടെ പ്രതികരണം?

what will people say the movie and some matters

1. എടീ എന്ന് ഒരലർച്ച കയ്യിൽ കിട്ടുന്നതുകൊണ്ടോ കൈകൊണ്ടു തന്നെയോ അവളെ തലങ്ങും വിലങ്ങും അടിക്കുക, മുടിക്കുകുത്തിപ്പിടിച്ചു നിലത്തിട്ടു ചവിട്ടുക, നിങ്ങൾ പുരുഷനാണെങ്കിൽ ആ പയ്യനെ നിങ്ങളുടെ ആരോഗ്യം അനുവദിക്കുന്ന തരത്തിൽ മർദ്ദിച്ചവശനാക്കുക, ഭാര്യയെ അലറിവിളിച്ച് മകളെ വളർത്തി വഷളാക്കിയതിന്റെ സ്തുതിഗീതങ്ങൾ പാടുക, എന്നിങ്ങനെ പോകും അത് സ്ത്രീയാണെങ്കിൽ മകളെ 'കൈകാര്യം' ചെയ്യുകയും പ്രാകുകയും ചെയ്തതിനു ശേഷം ഭർത്താവിനെ വിളിച്ചു വരുത്തി അവനെ ഒരു പരുവമാക്കിക്കുക.

അവളുടെ ഫോൺ നശിപ്പിച്ചിട്ടോ മാറ്റി വച്ചിട്ടോ ഉണ്ടാകും

2. അന്തം വിട്ടു നിൽക്കുക, അലച്ചു നിലവിളിക്കുക തുടർന്ന് 1 ലെ കാര്യങ്ങൾ ഭാഗികമായോ പൂർണ്ണമായോ നിർവ്വഹിക്കുക.

3. പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് അടിയന്തിരമായി TC വാങ്ങുന്നു. അവളെ വളരെ ദൂരെ വല്ല മലമൂട്ടിലോ അന്യസംസ്ഥാനത്തോ ഉള്ള അകന്ന ബന്ധുക്കളുടെയോ മറ്റോ വീട്ടിലോ കോൺവെന്‍റിലോ ആക്കുന്നു. രണ്ടിടത്തായാലും ശരീരം മുഴുവൻ കണ്ണും കാതുമുള്ള ഒരു കുതന്ത്രക്കാരിയെ അവളുടെ മേൽനോട്ടം ഏല്പിച്ചിരിക്കും.

ഒരു യാത്ര പോകാം നിനക്കും ഒരു ചേഞ്ച് ആവട്ടെ എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചാകും പെൺകുട്ടിയെ യാത്രയ്ക്ക് കൂട്ടിയിട്ടുണ്ടാവുക. അമ്മ അവളുടെ കുറേ വസ്ത്രങ്ങൾ ഒരു ട്രാവൽ ബാഗിൽ കുത്തിനിറച്ചിട്ടുണ്ടാകും. അവളുടെ ഫോൺ നശിപ്പിച്ചിട്ടോ മാറ്റി വച്ചിട്ടോ ഉണ്ടാകും. ഉദ്ദേശിച്ച സ്ഥലത്ത് എത്തി ഉത്തരവാദപ്പെട്ടവർക്ക് തന്നെ ഏല്പിച്ചു കൊടുക്കുമ്പോഴാകും അവൾ അമ്പരപ്പോടെ അവിശ്വസനീയതയോടെ തികഞ്ഞ നിസ്സഹായതയോടെ കാര്യം മനസ്സിലാക്കുന്നത്. ചേമ്പിലയിൽ വീണ വെള്ളത്തുള്ളി പോലെ ആ കടുത്ത തീരുമാനം അവളെ സ്പർശിക്കാതെ അവളിൽ തങ്ങിനിൽക്കും.

ഒരു പെൺകുട്ടിയുടെ (അത് നിങ്ങളുടെ മകളാവാം വിദ്യാർഥിനിയാവാം) കൂടെ ഒരാണിനെക്കണ്ടാൽ അത് രാത്രിയോ അപ്രതീക്ഷിത സമയങ്ങളിലോ ആണെങ്കിൽ മുതിർന്നവർ (മാതാപിതാക്കൾ, അധ്യാപകർ ) കണ്ണടച്ചു തുറക്കും മുൻപ് ഒരു നിഗമനത്തിലെത്തിയിരിക്കും. അവർ തമ്മിൽ സെക്സ് നടന്നിട്ടുണ്ട് എന്നതാണ് അത്.

നടന്നാലും നടന്നില്ലെങ്കിലും അവർ അത് തീരുമാനിച്ചു കഴിഞ്ഞു. ആൺകുട്ടി രാത്രി കിടപ്പുമുറിയിൽ ഒളിച്ചു വന്നത് ഫിസിക്സിന്റെ പ്രോബ്ളം ചെയ്യാനോ ഇക്കണോമിക്സിന്റെ സെമിനാർ ഡിസ്കസ് ചെയ്യാനോ അല്ല എന്ന് നമുക്കറിയാം. (അഥവാ ആണെങ്കിൽത്തന്നെ അത് വിശ്വസിക്കാൻ മാത്രം നന്മയുള്ളവർ നമ്മളിലാരും തന്നെ ഉണ്ടാവില്ല.)

ആ കുട്ടി തന്റെ നടപടിയുടെ ഗൗരവം മനസ്സിലാക്കി പിന്തിരിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

പക്ഷെ ആൺ-പെൺ സൗഹൃദങ്ങളിൽ ലൈംഗികതയ്ക്കുമപ്പുറത്ത് എന്തെങ്കിലുമൊക്കെ ഉണ്ടായേക്കാം എന്ന സാധ്യതയെ പാടേ തള്ളിക്കളഞ്ഞുകൂടാ. അത്തരം കടുത്ത നിലപാടുകൾ എടുത്തുചാടിയുള്ള തീരുമാനങ്ങൾ എതിർപക്ഷത്തെ (ഉറപ്പായും ഇതിനോടകം അച്ഛനമ്മമാർ മകളെ തങ്ങളുടെ ശത്രുവായി നിശ്ചയിച്ചു കഴിഞ്ഞിരിക്കും) കേൾക്കാനുള്ള സഹിഷ്ണുതയില്ലായ്മ, നാടുകടത്തൽ, ശാരീരിക ശിക്ഷാനടപടികൾ, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കൽ, പട്ടിണിക്കിടൽ... ഇതേതെങ്കിലും കൊണ്ട് ആ കുട്ടി തന്റെ നടപടിയുടെ ഗൗരവം മനസ്സിലാക്കി പിന്തിരിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

തികച്ചും അപ്രതീക്ഷിതമായ അത്തരം സാഹചര്യത്തിൽ ഒന്നു പൊട്ടിത്തെറിക്കുകയോ ശകാരിക്കുകയോ സ്വാഭാവികമാണ്. എന്നാൽ, അത് കഴിഞ്ഞ് ശാന്തത വീണ്ടെടുത്ത് സംയമനത്തോടെ അവളോട് സംസാരിച്ച് അവളുടെ വിശ്വാസം ആർജിച്ച് എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് ചോദിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

സെക്സ് നടന്നെങ്കിൽ നടന്നു എന്ന് ഭയപ്പെടാതെ പറയാവുന്ന ഒരവസ്ഥ നിങ്ങളായി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അന്യരുടെ മക്കളുടെ കാര്യത്തിൽ എളുപ്പമായേക്കാവുന്ന ഇക്കാര്യം സ്വന്തം മകളുടെ കാര്യത്തിൽ അത്ര സുഗമമാവില്ല. മാനസികമായി പലവട്ടം തയ്യാറാകേണ്ടതുണ്ട് അതിന്. സോഷ്യൽ കണ്ടീഷനിംഗ് നമ്മെ അത്തരത്തിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്ന. പഴകിത്തേഞ്ഞ ആ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യേണ്ട കാലം എന്നേ അതിക്രമിച്ചു!

ഒരു നല്ല ഗൈനക്കോളജിസ്റ്റിനെക്കണ്ട് വേണ്ട ഉപദേശം തേടുക എന്നതാണ് അടുത്ത നടപടി. 18 വയസ്സ് പൂർത്തിയാകുന്ന അന്ന് അവനെക്കൊണ്ട് വിവാഹം ചെയ്യിക്കും എന്ന കടുത്ത തീരുമാനം നിങ്ങളായി എടുക്കുകയോ പക്വതയില്ലാത്ത പ്രായത്തിൽ സംഭവിച്ചു പോയ കാര്യത്തിന് അതാണ് ഏക പരിഹാരം എന്ന മൂഢധാരണ അവളിൽ അടിച്ചേല്പിക്കുകയോ അരുത്. അതിന് ഇനിയും എത്രയോ സമയം കിടക്കുന്നു.

നിങ്ങളുടെ അപക്വമായ തീരുമാനങ്ങൾ മക്കളെ എവിടെക്കൊണ്ടെത്തിക്കും

നാമിപ്പോൾ ജീവിക്കുന്ന സമൂഹം ഇത്തരം ബന്ധങ്ങളെ ആരോഗ്യകരമായി നോക്കിക്കാണില്ലെന്ന് അവളെ ധരിപ്പിക്കുക. അവനവന്റെ ശരീരത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വേണ്ടത്ര പരിചയവും പക്വമായ ധാരണയും ആർജിക്കുന്നതുവരെ ഇത്തരം അബദ്ധങ്ങൾ പിണയാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാവുന്നതാണ്. ആവശ്യമെങ്കിൽ ഒരു പ്രൊഫഷണലിന്റെ സഹായം തേടുകയുമാവാം. വളരെ ശ്രദ്ധയോടെ വേണം ആളെ തെരഞ്ഞെടുക്കാൻ. 

ഇത്രയും എഴുതാൻ പ്രചോദനമായത്, what will people Say എന്ന നോർവീജിയൻ ചലച്ചിത്രമാണ്. എല്ലാ മാതാപിതാക്കളും കൗമാരപ്രായക്കാരുടെ അധ്യാപകരും കണ്ടിരിക്കേണ്ട ചിത്രം. നിങ്ങളുടെ അപക്വമായ തീരുമാനങ്ങൾ മക്കളെ എവിടെക്കൊണ്ടെത്തിക്കും എന്ന് കണ്ണു തുറന്നു കാണൂ. മാതാപിതാക്കളുടെ സോഷ്യൽ കണ്ടീഷനിംഗിന്റെ ഇരയായ ഒരു മകളുടെ ദുരന്തം!!!

Follow Us:
Download App:
  • android
  • ios